Articles
കേരള രാഷ്ട്രീയത്തിലെ പടക്കുതിര

പോരാട്ടം കൊണ്ടു നിറഞ്ഞ ഒരു ജീവിതം; അതെന്താണെന്ന് സമൂഹത്തിനു കാണിച്ചു കൊടുത്ത കമ്യൂണിസ്റ്റിന്റെ യഥാര്‍ഥ പ്രതിഫലനമായിരുന്നു മേലത്തു വീട്ടില്‍ രാഘവന്‍ എന്ന എം വി ആറിന്റെ ജീവിതം. സി പി എമ്മിനകത്തു നിന്നപ്പോഴും പുറത്തു പോയപ്പോഴും മുഴക്കിയ വേറിട്ട ശബ്ദമാണ് എം വി രാഘവനെ കേരള രാഷ്ട്രീയത്തില്‍ “കണ്ണൂരിന്റെ പടക്കുതിര”യും ഗര്‍ജിക്കുന്ന സിംഹവു”മൊക്കെ ആക്കി മാറ്റിയത്. പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയ ആരെങ്കിലും സി പി എമ്മിന് ഭീതി ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് എം വി ആര്‍ മാത്രമാണ് എന്നതാണ് ചരിത്രം. കേഡര്‍ പാര്‍ട്ടിയുടെ ഉരുക്കു കോട്ടക്കു ശക്തമായി വിള്ളലുണ്ടാക്കാനായില്ലെങ്കിലും ഉരുക്കു കോട്ടയെ വിറപ്പിക്കാന്‍ മാത്രം കരുത്തുള്ളതായിരുന്നു എം വി ആറിന്റെ വ്യക്തിപ്രഭാവം.
കേവലം 16 വയസ്സുള്ളപ്പോള്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അംഗമായ എം വി ആറിന്റെ ജീവിതം പോരാട്ടങ്ങളുടെതായിരുന്നു. ഒന്നര വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അമ്മാവന്റെ സംരക്ഷണയിലായിരുന്നു വളര്‍ന്നത്. കുടുംബത്തിലെ സാമ്പത്തിക പരാധീനത മൂലം എട്ടാം ക്ലാസു വരെയേ പഠിക്കാനായുള്ളൂ. തുടര്‍ന്ന് നെയ്തു തൊഴിലാളിയായും പ്ലൈവുഡ് കമ്പനി തൊഴിലാളിയായും ജീവിതമാരംഭിക്കുകയായിരുന്നു. 1947ലെ ആറോണ്‍ മില്‍ സമരത്തില്‍ സജീവ പങ്കാളിത്തം വഹിച്ചാണ് സമരരംഗത്ത് രാഘവന്‍ കടന്നുവരുന്നത്. 1949ല്‍ കമ്യൂണിസ്റ്റുകളെ ഭരണകൂടം വേട്ടയാടിയിരുന്ന സമയത്ത് ഒളിവില്‍ കഴിയുന്ന സഖാക്കളെ സുരക്ഷിതമായി താമസിപ്പിക്കുന്നതിന്റെയും ഷെല്‍ട്ടറുകളില്‍ എത്തിക്കേണ്ടയും ചുമത വഹിച്ചു. പാപ്പിനിശ്ശേരിയിലെ രാജരാജേശ്വരി മില്ലില്‍ ജോലി ചെയ്തിരുന്നത് ദേശീയ സമരം ചൂടുപിടിച്ചിരുന്ന കാലത്താണ്. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് ആറോണ്‍ മില്ലിലെ സമരം തുടങ്ങിയത്. നാല്‍പ്പതുകളിലെ കമ്മ്യൂണിസറ്റ് വേട്ടയും ഈയൊരു കാലയളവില്‍ തന്നെ. സഹോദരീഭര്‍ത്താവിനെത്തേടി പൊലീസുകാര്‍ വീട്ടില്‍ കയറിയിറങ്ങി നായാട്ടുനടത്തുന്നത് കണ്ട് മരച്ചുവട്ടില്‍ രാത്രി കഴിച്ചുകൂട്ടിയ അനുഭവങ്ങളും രാഘവന് ഉണ്ടായിട്ടുണ്ട്.
