Connect with us

Malappuram

കാത്തിരിപ്പിന് അറുതിയാകുന്നു: എരഞ്ഞിക്കുന്നിലേക്കുള്ള പാലം നിര്‍മാണം തുടങ്ങി

Published

|

Last Updated

വണ്ടൂര്‍: പോരൂര്‍ ഗ്രാമപഞ്ചായത്തിലെ 15, 17 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന എരഞ്ഞിക്കുന്ന് പാലം യാഥാര്‍ഥ്യമാകുന്നു. പാലത്തിന്റെ നിര്‍മാണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ഗ്രാമപഞ്ചായത്തില്‍ നിന്നും ഇരു വാര്‍ഡുകളിലേക്കും അനുവദിച്ച രണ്ടു ലക്ഷം വീതം ആകെ നാല് ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്.
നാല് വര്‍ഷം മുമ്പ് തോടിന്റെ ഇരുവശത്തേക്കും റോഡ് നിര്‍മിച്ചിരുന്നു. എന്നാല്‍ തോടിന് കുറുകെ താത്കാലികമായുണ്ടാക്കിയ പാലമാണുണ്ടായിരുന്നത്. ഈ മണ്‍പാലം മഴയെ തുടര്‍ന്ന് ഒലിച്ചുപോയിരുന്നു. ഇതോടെ ഈ വഴിയുള്ള വാഹന യാത്രയും മുടങ്ങി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് പ്രദേശത്തുകാര്‍ സമരം നടത്തിയതിന്റെ ഫലമായാണ് റോഡ് നിര്‍മിക്കാന്‍ അധികാരത്തിലെത്തിയ യു ഡി എഫ് ഭരണസമിതി തയ്യാറായത്.
പുതിയ പാലം വരുന്നതോടെ എരഞ്ഞിക്കുന്ന്, താലപ്പൊലിപറമ്പ് വാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനാകും. എരഞ്ഞിക്കുന്ന് ഭാഗത്തുള്ളവര്‍ക്ക് ദിനംപ്രതി ചാരങ്കാവിലെ എല്‍ പി, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേക്കും, താലപ്പൊലിപറമ്പിലെ റേഷന്‍ഷാപ്പിലേക്കും ആരോഗ്യഉപകേന്ദ്രത്തിലേക്കും പോകാനും ഈ വഴി സഹായമാകും. കൂടാതെ മുണ്ടത്തോട്ടിങ്ങല്‍, പെട്ടരാക്ക, താലപ്പൊലിപറമ്പ്, കല്ലട, വെള്ളാട്ടംകുണ്ട് ഭാഗത്തുള്ളവര്‍ക്ക് എരഞ്ഞിക്കുന്ന് ജി എല്‍ പി സ്‌കൂള്‍, വോട്ടിംഗ് കേന്ദ്രം, വനിതാവ്യവസായ എസ്റ്റേറ്റ്, നിരന്നപറമ്പ്, എരഞ്ഞിക്കുന്ന് ജുമാമസ്ജിദ് എന്നിവിടങ്ങളിലേക്കും ഇന് വാഹനത്തില്‍ യാത്ര ചെയ്യാം.
ഒരു ലോറി കടന്നുപോകാന്‍ തക്ക വീതിയിലാണ് പാലം നിര്‍മാണം പുരോഗമിക്കുന്നതെന്നും മാര്‍ച്ച് 31 നകം പണി തീര്‍ക്കുമെന്നും 17-ാം വാര്‍ഡ് അംഗം കൃഷ്ണജ്യോതി പറഞ്ഞു. ചെറുകോട് 28ലെ രാജേന്ദ്രപ്രസാദ് ആണ് കരാറുകാരന്‍.