Connect with us

National

ഇന്ത്യയെ ഇന്നും നയിക്കുന്നത് ഗാന്ധി ദര്‍ശനം: ഒബാമ

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്നും ഇന്ത്യയെ നയിക്കുന്നത് ഗാന്ധി ദര്‍ശനമാണെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. രാജ്ഘട്ടില്‍ ഗാന്ധി സമാധി സന്ദര്‍ശിച്ച ശേഷം സന്ദര്‍ശക പുസ്തകത്തില്‍ ഒബാമ കുറിച്ചു: മഹാത്മാഗാന്ധിയുടെ ദര്‍ശനമാണ് ഇന്നും ഇന്ത്യയെ നയിക്കുന്നത്. പണ്ട് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ പറഞ്ഞത് ഇന്നും പ്രസക്തമാണ്. ഗാന്ധിദര്‍ശനം ലോകത്തിന് ലഭിച്ച പാരിതോഷികമാണ്. എല്ലാ രാജ്യങ്ങളും പരസ്പര സ്‌നേഹത്തോടെയും സമാധാനത്തോടെയും എല്ലാ കാലത്തും ജീവിക്കട്ടെ.” മഹാത്മാ ഗന്ധിയാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് ഇടക്കിടക്ക് പറയാറുള്ള യു എസ് പ്രസിഡന്റിന് ചര്‍ക്ക സമ്മാനിച്ചാണ് രാജ്ഘട്ട് അധികൃതര്‍ സ്വീകരിച്ചത്.
ഏഴ് സാമൂഹിക തിന്‍മകള്‍ രേഖപ്പെടുത്തിയ ചര്‍ക്കയാണ് നല്‍കിയത്. മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ “എന്റെ സത്യന്വേഷണ പരീക്ഷണങ്ങള്‍” അടക്കം മൂന്ന് പുസ്തകങ്ങളും അദ്ദേഹത്തിന് സമ്മാനിച്ചുവെന്ന് രാജ്ഘട്ട് സമിതി സെക്രട്ടറി രജ്‌നീഷ് കുമാര്‍ പറഞ്ഞു. രാജ്ഘട്ടില്‍ ഇത് രണ്ടാം തവണയാണ് ഒബാമയെത്തുന്നത്. 2010 നവംബറില്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും രാജ്ഘട്ടില്‍ എത്തിയിരുന്നു. സ്‌നേഹം, സഹിഷ്ണുത, സമാധാനം തുടങ്ങിയ സന്ദേശം കൊണ്ട് ലോകം മാറ്റിമറിച്ച മഹത്തായ ആത്മാവിനെ ലോകം എന്നും സ്മരിക്കും. അദ്ദേഹം വിടവാങ്ങിയിട്ട് 60 വര്‍ഷം പിന്നിടുമ്പോഴും ആ പ്രകാശം ലോകത്തെ പ്രചോദിപ്പിച്ച് കൊണ്ടേയിരിക്കുന്നു- എന്നായിരുന്നു അന്ന് ഒബാമ സന്ദര്‍ശക പുസ്തകത്തില്‍ എഴുതിയത്. ഇന്നലെ കാലത്ത് 9.45നാണ് ഭാര്യ മിഷേലിനൊപ്പം പാലം വിമാനത്താവളത്തില്‍ അദ്ദേഹം എത്തിയത്. അല്‍പനേരം ഹോട്ടല്‍ മൗര്യയില്‍ വിശ്രമിച്ച ശേഷം രാഷ്ട്രപതി ഭവനിലെത്തിയ ഒബാമക്ക് ഗണ്‍ സെല്യൂട്ട് നല്‍കി. ഇതിനുശേഷമായിരുന്നു രാജ്ഘട്ട് സന്ദര്‍ശനം.

---- facebook comment plugin here -----

Latest