Connect with us

Wayanad

മാവോയിസ്റ്റ് ആക്രമണം ഉണ്ടാകാന്‍ സാധ്യത: സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം

Published

|

Last Updated

കല്‍പ്പറ്റ: മാവോയിസ്റ്റുകളുടെ ഭാഗത്തു നിന്നും ശക്തമായ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാന്‍ ജില്ലാ പൊലീസ് അധികാരിക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. വയനാട്, കണ്ണൂര്‍, പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും, പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സുരക്ഷ കര്‍ശനമാക്കാനും 24 മണിക്കൂറും നിരീക്ഷണം നടത്താനുമാണ് നിര്‍ദ്ദേശം.
തിരുനെല്ലിയിലെ റിസോര്‍ട്ട് ആക്രമണത്തിന് ശേഷം മാവോയിസ്റ്റ് സാന്നിധ്യം ജില്ലകളില്‍ ഇല്ലെന്ന നിഗമനത്തിലെത്തിയ പൊലിസിന്റെ നിരീക്ഷണത്തിന് തിരിച്ചടിയായി തിരുനെല്ലി കൂമ്പാരക്കുനിയില്‍ സ.വര്‍ഗ്ഗീസ് വേട്ടേറ്റ് വീണ പാറയില്‍ സി.പി.ഐ (എം.എല്‍) റെഡ് ഫഌഗ് സ്ഥാപിച്ച കൊടി മരത്തിന് ചുവട്ടില്‍ ഫെബ്രുവരി 18ന് മാവോയിസ്റ്റുകളുടെ കൊടിയും, പോസ്റ്ററും കണ്ടത് പൊലിസിനെ ഞെട്ടിച്ചിട്ടുണ്ട്.
ഇതിന് പുറമെ മാവോയിസ്റ്റുകള്‍ വിവിധ സ്ഥാപനങ്ങളില്‍ കാട്ടുതീ മാസികയുടെ കോപ്പികള്‍ എത്തിച്ച് നല്‍കുന്നതും മാവോയിസ്റ്റ് സാന്നിധ്യം സജീവമായി ഉണ്ടെന്ന നിഗമനത്തിലാണ് പൊലിസ്. പ്രാദേശികമായി വിവിധ ആളുകളുടെ സഹായത്തോടെ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഒരു വിവരവും ലഭിക്കുന്നില്ല. അതിനിടെ കഴിഞ്ഞ ദിവസം വെള്ളമുണ്ട പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചപ്പ മേഖലയില്‍ മാവോ സംഘമെത്തി എന്ന വാര്‍ത്ത പരന്നെങ്കിലും പൊലിസ് സ്ഥിരീകരിച്ചിട്ടില്ല. മാവോ സംഘത്തിന് അനുകൂല നിലപാട് സ്വീകരിച്ചവരെ അറസ്റ്റ് ചെയ്തതില്‍ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖല സമിതിയുടെ പ്രതിഷേധം ശക്തമാണെന്നും ഇത് കൊണ്ട് തന്നെ ശക്തമായ ആക്രമങ്ങള്‍ ഉണ്ടാവാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കാനുമാണ് നിര്‍ദ്ദേശം. ഇതിന് പുറമെ ആദിവാസി മേഖലയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളും നിരീക്ഷിക്കാനും പൊലിസ് നടപടി സ്വീകരിച്ച് വരുന്നുണ്ട്.

Latest