Connect with us

Kerala

വടക്കെ മലബാറിന് ആരോഗ്യ രംഗത്ത് എം വി ആറിന്റെ കയ്യൊപ്പ്

Published

|

Last Updated

കണ്ണൂര്‍: ഉത്തര മലബാറുകളില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലക്കാര്‍ക്ക് മികച്ച ആതുര ശുശ്രൂഷ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചത് എം വി ആറിന്റെ നേതൃത്വത്തിലായിരുന്നു. പരിയാരം മെഡിക്കല്‍ കോളജുജം കണ്ണൂര്‍ എ കെ ജി ആശുപത്രിയും പാപ്പിനിശ്ശേരിയിലെ വിഷചികിത്സാ കേന്ദ്രവും എം വി രാഘവനെന്ന സംഘാടകന്റെ നേട്ടങ്ങളില്‍ ചിലതാണ്.
കണ്ണൂര്‍ തളാപ്പില്‍ എ കെ ജി ആശുപത്രിക്ക് തറക്കല്ലിട്ടത് 1981 ജൂലായ് 19നായിരുന്നു. 1983 ആഗസ്ത് നവമ്പര്‍ 1ന് തളാപ്പില്‍ പുതിയ കെട്ടിടം സ്ഥാപിതമായി. അഞ്ച്‌നിലകളിലായിരുന്നു എ കെ ആശുപത്രി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. രണ്ട് നില കെട്ടിടമാണ് തുടക്കത്തില്‍ പണിതത്. 50 ലക്ഷം രൂപയായിരുന്നു ചെലവ്. മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജിലെ തെറാസിക് സര്‍ജന്‍ പ്രൊഫസറായ ഡോ. കെ പി ആര്‍ വാര്യരെ രാജിവെപ്പിച്ചാണ് എ കെ ജി ആശുപത്രിയുടെ ചുമതല നല്‍കിയത്. 1980ല്‍ പാപ്പിനിശ്ശേരി വിഷചികിത്സ സൊസൈറ്റിയുടെ ഡയരക്ടറുടെ നേതൃത്വത്തിലായിരുന്നു കണ്ണൂര്‍ മികച്ച വിഷ ചികിത്സ വേണമെന്ന ആലോചന നടന്നത്. എ കെ ജി വലിയ ആഗ്രഹമായിരുന്നു കണ്ണൂരില്‍ ഒരു നല്ല ആശുപത്രി വേണമെന്നത്. അതുകൊണ്ടു തന്നെയാണ് കണ്ണൂരില്‍ സഹകരണാടിസ്ഥാനത്തില്‍ ആരംഭിച്ച ആശുപത്രിക്ക് എ കെ ജിയുടെ പേര് നല്‍കിയത്.
കടുത്ത എതിര്‍പ്പുകള്‍ക്ക് ശേഷമായിരുന്നു പരിയാരം മെഡിക്കല്‍ കോളജിന് എം വി ആര്‍ തുടക്കം കുറിച്ചത്. എം വി ആറിന്റെ നിശ്ചയദാര്‍ഢ്യത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ് പരിയാരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഉത്തര മലബാറിന്റെ അഭിമാനമായ മെഡിക്കല്‍ കോളജ്. 1996 ജനുവരി രണ്ടിനായിരുന്നു വടക്കന്‍ മലബാറിന്റെ ചിരകാല സ്വപ്നമായ പരിയാരം മെഡിക്കല്‍ കോളജിന് 119 ഏക്കറില്‍ തുടക്കം കുറിച്ചത്. കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കമ്പനി ആന്റ് അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസ് (ലിമിറ്റഡ്) എന്ന പേരിലാണ് മെഡിക്കല്‍ കോളജിനായി സഹകരണ സംഘം രജിസ്റ്റര്‍ ചെയ്തത്. പരിയാരത്തെ സര്‍ക്കാര്‍ അധീനതയിലുള്ള ടി ബി സാനിറ്റോറിയത്തിന്റെ സ്ഥലം സൗജന്യമായി ലഭിക്കാന്‍ ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. മെഡിക്കല്‍ കോളജ് വരുന്നതിനെ ആദ്യം എതിര്‍ത്തത് ഇ എം എസ് ആണെന്ന് എം വി ആര്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് ഉദ്ഘാടനം പോലും തടസപെടുത്താന്‍ നീക്കമുണ്ടായെങ്കിലും എം വി ആറിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അതെല്ലാം മറികടക്കുകയായിരുന്നു. കേന്ദ്രമന്ത്രി ആന്തുലയെ ഹെലികോപ്റ്ററിലെത്തിച്ചായിരുന്നു മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം നടത്തിയത്.

---- facebook comment plugin here -----

Latest