Articles
കല കലയ്ക്കു വേണ്ടിയുള്ളതാകണം

സ്വന്തം വിചാരങ്ങളെയും വികാരങ്ങളെയും ദര്‍ശനങ്ങളെയും മറ്റുള്ളവര്‍ക്ക് അനുഭവഭേദ്യമാകുന്നതരത്തില്‍, അല്ലെങ്കില്‍ അവന്റെ തന്നെ ആത്മസംതൃപ്തിക്ക് വേണ്ടി ലാവണ്യപരമായി സ്വന്തം ശൈലിയില്‍ സൃഷ്ടിക്കുമ്പോള്‍ ഉണ്ടാകുന്നതാണ് കലയെന്നാണ് അറിവുള്ളവര്‍ പറഞ്ഞുവെച്ചിട്ടുള്ളത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, കലാ പൈതൃകമുള്ള നമ്മുടെ സാംസ്‌കാരിക ജീവിതത്തിന്റെ മാറ്റത്തിലും വളര്‍ച്ചയിലും കല നിര്‍ണായകമായ പങ്ക് തന്നെ വഹിക്കുന്നുണ്ട്. ഇക്കാര്യം തത്വത്തില്‍ എക്കാലത്തും അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. കേരളീയ കലകളെ മതപരം, വിനോദം, സാമൂഹികം, കായികം എന്നിങ്ങനെ വേര്‍തിരിച്ചാണ് സമൂഹത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മറ്റേതൊരു നാടിനേക്കാളും കലകളിലെ വൈവിധ്യം അതുകൊണ്ട് തന്നെ കേരളത്തില്‍ അനുഭവിക്കാനാകും. കാലം ഒഴുകി നീങ്ങുന്നതിനൊപ്പം നാട്ടുകലകള്‍ പലതും അപ്രത്യക്ഷമായെങ്കിലും കേരളത്തിന്റെ തനതുകലകളെ സംരക്ഷിക്കാന്‍ നമ്മുക്ക് കഴിഞ്ഞിട്ടുണ്ടെന്നത് വലിയ കാര്യമായിത്തന്നെ കാണേണ്ടതാണ്. യഥാവിധി നടന്നു പോരുന്നതിനാലാണ് അനുഷ്ഠാന കലകള്‍ വലിയ കേടൊന്നുമില്ലാതെ നിലനിന്നു പോരുന്നതെങ്കില്‍ വിനോദപരവും സാമൂഹികവുമായ കലകള്‍ കേരളത്തിലെ സാംസ്‌കാരിക-വിദ്യാഭ്യാസ പ്രസ്ഥാനങ്ങളുടെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് വേരറ്റു പോകാതെ നിന്നു പോരുന്നതെന്ന് പറയാതിരിക്കാനാകില്ല.
അര നൂറ്റാണ്ട് മുന്‍പ് തുടങ്ങിയ വിദ്യാര്‍ഥി കലാ മേളയ്ക്ക് ഇതില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത പങ്കുണ്ട്. ചെറുതായ് തുടങ്ങി വളര്‍ന്ന് വലുതായ കുട്ടികളുടെ ഇത്ര വലിയ കലാസംരക്ഷണ മേള ലോകത്ത് മറ്റൊരിടത്തുമില്ലെന്നത് വലിയ കാര്യം തന്നെയാണ്. പുഴുക്കുത്തുകളും പാകപ്പിഴകളുമുണ്ടാകാറുണ്ടെങ്കിലും സ്‌കൂള്‍ കലാമേളയെന്ന ഈ മഹോത്സവം കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ തിളങ്ങുന്ന ഒരേട് തന്നെയാണ്. 1956ല്‍ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ തുടങ്ങിയ കലോത്സവം ഇന്നും പഴയ ഓര്‍മകളെത്തൊടാതെ അരങ്ങൊഴിയാറില്ല.
അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി എസ് വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടര്‍ രാമവര്‍മ അപ്പന്‍ തമ്പുരാനും ഗണേശ അയ്യര്‍ എന്ന പ്രഥമാധ്യാപകനും ചേര്‍ന്നാണ് ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചത്. ജി എസ് വെങ്കടേശ്വരയ്യര്‍ അന്ന് ഡല്‍ഹിയില്‍ അന്തര്‍ സര്‍വകലാശാല കലോത്സവത്തില്‍ കാഴ്ചക്കാരനായിരുന്നു. ഈ പരിപാടിയില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ്, കേരളത്തിലെയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹമാലോചിച്ചത്. അങ്ങനെ ജനുവരി 24 മുതല്‍ 26 വരെ എറണാകുളം എസ് ആര്‍ വി ഗേള്‍സ് ഹൈസ്‌കൂളില്‍ ആദ്യ യുവജനോത്‌സവം അരങ്ങേറുകയും ചെയ്തു. അന്ന് ഒരു ദിവസം മാത്രമാണ് കലോത്സവം ഉണ്ടായിരുന്നത് . ഏതാണ്ട് 200 ഓളം കുട്ടികള്‍ സ്‌കൂള്‍ തലത്തില്‍ നിന്ന് നേരിട്ട് ഈ കലോത്സവത്തിലേക്ക് പങ്കെടുക്കുകയായിരുന്നു. കാലവും കോലവും മാറിയെങ്കിലും ആദ്യ കലോത്സവത്തിന്റെ ആവേശവും ആശങ്കയും ഇപ്പോഴും അസ്തമിച്ചിട്ടില്ലെന്ന് അന്‍പത്തഞ്ചാമാണ്ടിലെ കോഴിക്കോട്ടെ കളിയരങ്ങില്‍ നിന്ന് ബോധ്യമാകും.
കലോത്സവം കൊടിയിറങ്ങുമ്പോഴും വിവാദങ്ങളും കണ്ണീരും കൊണ്ട് ഉത്സവത്തെ നനയിക്കുമെന്നതും ആദ്യ മത്സരം തൊട്ടുള്ള ചരിത്രമാണ്. പങ്കെടുക്കുന്ന കുട്ടികളില്‍ വ്യര്‍ഥമോഹങ്ങള്‍ ഉത്പാദിപ്പിക്കുകയും കല അതിമത്സരമാകുകയും ചെയ്യുമ്പോഴാണ് ഇതുണ്ടാകുന്നത്. പ്രശസ്തിയും തുടര്‍ന്നുള്ള സിനിമാ പ്രവേശവും മാത്രം കണ്ട് അരങ്ങിലെത്തുന്നവരുടെയെണ്ണം കൂടിയതാണ് വര്‍ത്തമാന കലോത്സവത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തെ കളങ്കപ്പെടുത്തിയതെന്നത് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ത്തുവായിക്കേണ്ടതുണ്ട്. കുട്ടികളുടെ മേള രക്ഷിതാക്കളുടെത് കൂടിയായി മാറുമ്പോഴാണ് വിവാദങ്ങളുടെയും അഴിമതികളുടെതുമായി മാറുന്നതെന്ന് പണ്ടുമുതലേ കാണികള്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ട്. നൂറ്റി പതിനേഴര പവന്റെ കപ്പ് വര്‍ഷാവര്‍ഷം വിവിധ ജില്ലകള്‍ക്ക് കൈമാറുന്നുവെന്നല്ലാതെ എന്ത് നേട്ടമാണ് ഈ വലിയ മേളയില്‍ നിന്ന് ലഭിക്കുന്നതെന്ന് ഇക്കൂട്ടരില്‍ ചിലരെങ്കിലും ചോദിക്കുന്നു. സ്വന്തം ജില്ലയുടെ വിജയത്തിനോ സ്‌കൂള്‍ അംഗീകാരത്തിന് വേണ്ടിയോ അല്ല, മറിച്ച് സര്‍ക്കാര്‍ നല്‍കുന്ന ഗ്രേസ് മാര്‍ക്കിനും വ്യക്തി പ്രശസ്തിക്കും വേണ്ടി മാത്രമാണ് മത്സരിക്കുന്നതെന്ന മത്സരാര്‍ഥികളില്‍ ചിലരുടെ മനോഗതിയെയാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇവിടെയാണ് കലയുടെ ലക്ഷ്യം തെറ്റുന്നത്.
