Connect with us

Ongoing News

എസ് എസ് എഫ് പ്രതിനിധി സമ്മേളനം സമാപിച്ചു

Published

|

Last Updated

പത്തനംതിട്ട: രാജ്യത്ത് സമാധാനവും സൗഹൃദാന്തരീക്ഷവും നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് മത നേതൃത്വമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. നവചക്രവാളത്തിലേക്ക് ധാര്‍മികച്ചുവട് എന്ന പ്രമേയത്തില്‍ നടന്ന എസ് എസ് എഫ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായുള്ള സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്ര പുരോഗതിയിലും വലിയ സേവനങ്ങള്‍ നല്‍കുന്ന സമസ്ത സംഘടനകളെയും നേതാക്കളെയും അവഗണിക്കുന്ന സര്‍ക്കാര്‍ സമീപനം അപകടകരമാണ്. നിയമ സംവിധാനങ്ങള്‍ കൊണ്ട് മാത്രം രാജ്യത്ത് സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ കഴിയില്ലെന്ന് ഭരണകൂടം തിരിച്ചറിയണമെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. കേരള ചീഫ് വിപ്പ് പി സി ജോര്‍ജ് മുഖ്യാതിഥിയായി. ആന്റോ ആന്റണി എം പി, എച്ച് ജി കുര്യാക്കോസ് മാര്‍ക്ലീറ്റീസ് മെത്രോപൊലീത്ത, തന്ത്രി അകീരമന്‍ കാളിദാസ ഭട്ടതിരിപ്പാട്, എന്‍ എം സ്വാദിഖ് സഖാഫി, സി പി ഐ ജില്ലാ സെക്രട്ടറി പി പ്രസാദ്, തൈക്കൂട്ടത്തില്‍ സക്കീര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം പി എ ഹൈദ്രോസ് മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു. ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ അബ്ദുല്‍ കലാം പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തിന് സമാപനം കുറിച്ച് വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.

Latest