Connect with us

International

ഹുസ്‌നി മുബാറക്കിനെ ശിക്ഷിച്ച കേസില്‍ പുനര്‍വിചാരണ നടത്തണമെന്ന് കോടതി

Published

|

Last Updated

കൈറോ : ഈജിപ്തില്‍ മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ ശിക്ഷിച്ച കേസില്‍ പുനര്‍വിചാരണക്ക് കോടതി ഉത്തരവിട്ടു. കോടതിയുടെ മലക്കംമറിച്ചില്‍ പുറത്താക്കപ്പെട്ട പ്രസിഡന്റിന് ജയിലില്‍നിന്ന് പുറത്തിറങ്ങാനുള്ള സാധ്യതയൊരുക്കുന്നതാണ്. പൊതുപണം വഴിവിട്ടു ചെലവഴിച്ചതിന് മെയിലാണ് 86കാരനായ മുബാറക്കിന് മൂന്ന് വര്‍ഷം തടവ്ശിക്ഷ ലഭിച്ചത്. പൊതുഖജനാവിലെ പണം പ്രസിഡന്റിന്റെ കൊട്ടാരം മോടിപിടിപ്പിക്കാനും കുടുംബസ്വത്ത് വര്‍ധിപ്പിക്കാനും ചെലവഴിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇതേ കേസില്‍ ഇദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കള്‍ക്ക് നാല് വര്‍ഷം തടവ്ശിക്ഷ ലഭിച്ചിരുന്നു. 30 വര്‍ഷക്കാലം രാജ്യം ഭരിച്ച മുബാറക് ഇപ്പോള്‍ കൈറോയിലെ സൈനിക ആശുപത്രിയില്‍ തടവനുഭവിച്ചുവരികയാണ്. പുനര്‍വിചാരണക്ക് ഉത്തരവിട്ട സാഹചര്യത്തില്‍ മുബാറക്കിന് സ്വതന്ത്രനാകാന്‍ കഴിയുമെന്ന് നിയമവൃത്തങ്ങള്‍ പറഞ്ഞു. 2011ല്‍ ഇദ്ദേഹം സ്ഥാനഭ്രഷ്ടനാകാന്‍ ഇടയാക്കിയ പ്രക്ഷോഭത്തിനിടെ പ്രക്ഷോകരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് നവംബറില്‍ മറ്റൊരു കോടതി തള്ളിയിരുന്നു. ഇത് രാജ്യത്താകമാനം വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. അഴിമതിക്കേസില്‍ പുനര്‍വിചാരണക്ക് ഉത്തരവിട്ട കോടതി, മുബാറക്കിന് ജാമ്യം അനുവദിച്ച് സ്വതന്ത്രനാക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. മുബാറക്കിനെ പുറത്താക്കിയതിന് ശേഷം രാജ്യത്ത് നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പില്‍ മുഹമ്മദ് മുര്‍സി അധികാരത്തിലെത്തിയെങ്കിലും ഇദ്ദേഹത്തിനെതിരായ പ്രക്ഷോഭത്തെത്തുടര്‍ന്ന് സൈന്യം മുര്‍സിയെ പുറത്താക്കുകയായിരുന്നു.