Connect with us

Ongoing News

പ്ലസ്ടു കേസില്‍ ഹൈക്കോടതി വിധി നടപ്പാക്കും

Published

|

Last Updated

തിരുവനന്തപുരം: പ്ലസ്ടു കേസില്‍ ഹൈക്കോടതി വിധിയനുസരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ ശിപാര്‍ശയനുസരിച്ച് അനുവദിച്ച പ്ലസ്ടു സ്‌കൂളുകളും അധികബാച്ചുകളും റദ്ദാക്കും. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ശിപാര്‍ശ ചെയ്തിട്ടും പ്ലസ്ടു ലഭിക്കാതെ പോയ സ്‌കൂളുകള്‍ക്ക് അടുത്ത അധ്യയനവര്‍ഷം പുതിയ ബാച്ചുകള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആഗസ്റ്റ് 18ലെ ഹൈക്കോടതി നിര്‍ദേശം അനുസരിച്ചുള്ള നടപടിയുടെ ഭാഗമാണിതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വിവര പൊതുജനസമ്പര്‍ക്ക മന്ത്രി കെ സി ജോസഫ് അറിയിച്ചു.
ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കണ്‍വീനറായ ആറംഗ സമിതി ശിപാര്‍ശ ചെയ്യാത്ത 254 സ്‌കൂളുകളിലെ 283 ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ ഒഴിവാക്കും. സമിതി ശിപാര്‍ശ ചെയ്ത 372 സ്‌കൂളുകളിലെ 417 ബാച്ചുകള്‍ നിലനിര്‍ത്തിയും ഉത്തരവ് പുറപ്പെടുവിക്കും. ആറംഗ സമിതി ശിപാര്‍ശ ചെയ്തതും സര്‍ക്കാര്‍ ഉത്തരവില്‍ ഉള്‍പ്പെടാതെ പോയതുമായ 198 സ്‌കൂളുകളിലെ 219 ബാച്ചുകള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ആരംഭിക്കാന്‍ താത്കാലിക അനുമതി നല്‍കും. 2014 ജൂലൈ 31ലെ സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ക്ക് വിധേയമായാകും അനുമതി. കെ എസ് ടി പി പ്രവൃത്തി ആരംഭിച്ച മൂന്ന് പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കും. തലശ്ശേരി-വളവുപാറ റോഡ് 2015 ഒക്‌ടോബര്‍ 31 വരെയും പിലാത്തറ-പാപ്പിനിശ്ശേരി റോഡ് 2016 മാര്‍ച്ച് 26വരെയും കാസര്‍കോട്-കാഞ്ഞങ്ങാട് റോഡ് പ്രവൃത്തി 2016 മാര്‍ച്ച് 14 വരെയുമാണ് ദീര്‍ഘിപ്പിച്ചത്. കരാറുകാരന്‍ അധിക തുക ആവശ്യപ്പെടാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് കാലാവധി നീട്ടിയത്. കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി ഗവണ്‍മെന്റ് കോളജ് കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ നിന്ന് 7.59 ഏക്കര്‍ സ്ഥലം സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹോമിയോപ്പതി സ്ഥാപിക്കാന്‍ ഹോമിയോ വകുപ്പിന് ഉപയോഗാനുമതി നല്‍കും. ആലപ്പുഴ ജില്ലയിലെ മുല്ലക്കല്‍ വില്ലേജില്‍ 71.255 ആര്‍ ഭൂമി സനാതന ധര്‍മ്മ വിദ്യാശാലക്ക് പതിച്ചു നല്‍കാനും പാട്ടകുടിശ്ശിക ഒഴിവാക്കാനും തീരുമാനിച്ചു. തിരുവനന്തപുരം ആക്കുളത്ത് പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗി(നിഷ്)നെ വൈകല്യ പഠനങ്ങള്‍ക്കും പുനരധിവാസ ശാസ്ത്രങ്ങള്‍ക്കുമുള്ള ദേശീയ സര്‍വകലാശാലയായി ഉയര്‍ത്തും. ഇത് സംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

Latest