Ongoing News
ഹാട്രിക്കോടെ മെസ്സിക്ക് റെക്കോര്‍ഡ്
ബാഴ്‌സലോണ: ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക്ക് നേട്ടത്തോടെ സ്പാനിഷ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനായി. അത്‌ലറ്റിക് ബില്‍ബാവോയുടെ ടെല്‍മോ സാറയുടെ റെക്കോര്‍ഡാണ് മറികടന്നത്. മെസ്സിയുടെ മികവില്‍ സെവിയ്യയെ ബാഴ്‌സ 5-1ന് തോല്‍പ്പിച്ചു. ക്രിസ്റ്റിയാനോയുടെ ഇരട്ട ഗോള്‍ മികവില്‍ ഐബറിനെ മറുപടിയില്ലാത്ത നാലുഗോളിന് റയല്‍ മാഡ്രിഡും തകര്‍ത്തു.
മനോഹരമായി ഫ്രീകിക്കിലൂടെ 21-ാം മിനിറ്റില്‍ മെസ്സി ബാഴ്‌സയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോര്‍ഡി ആല്‍ബയുടെ സെല്‍ഫ് ഗോളിലൂടെ സെവിയ്യ സമനില നേടി. എന്നാല്‍ ഉടന്‍ തന്നെ 49-ാം മിനിറ്റില്‍ മികച്ചൊരു ഹെഡറിലൂടെ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സയ്ക്ക് ലീഡ് നേടിക്കൊടുത്തു. 65-ാം മിനിറ്റില്‍ റാകിറ്റികിലൂടെ ബാഴ്‌സ മൂന്നാം ഗോള്‍ നേടി. പിന്നീട് മെസ്സി-നെയ്മര്‍ കൂട്ടുകെട്ടിലൂടെയായിരുന്നു രണ്ട് ഗോളുകളും. നെയ്മറിന്റെ പാസില്‍ കാല്‍വച്ചു പന്ത് വലയിലെത്തിച്ച മെസ്സി സ്പാനിഷ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനായി. വീണ്ടും നെയ്മറും മെസ്സിയും ചേര്‍ന്നുള്ള ഒരു മുന്നേറ്റത്തിലൂടെ മെസ്സി ഹാട്രിക്ക് തികച്ചു. 289 മത്സരത്തില്‍ 253 ഗോളാണ് മെസ്സിയുടെ സമ്പാദ്യം. 277 മത്സരത്തില്‍ 251 ഗോളാണ് സ്‌പെയിന്‍കാരനായ അത്‌ലെറ്റിക് ബില്‍ബാവോ താരം ടെല്‍മോ സാറ നേടിയത്.
ഐബറുമായുള്ള മത്സരത്തില്‍ റയല്‍ മാഡ്രിഡിന്റെ ആധിപത്യമായിരുന്നു. റയലിന് ഒരിക്കല്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ ഐബറിന് കഴിഞ്ഞതേയില്ല. 23-ാം മിനിറ്റില്‍ റോഡ്രിഗ്രസിലൂടെയാണ് റയല്‍ മുന്നിലെത്തിയത്. 43, 83 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോളുകള്‍. 69-ാം മിനിറ്റില്‍ കരീം ബെന്‍സേമയാണ് മറ്റൊരു ഗോള്‍ നേടിയത്. ജയത്തോടെ റയല്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്‌സ രണ്ടാമതാണ്. ലീഗില്‍ ഇരുപത് ഗോളുമായി ക്രിസ്റ്റിയാനോയാണ് ടോപ്‌സ്‌കോറര്‍. 11 ഗോളുമായി നെയ്മറും 10 ഗോളുമായി മെസ്സിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.