1946ല്‍ 110 ദിവസം നീണ്ടുനിന്ന ആറോണ്‍ സമരത്തിലൂടെ തെളിഞ്ഞുവന്ന ഈ യുവ കമ്മ്യൂണിസ്റ്റുകാരന്‍ 1949ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ പാപ്പിനിശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ഉള്‍പ്പെടെ മലബാര്‍ മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ഒളിവിലും തെളിവിലുമായി പ്രവര്‍ത്തിച്ചു. ഒളിവില്‍ രമേശന്‍ എന്ന പേരിലായിരുന്നു പ്രവര്‍ത്തനം. 57ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയ തിരഞ്ഞെടുപ്പില്‍ മാടായി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ കെ പി ആറിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ചുമതല രാഘവനായിരുന്നു. മാടായി തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി നിര്‍ദേശ പ്രകാരം ഷൊര്‍ണൂരില്‍ പാര്‍ട്ടിക്ക് വേരോട്ടം നടത്താനായി നിയോഗിക്കപ്പെട്ട എം വി ആര്‍ 60ല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് സി പി എമ്മില്‍ നിന്നപ്പോള്‍ ദേശാഭിമാനി സി പി എമ്മിന് സ്വന്തമാക്കാനായതിനു പിന്നിലും രാഘവന്റെ പ്രവര്‍ത്തനമുണ്ട്. ദേശാഭിമാനി എന്തു വില കൊടുത്തും പിടിച്ചെടുക്കണമെന്നും മറ്റാരെക്കാളും നിര്‍ബന്ധം പിടിച്ചതു എം വി ആറായിരുന്നു. അതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ചു മറ്റുള്ളവര്‍ ആശങ്കപ്പെട്ടപ്പോള്‍ വളണ്ടിയര്‍മാരെ അയച്ചു മറ്റുള്ളവര്‍ അസാധ്യമെന്ന് കരുതിയ കാര്യം പാര്‍ട്ടിക്കു നേടിക്കൊടുത്തതും ഇച്ഛാശക്തിയുടെ തെളിവാണ്. കണ്ണൂര്‍ ജില്ലയിലും പുറത്തും നടന്ന നിരവധി കര്‍ഷക സമരങ്ങളിലും നേതൃപരമായ പങ്ക് വഹിക്കാന്‍ രാഘവന് കഴിഞ്ഞു. ആറോണ്‍ സമരകാലത്ത് സംസ്ഥാനാടിസ്ഥാനത്തില്‍ നടന്ന തൊഴിലാളി മാര്‍ച്ചിന്റെ പാലക്കാട് ജാഥയുടെ നേതൃത്വവും രാഘവനായിരുന്നു. 1960ല്‍ നടന്ന കര്‍ഷക സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഷ്ഠിച്ചു. ഈ കാലയളവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തളിപ്പറമ്പ് താലൂക്ക് സെക്രട്ടറിയായിരുന്നു. അഴീക്കോടന്‍ രാഘവനായിരുന്നു അന്ന് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി. 1967ലാണ് രാഘവന്‍ സി പി എം ജില്ലാ സെക്രട്ടറിയായത്. 1964ല്‍ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ വര്‍ഷം തന്നെ “ചൈനീസ് ചാരന്‍” എന്ന് മുദ്രകുത്തി എം വി രാഘവനെയും ജയിലിലടച്ചു.
നക്‌സല്‍ പ്രസ്ഥാനത്തിന്റെ വസന്തത്തിന്റെ ഇടിമുഴക്കം എന്ന അതിവിപ്ലവ തരംഗം കേരളക്കരയില്‍ മുഴങ്ങിയപ്പോള്‍ പാര്‍ട്ടിക്കത്തെ യുവരക്തം ഇതിലേക്കു ആകര്‍ഷിക്കപ്പെട്ടിരുന്നു. ഈ സമയത്ത് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ രാഘവന്റെ ഇടപെടലുകളാണ് പാര്‍ട്ടിക്കകത്തെ യുവാക്കളെ തീവ്രവിപ്ലവ പാതയിലേക്കു പോകാതെ പിടിച്ചു നിര്‍ത്തിയത്.
