Connect with us

Palakkad

അടുത്തമാസം മുതല്‍ റേഷന്‍ കടയിലൂടെ ആട്ടയും പഞ്ചസാരയും വില്‍ക്കില്ലെന്ന്

Published

|

Last Updated

പാലക്കാട്: ഏപ്രില്‍മുതല്‍ പഞ്ചസാരയും ആട്ടയും എടുക്കുന്നതും വില്‍ക്കുന്നതും നിര്‍ത്തുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമിതിയോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരിന്റെ അധ്യക്ഷതയില്‍ പാലക്കാട്ടുചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജനവരിമുതല്‍ റേഷന്‍കടകളില്‍ നേരിട്ട് സാധനങ്ങള്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.
മാര്‍ച്ച് ആയിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയുമുണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഇക്കാര്യം സര്‍ക്കാരിനെ രേഖാമൂലം അറിയിക്കും. റേഷന്‍കാര്‍ഡ് പുതുക്കലിന്റെ ഫോട്ടോക്യാമ്പുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് റേഷന്‍വ്യാപാരികള്‍ക്ക് ഏഴരക്കോടിയോളം രൂപ ചെലവുവന്നിട്ടുണ്ട്. ഇത് അനുവദിച്ചുതരാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.
ഫോട്ടോക്യാമ്പുകളുടെ നടത്തിപ്പിന് ഹാള്‍ ഏര്‍പ്പെടുത്തിയതിനും പന്തലിനും മറ്റുമായി ഒരു റേഷന്‍വ്യാപാരിക്ക് 3,000 രൂപമുതല്‍ 7,000 രൂപവരെ ചെലവായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്താത്തതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ആയിരം കോടിയോളംരൂപ ചെലവ് വേണ്ടിടത്ത് ഒരുപൈസപോലും വകയിരുത്താത്തത് പ്രതിഷേധാര്‍ഹമാണ്. റേഷന്‍വ്യാപാരികളുടെ വേതനം കൂട്ടുന്നതിലോ റേഷന്‍കടകളുടെ കമ്പ്യൂട്ടര്‍വത്കരണവുമായി ബന്ധപ്പെട്ടോ ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകമാണെന്നും യോഗം വിലയിരുത്തി.
അസോസിയേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ടി മുഹമ്മദാലി, നേതാക്കളായ കെ എം മീരാന്‍, ജോണ്‍സണ്‍ വിളവിനാല്‍, സി വി മുഹമ്മദ്, നൗഷാദ് പാറക്കാടന്‍, ശിശുപാലന്‍, നാരായണന്‍നമ്പ്യാര്‍, ടി ഡി പോള്‍, റഹിം കൊല്ലം, കെ —എം അബ്ദുള്‍സത്താര്‍, കെ രാധാകൃഷ്ണന്‍ ഒറ്റപ്പാലം സംസാരിച്ചു.