Connect with us

National

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി 34 മരണം: നിരവധി പേര്‍ക്ക് പരിക്ക്‌

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി മുപ്പത്തിനാല് മരണം. നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഡെറാഡൂണ്‍- വാരാണസി ജനതാ എക്‌സ്പ്രസിന്റെ എന്‍ജിനും അതിനോട് ചേര്‍ന്നുള്ള രണ്ട് കമ്പാര്‍ട്ട്‌മെന്റുകളുമാണ് പാളം തെറ്റിയത്. ബച്ച്‌റാവന്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ രാവിലെ 9.10 ഓടെയാണ് അപകടം. മരണസംഖ്യ 34 ആയതായി ഉത്തര്‍പ്രദേശ് മന്ത്രി മനോജ്കുമാര്‍ പാണ്ഡെ സ്ഥിരീകരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ബ്രേക്ക് സംവിധാനം തകരാറിലായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബച്ച്‌റാവന്‍ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തേണ്ടതായിരുന്നുവെന്നും ലോക്കോമോട്ടീവ് ഡ്രൈവര്‍ സിഗ്നല്‍ ലംഘിച്ചതാണ് അപകടത്തിനിടയാക്കിയതെന്നും റെയില്‍വേ വക്താവ് അനില്‍ സക്‌സേന പറഞ്ഞു. അപകടത്തില്‍പ്പെട്ട ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് പൂര്‍ണമായും തകര്‍ന്നു. കമ്പാര്‍ട്ട്‌മെന്റിന്റെ ഭാഗങ്ങള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. മരിച്ചവരില്‍ ഭൂരിഭാഗവും ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലുള്ളവരാണ്. പാളം തെറ്റിയ മറ്റൊന്ന് ഗാര്‍ഡ് കമ്പാര്‍ട്ട്‌മെന്റാണ്.
അപകടത്തെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ നിന്നെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിന് അധികൃതര്‍ എത്താന്‍ വൈകിയത് പ്രദേശത്ത് സംഘര്‍ഷത്തിനിടയാക്കി. ആംബുലന്‍സുകളില്‍ ഡോക്ടര്‍മാരെ അപകടസ്ഥലത്ത് എത്തിച്ച് പരുക്കേറ്റ യാത്രക്കാര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. വിശദമായ അന്വേഷണം റെയില്‍വേ പ്രഖ്യാപിച്ചു. അപകടകാരണത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി വടക്കന്‍ മേഖല റെയില്‍വേ സുരക്ഷാ വിഭാഗം കമ്മീഷണറെ ചുമതലപ്പെടുത്തി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ സംഭവസ്ഥലം സന്ദര്‍ശിച്ചു.
ഗുരുതരമായി പരുക്കേറ്റവരെ ലക്‌നോവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലും സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുവിന് രണ്ട് ലക്ഷം രൂപ റെയില്‍വേ നഷ്ടപരിഹാരം നല്‍കും. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നിസ്സാര പരുക്കേറ്റവര്‍ക്ക് ഇരുപത്തിയയ്യായിരം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
മരിച്ചവരുടെ അടുത്ത ബന്ധുവിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അറിയിച്ചു. ലക്‌നോ- വാരാണസി പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

Latest