Connect with us

Malappuram

മമ്പുറംപാലം നിര്‍മാണം: പൈലിംഗ് പ്രവൃത്തികള്‍ തുടങ്ങി

Published

|

Last Updated

തിരൂരങ്ങാടി: ഏ ആര്‍ നഗര്‍ -തിരൂരങ്ങാടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കടലുണ്ടിപ്പുഴക്ക് കുറുകെ മമ്പുറത്ത് നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ സെപ്തബറില്‍ ശിലാസ്ഥാപനം നടന്ന പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നവംബറിലാണ് ആരംഭിച്ചത്. പുഴയില്‍ തൂണുകള്‍ സ്ഥാപിക്കുന്നതിനായുള്ള പൈലിംഗ് ജോലികള്‍ ആരംഭിച്ചു. വെള്ളത്തില്‍ തെങ്ങ് തടികളും മറ്റുമുപയോഗിച്ച് വേര്‍തിരിച്ച സ്ഥലത്ത് മണ്ണിട്ട് നിറച്ചാണ് ഐലന്റ് നിര്‍മിച്ചിരിക്കുന്നത്.
കരയില്‍ മമ്പുറം മഖാമിനോട് ചേര്‍ന്ന ഭാഗത്ത് പൈലിംഗ് ജോലികള്‍ നേരത്തെ ആരംഭിച്ചിരുന്നു. പാലത്തിനായി മൊത്തം പത്ത് സ്പാനുകളാണുള്ളത്. പുഴക്ക് കുറുകെ അഞ്ചര സ്പാനാണുണ്ടാവുക. അഞ്ച് തൂണുകള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും പുഴയില്‍ വരത്തക്കവിധമാണ് സ്പാനുകള്‍ സ്ഥാപിക്കുന്നത്. 250 മീറ്റര്‍ നീളവും 8.30 മീറ്റര്‍ ടാര്‍ ഉപരിതലത്തോടുകൂടിയ നടപ്പാതയടക്കം 12 മീറ്റര്‍ വീതിയും പാലത്തിനുണ്ടായിരിക്കും. തിരൂരങ്ങാടി ഭാഗത്ത് 30 മീറ്ററും മമ്പുറം ഭാഗത്ത് 60 മീറ്ററും സമീപന നിരത്തുകളും നിര്‍മിക്കും. മൂന്ന്‌വര്‍ഷം കൊണ്ട് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. മമ്പുറത്ത് ഇരുകരകളും തമ്മില്‍ 17 മീറ്റര്‍ ഉയരവ്യത്യാസം ഉള്ളതിനാല്‍ കര്‍വിംഗ് ആന്റ് സ്ലോപ്പിംഗ് രീതിയിലാണ് പാലം നിര്‍മിക്കുന്നത്.
കേരളത്തില്‍ പുഴക്ക് കുറുകെ ഈ രീതിയില്‍ നിര്‍മിക്കുന്ന ആദ്യത്തെ പാലമെന്ന പ്രത്യേകതയും മമ്പുറം പാലത്തിനുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച മമ്പുറത്തെ പഴയ പാലം വീതികുറവായതിനാല്‍ ഇവിടത്തെ ഗതാഗതപ്രശ്‌നം രൂക്ഷമാണ്. കടലുണ്ടിപ്പുഴക്ക് കുറുകെ മമ്പുറത്ത് പുതിയ പാലം വരുന്നതോടെ ഇവിടത്തെ യാത്ര കൂടുതല്‍ സൗകര്യപ്രദവും എളുപ്പവുമാവും.

 

Latest