Connect with us

Kerala

കൗമാര കലാമാമാങ്കത്തിന് നാളെ തിരി തെളിയും

Published

|

Last Updated

കോഴിക്കോട്: കാത്തിരിപ്പിന് വിരാമമാകുന്നു. 55-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ വേദികളുണരുകയായി. 17 വേദികളില്‍ സര്‍ഗഭാവനയുടെ മാറ്റുരയ്ക്കാനെത്തുന്നത് 11, 000ത്തോളം പ്രതിഭകള്‍. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് നാളെ കാലത്ത് പ്രധാന വേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പതാക ഉയരും. ഉച്ചക്ക് 2.30ന് കോഴിക്കോട് കടപ്പുറത്ത് നിന്ന് പുറപ്പെടുന്ന സാംസ്‌കാരിക ഘോഷയാത്ര പ്രധാന വേദിക്ക് മുന്നിലെത്തുന്നതോടെ കലോത്സവ കാഴ്ചകള്‍ക്ക് തിരിതെളിയും. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. മലയാളത്തിന്റെ അഭിമാനം ഗാനഗന്ധര്‍വന്‍ ഡോ. കെ ജെ യേശുദാസ് മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രധാനവേദിയില്‍ മോഹിനിയാട്ടത്തിന്റെ പദങ്ങളും പല്ലവികളും ഉയരും. പിന്നെ ഒരാഴ്ച കലാകിരീടത്തിന് വേണ്ടിയുള്ള പോരാട്ടം. കലോത്സവത്തിനുള്ള ആദ്യ സംഘം കാസര്‍കോട് നിന്ന് ഇന്ന് വൈകീട്ട് കോഴിക്കോട്ടെത്തും.