Connect with us

National

ഗോവയിലെ ഗ്രാമത്തില്‍ പരസ്യ ചുംബനം നിരോധിച്ചു

Published

|

Last Updated

പനാജി: ഗോവയിലെ സല്‍വദോര്‍ ഡോ മുണ്ടോ ഗ്രാമത്തില്‍ പരസ്യ ചുംബനം നിരോധിച്ചു. പ്രദേശവാസികള്‍ക്ക് നാണക്കേടുണ്ടാക്കുന്ന പരസ്യ ചുംബനങ്ങളും മറ്റ് ആഭാസങ്ങളും വ്യാപകമായ പശ്ചാത്തലത്തിലാണ് തലസ്ഥാനമായ പനാജിയോട് ചേര്‍ന്നുള്ള സല്‍വദോര്‍ ഡോ മുണ്ടോ ഗ്രാമത്തില്‍ നിരോധം ഏര്‍പ്പെടുത്തിയത്. വിനോദ സഞ്ചാരികള്‍ വന്‍തോതില്‍ എത്തുന്ന ഈ ഗ്രാമത്തിലെ പ്രദേശവാസികളുടെ അപേക്ഷയെ തുടര്‍ന്ന് ഗ്രാമപഞ്ചായത്താണ് ഈ തീരുമാനമെടുത്തതെന്ന് ഗ്രാമത്തിലെ ഡെപ്യൂട്ടി സര്‍പഞ്ച് റീന ഫെര്‍ണാണ്ടസ് പറഞ്ഞു. ഗ്രാമത്തിന്റെ സംസ്‌കാരത്തിന് വിരുദ്ധമായ നിരവധി കാര്യങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നും റീനാ ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു. “ഗ്രാമത്തിലെത്തുന്നവര്‍ ജാഗ്രതൈ” എന്ന് കാണിച്ച് ഗ്രാമാതിര്‍ത്തിയില്‍ സ്ഥാപിച്ച ബാനര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇവിടെ പരസ്യമായി ചുംബിക്കുന്നതും മദ്യപിക്കുന്നതും ഉച്ചത്തില്‍ പാട്ടുകള്‍ വെക്കുന്നതും കര്‍ക്കശമായ നിരോധിച്ചിരിക്കുന്നു എന്നാണ് ബാനറില്‍ ഉള്ളത്. ബാനറിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്ബുക്കില്‍ കമന്റുകളുടെ വേലിയേറ്റമാണ്. ഈ നിരോധം വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട ഭീകരതയെന്ന് ചിലര്‍ വാദിക്കുമ്പോള്‍ പ്രദേശവാസികള്‍ അനുഭവിക്കുന്നതാണ് ഭീകരമെന്ന് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ ബീച്ചുകളില്‍ അഭാസകരമായ രീതിയിലുള്ള വസ്ത്രം നിരോധിക്കണമെന്ന് ബി ജെ പി സര്‍ക്കാറിലെ ചില മന്ത്രിമാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.