Connect with us

Wayanad

വയനാട് മെഡിക്കല്‍ കോളജ്; യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി

Published

|

Last Updated

തിരുവനന്തപുരം: വയനാട് മെഡിക്കല്‍ കോളജിന് അനുമതി നല്‍കാത്തതിന് പിന്നില്‍ ഉദ്യോഗസ്ഥ ലോബിയെന്ന് മുസ്‌ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആരോപിച്ചു. വയനാട് മെഡിക്കല്‍ കോളജ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് വയനാട് മെഡിക്കല്‍ കോളജിന് അനുമതി നല്‍കാത്തതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പാലക്കാട് , മലപ്പുറം, കാസര്‍കോട് തുടങ്ങിയ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കിയിട്ടും എല്ലാ സൗകര്യങ്ങളുമുള്ള വയനാടിന് മെഡിക്കല്‍ കോളജ് നിഷേധിക്കുന്നതിന് പിന്നില്‍ ഈ ഉദ്യോഗസ്ഥ ലോബിയാണ്. വയനാട് മെഡിക്കല്‍ കോളജിന് അനുമതി നല്‍കാത്തത് സര്‍ക്കാറിന് അപമാനമാണ്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആരോഗ്യമന്ത്രിയും റവന്യു മന്ത്രിയും ഏതാനും മിനിറ്റുകള്‍ ഇരുന്നാല്‍ പരിഹരിക്കാവുന്ന പ്രശ്‌നം അനന്തമായി നീട്ടികൊണ്ട് പോയി ആളുകളെ സമരത്തിലേക്ക് നയിക്കുന്നത് യു.ഡി.എഫിന് നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസനപരമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ലയാണ് വയനാട്. ആദിവാസികളും കര്‍ഷകതൊഴിലാളികളും ഉള്‍പെടുന്ന സാധാരണ ജനങ്ങള്‍ക്ക് രോഗം പിടിപെട്ടാല്‍ അടിയന്തരസാഹചര്യങ്ങളില്‍ ആശ്രയിക്കാന്‍ കഴിയുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആണ്. വളരെ പ്രയാസപ്പെട്ടാണ് ഇത്രയും ദൂരത്തേക്ക് വയനാട്ടില്‍ നിന്നും രോഗികളെ എത്തിക്കുന്നത്. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളജ് ആവശ്യമാണെന്ന് ബോധ്യപ്പെട്ട സന്ദര്‍ഭത്തിലാണ് സര്‍ക്കാര്‍ വയനാട്ടില്‍ മെഡിക്കല്‍കോളജ് അനുവദിക്കാന്‍ തീരുമാനിച്ചത്. ഏറ്റവും ബുദ്ധിമുട്ടേറിയ സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ളവ സൗജന്യമായി സര്‍ക്കാറിന് ലഭ്യമാക്കിയിട്ടും ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് റവന്യു ഉദ്യോഗസ്ഥര്‍ പദ്ധതിക്ക് തുരങ്കം വെയ്ക്കുകയാണ്. സാങ്കേതിക നൂലാമാലകള്‍ പരിഹരിച്ച് വയനാടിന് മെഡിക്കല്‍ കോളജ് നല്‍കിയില്ലെങ്കില്‍ സമരം മുസ്‌ലീംലീഗ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് യഹിയാഖാന്‍ തലയ്ക്കല്‍ അധ്യക്ഷനായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പി.ഇസ്മയില്‍, ട്രഷറര്‍ കെ.എം ഷെബീര്‍ അഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി അസീസ്, സംസ്ഥാന സെക്രട്ടറി കെ.എ മുജീബ്, അഡ്വ.എസ്. കബീര്‍, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, ബീമാപള്ളി റഷീദ്, വയനാട് ജില്ലാസെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, ഷെഹീര്‍.ജി.അഹമ്മദ്, സെക്രട്ടറി മാണിക്യവിളാകം റാഫി, ഹാരീസ് പടിഞ്ഞാറത്തറ, കാട്ടി ഗഫൂര്‍, പി.കെ അമീന്‍, കെ.പി അഷ്‌ക്കര്‍, സി.എച്ച് ഫസല്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.എ കെ റഫീഖ്, ഇബ്രാഹീം തൈതൊടി, ശുക്കൂര്‍ തരുവണ, സി.കെ ഹാരിഫ്, ജാസര്‍ പാലയ്ക്കല്‍, എം പി നിവാസ്, റിയാസ് കല്ലുവയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നാരംഭിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വയനാട് ജില്ലയിലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.

Latest