1970ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ മാടായിയില്‍ നിന്ന് മത്സരിച്ച രാഘവന്‍ 7,771 വോട്ടുകള്‍ക്കു പാറയില്‍ ശ്രീധരനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. നായനാരെ 1973ല്‍ ഇരിക്കൂറില്‍ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തിക്കാനിടയാക്കിയ എം വി ആറിന്റെ ഒറ്റ വാക്ക് എന്നത് കമ്യൂണിസ്റ്റു ഇന്ത്യയിലെ കമ്യൂണിസ്റ്റു ചരിത്രത്തിലെ തന്നെ സംഭവമായി മാറി. ഇരിക്കൂര്‍ എം എല്‍ എ ആയിരുന്ന എ കുഞ്ഞിക്കണ്ണന്റെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ കെ നായനാര്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ പാര്‍ട്ടി പാട്യം ഗോപാലന്‍, ഇ പി കൃഷ്ണന്‍ നായര്‍ എന്നിവരുടെ പേരുകളായിരുന്നു നിര്‍ദേശിച്ചത്. നേരത്തെ പാലക്കാട് സീറ്റ് നല്‍കാത്ത പരിഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം മതിയാക്കിയെന്ന രീതിയില്‍ വീട്ടിലേക്കു തിരിച്ച വ്യക്തിയായിരുന്നു നായനാര്‍. ഇതറിയാവുന്ന രാഘവന്‍ നായനാരുടെ പേര് നിര്‍ദേശിച്ചെങ്കിലും പാര്‍ട്ടി ഘടന പ്രകാരം സെക്രട്ടറി മത്സരിക്കുന്നത് ഉചിതമല്ലെന്ന് ഭൂരിപക്ഷം ചൂണ്ടിക്കാട്ടി. “പാര്‍ട്ടി സെക്രട്ടറിക്ക് മത്സരിക്കാന്‍ സീറ്റില്ലെങ്കില്‍ ഇതെന്തു പാര്‍ട്ടിയായാണെ”ന്നായിരുന്നു രാഘവന്റെ ചോദ്യം. ഈ ചോദ്യത്തിനു മുന്നില്‍ മഞ്ഞുരുകി, കീഴ്‌വഴക്കങ്ങള്‍ മാറ്റിവെക്കപ്പട്ടു. എം വി ആറിന്റെ അഭിമാനപ്രശ്‌നമായി മാറിയ തിരഞ്ഞെടുപ്പില്‍ നായനാര്‍ 1822 വോട്ടുകള്‍ക്കു വിജയിച്ചു. 1980ല്‍ 21 മാസത്തെ ഭരണത്തിന് ശേഷം രാജിവെച്ച നായനാര്‍ മന്ത്രിസഭയില്‍ നായനാരെ മുഖ്യമന്ത്രിയാക്കിയതിന് പിന്നിലെ ചാലക ശക്തിയായി പ്രവര്‍ത്തിച്ചതും എം വി ആര്‍ തന്നെ. ഇ എം എസ് ഉള്‍പെടെയുള്ളവര്‍ ടി കെ രാമകൃഷ്ണനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിടത്താണ് രാഘവന്‍ ഈ വിജയം നേടിയത്. 1982ലെ 11-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ എ കെ ജിക്കു പകരം വെക്കാന്‍ ആളില്ലാത്തതാണ് സി പി എം നേരിടുന്ന പ്രശ്‌നമെന്നും ഈ അഭാവം പാര്‍ട്ടിയെ ഗ്രസിച്ചുകൊണ്ടിരിക്കുകയാണെന്നും തുറന്നടിച്ചതോടെ ഈ കമ്യൂണിസ്റ്റ് പോളിറ്റ് ബ്യൂറോയുടെ കണ്ണിലെ കരടായി മാറി. 