ഉത്സവം മത്സരാധിഷ്ഠിതമാകുന്നത്‌പൊതുവെയുള്ള നമ്മുടെ സാമൂഹികാവസ്ഥയുടെ തന്നെ പ്രതിഫലനമെന്ന് സമാധാനിക്കാനാകില്ല. കലയും ഉത്സവവുമൊക്കെ, തകര്‍ന്നുകൊണ്ടിരിക്കുന്ന സാമൂഹികാവസ്ഥയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍കൂടിയാണെന്നുള്ള കാര്യം പരക്കെ സമ്മതിക്കാന്‍ പഠിക്കണം. മത്സര ഇനങ്ങളുടെ കാര്യത്തിലും സമ്മാനങ്ങളിലും സംഘാടനത്തിലും മേല്‍നോട്ടത്തിലും എല്ലാം പ്രശംസനീയമായ നവീകരണം ഉണ്ടാകുന്നുണ്ടെങ്കിലും കലയുടെ അന്തഃസത്ത ചോരുന്നുവെന്ന ആശങ്ക കുറേ കാലങ്ങളായി ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. എല്ലാവര്‍ക്കും ഗുണകരമാകുന്ന വിധത്തില്‍ കലോത്സവത്തെ കുറേക്കൂടി മെച്ചപ്പെടുത്തണമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കമുണ്ടാവില്ല.ഓരോ തലം കഴിയുന്തോറും കലോത്സവം “ഉത്സവ”മെന്ന അവസ്ഥ കൈവെടിഞ്ഞ് “മത്സര” മാകുന്നത് കാണാതിരിക്കുന്നു എന്നത് ദുഃഖകരവും കലോത്സവസങ്കല്‍പ്പത്തിന്ന് ഹാനികരമാകുകയും ചെയ്യുന്നുണ്ട്. മത്സരത്തിന്റെ ഏറ്റവും വികൃതമായ ഒരു മുഖം ഒരു വലിയ വിഭാഗം മത്സരാര്‍ഥികളും അപ്പീലിലൂടെ പ്രവേശിക്കുന്നു എന്നിടത്താണ്. മത്സര ശേഷവും അപ്പീലുകള്‍ അധികാരികളുടെ മേശമേല്‍ തീര്‍പ്പാക്കാനായി കുന്നുകൂടിക്കിടപ്പുണ്ടാവും. കോഴിക്കോട്ടെ കലോത്സവത്തിനും അതില്‍ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അപ്പീലുകളെത്തിയത് ഇത്തവണയാണെന്നതും കോഴിക്കോട്ടെ കലോത്സവത്തിന്റെ പ്രത്യേകതയായി. ഓട്ട മത്സരവും ഗുസ്തി മത്സരവും പോലെ മാര്‍ക്കിട്ടും കേസിനു പോയും തീരുമാനിക്കേണ്ട ഒന്നല്ല കുട്ടികളിലെ കലാഭിരുചികളെന്ന കാര്യം ഇപ്പോഴും ആരും തിരിച്ചറിഞ്ഞിട്ടില്ല. “ദാസേട്ട”ന്റെ സ്വരത്തിലും ഈണത്തിലും പാടാത്ത പാട്ടുകാര്‍ക്ക് മാര്‍ക്കു കുറഞ്ഞുപോകുന്നതൊക്കെ നമ്മള്‍ ചാനല്‍ മത്സരങ്ങളില്‍ സ്ഥിരം കാണാറുണ്ട്. മാര്‍ക്കും സമ്മാനവും കിട്ടാന്‍ സാധ്യത ഇല്ലാത്ത ഏതെങ്കിലും തരത്തിലുള്ള പരീക്ഷണത്തിന് കുട്ടികള്‍ ശ്രമിക്കാത്തതിന് അവരെ കുറ്റം പറയാനാകില്ല. അതുകൊണ്ട് തന്നെയാണ് കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സാഹിത്യവും സിനിമയും ഒഴിച്ചുള്ള മറ്റൊരു കലയും ഒരു പുരോഗതിയും ഇല്ലാതെ മുരടിച്ചുനില്‍ക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം. കല സാമൂഹിക സംവേദനത്തിനുള്ള ചിന്താശക്തിയെ ഉത്തേജിപ്പിക്കുമെന്ന് ചരിത്രകാരന്മാര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. വര്‍ത്തമാനകാല വിശാല സമൂഹത്തിന്റെ ഇടുങ്ങിയ ചക്രവാളത്തിലേക്ക് കലയെ ചുരുക്കുക അസാധ്യമാണ്. സമൂഹവുമായും മനുഷ്യനുമായും എല്ലാ കാലത്തും സംവദിക്കുന്ന സര്‍ഗാത്മക ആവിഷ്‌കാരമാണത്. കേരളീയ സംസ്‌കാരത്തിന്റെ നവോത്ഥാന കുതിപ്പില്‍ കലകളും സംസ്‌കാരവും നിര്‍വഹിച്ച അനിഷേധ്യമായ പങ്ക് ഒരിക്കലും വിസ്മരിക്കാനാകില്ല. ഇന്ന് നാം എവിടെ നില്‍ക്കുന്നു എന്നത് സുപ്രധാനമായ ഒരു ചോദ്യമാണ്. ജീവിതവും സമൂഹവും നിശ്ചലമായി നില്‍ക്കുന്നില്ല അത് തീര്‍ത്തും ചലനാത്മകമാണ്. എന്നാല്‍ അതിനെ ചലിപ്പിക്കാന്‍ കല കൂടിയേ തീരൂവെന്ന് ചരിത്രം നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. അങ്ങനെയൊരുകാലത്ത് കലയെ കൊല്ലുന്നത് മഹാപാതകമായി കാണേണ്ടിവരും.
ഓരോ കലോത്സവം വരുമ്പോഴും നാട്ടുകാരും സംഘാടകരും മാധ്യമങ്ങളും പറയുന്ന ഒരു കാര്യമുണ്ട്. കേരളത്തിന് എണ്ണപ്പെട്ട നിരവധി കലാകാരന്മാരെ സമ്മാനിച്ചത് കലോത്സവമാണെന്ന്. ഒരു പരിധി വരെ ശരിയായിരിക്കാം. പക്ഷേ, അതെല്ലാം എത്രത്തോളം ശരിയാണെന്നതും വിലയിരുത്തേണ്ടതാണ്. കലോത്സവങ്ങളില്‍ തിളങ്ങിയ എത്ര എഴുത്തുകാര്‍ നമുക്കുണ്ട്? എത്ര നര്‍ത്തകരുണ്ട്‌യ എത്ര പ്രാസംഗികരുണ്ട്?- എല്ലാം വിരലിലെണ്ണാവുന്നവര്‍ മാത്രം. അതിലും കൂടുതല്‍ പേര്‍ ഈ മേഖലയോട് വിടപറഞ്ഞു എന്നതും യാഥാര്‍ഥ്യമാണ്. നമ്മളിപ്പോള്‍ എണ്ണിപ്പറയുന്ന കലാകാരന്മാര്‍ അവരവരുടെ സര്‍ഗശേഷി കൊണ്ട് മാത്രമാണ് അതാത് മേഖലകളില്‍ മുന്നേറിയതെന്ന ചരിത്രസത്യം നമ്മള്‍ മറക്കുകയുമരുത്.