Connect with us

Kozhikode

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി: 16 മുതല്‍ അപേക്ഷ നല്‍കാം

Published

|

Last Updated

കോഴിക്കോട്: ഏപ്രില്‍ 27ന് കോഴിക്കോട്ട് നടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കാനായി ഈ മാസം 16 മുതല്‍ അപേക്ഷകളും പരാതികളും നല്‍കാമെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അക്ഷയ വഴിയോ അല്ലാതെയോ ഓണ്‍ലൈനായാണ് പരാതി നല്‍കേണ്ടത്. വ്യത്യസ്ത ആവശ്യങ്ങള്‍ ഒരേ അപേക്ഷയില്‍ നല്‍കരുത്. മുന്‍ ജനസമ്പര്‍ക്ക പരിപാടികളില്‍ ഇങ്ങനെ പരാതികള്‍ നല്‍കിയതിനാല്‍ പരിഹാര നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചുകൊടുക്കുന്നതില്‍ പ്രയാസവും കാലതാമസവും നേരിട്ടതിനാലാണ് ഈ നടപടി സ്വീകരിച്ചത്.
പരാതികള്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച ശേഷമേ മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിടുകയുള്ളൂ. ശാരീരിക അവശത നേരിടുന്നവരെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് കൊണ്ടുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവരുടെ പരാതികള്‍ക്ക് നേരത്തെതന്നെ പരിഹാരം കാണാന്‍ ശ്രമിക്കും. അക്ഷയ കേന്ദ്രങ്ങള്‍ അപേക്ഷയുടെ ആമുഖ പേജ് മാത്രം സ്‌കാന്‍ ചെയ്ത് കലക്ടറേറ്റിലേക്ക് മെയില്‍ ചെയ്യുന്നത് അനുവദിക്കില്ല. പരാതിയുടെ സ്വഭാവം മനസ്സിലാക്കാന്‍ പ്രയാസം നേരിട്ട മുന്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം.
ജനസമ്പര്‍ക്ക പരിപാടിയുടെ സ്‌പെഷ്യല്‍ ഓഫീസറായി ഡെപ്യൂട്ടി കലക്ടര്‍ കെ ഹിമയെ ചുമതലപ്പെടുത്തി. ജനസമ്പര്‍ക്ക പരിപാടി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ജില്ലാ കലക്ടര്‍ രണ്ട് തവണകളിലായി വിഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. അവസാനത്തേത് ഏപ്രില്‍ 16നും. യോഗത്തില്‍ എ ഡി എം കെ രാധാകൃഷ്ണന്‍, ആര്‍ ഡി ഒ ഹിമാന്‍ഷുകുമാര്‍ റായ്, ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍ എന്‍ യമുന, സി എം അനില്‍കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ ജെസി ഹെലന്‍ ഹമീദ് പങ്കെടുത്തു.

Latest