1986 ജൂണ്‍ 26നാണ് എം വി രാഘവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. എം വി രാഘവന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം പാര്‍ട്ടി സഖാക്കള്‍ സ്റ്റേറ്റ് കോണ്‍ഫറന്‍സില്‍ എടുത്ത രാഷ്ട്രീയ നിലപാട് നഗ്നമായ പാര്‍ലമെന്ററി വ്യാമോഹവും വര്‍ഗീയ രാഷ്ട്രീയത്തിന് കീഴടങ്ങലുമാണെന്നാണ് പുറത്താക്കിക്കൊണ്ടുള്ള തീരുമാനത്തില്‍ പറയുന്ന കാരണങ്ങളിലൊന്ന്. 1986ല്‍ സി പി എമ്മില്‍ നിന്ന് പുറത്താക്കിയ വേളയില്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ സി എം പി രൂപവത്കരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒട്ടും ആശങ്കയുണ്ടായിരുന്നില്ല. ഈയൊരു നിശ്ചയദാര്‍ഢ്യം കുട്ടിക്കാലത്തേ സൂക്ഷിച്ചിരുന്ന നേതാവാണ് എം വി രാഘവന്‍. സി പി എമ്മില്‍ നിന്ന് പുറത്താകുന്നതിന് കാരണമായ ബദല്‍ രേഖയുമായി ആദ്യഘട്ടത്തില്‍ ഉറച്ചുനിന്ന പലരും പിന്‍വാങ്ങിയപ്പോള്‍ രാഘവന്‍ തന്റെ തീരുമാനവുമായി വിരലിലെണ്ണാവുന്നവരുടെ പിന്‍ബലത്തില്‍ മുന്നോട്ടു പോകുകയായിരുന്നു.
1970 ഒക്ടോബര്‍ 27ന് എം വി രാഘവന്‍ നിയമസഭയില്‍ നടത്തിയ കന്നി പ്രസംഗവും പിന്നീടുള്ള ചോദ്യോത്തരങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പോലീസ് മര്‍ദനം, ക്രമസമാധാനം, പൗരാവകാശ ധ്വംസനം എന്നീ വിഷയങ്ങളായിരുന്നു പ്രധാനമായും നിയമസഭാ പ്രസംഗങ്ങളില്‍ ഉന്നയിച്ചിരുന്നത്. 1980ല്‍, കണ്ണൂരില്‍ മെഡിക്കല്‍ കോളജ് വേണമെന്ന് വാദിച്ചു അദ്ദേഹം. പിന്നീട് എ കെ ജി ആശുപത്രിയും പരിയാരം മെഡിക്കല്‍ കോളജും സ്ഥാപിക്കാനായത് നിയമസഭയില്‍ രാഘവന്റെ പോരാട്ടത്തിന്റെ ഭാഗമായിരുന്നു.
1992ല്‍ എ കെ ജി ആശുപത്രി തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി മാസങ്ങളോളം രാഘവനെയും സി എം പി പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രതിയോഗികള്‍ പിന്തുടര്‍ന്ന് അക്രമിച്ചു. അഴീക്കോട് പോര്‍ട്ടിന്റെ വികസന സെമിനാറില്‍ പങ്കെടുത്ത് വരുന്നതിനിടെ രാഘവന് നേരെ രണ്ടിടത്തായി ബോംബേറുണ്ടായി. പോര്‍ട്ട് ഓഫീസും പോര്‍ട്ട് ഓഫീസിന്റെ വാഹനവും കത്തിച്ച് ചാമ്പലാക്കി. പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കുള്‍പ്പെടെ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. നിയമസഭയില്‍ വെച്ചും രാഘവന്‍ അക്രമിക്കപ്പെട്ടു. സ്വന്തം വീടും നൂറുക്കണക്കിന് പാര്‍ട്ടി സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടിട്ടും രാഘവന്‍ എന്ന കരുത്തുറ്റ നേതാവ് സി എം പിയെ ധീരമായി തന്നെ മുന്നോട്ടുകൊണ്ടുപോയി.
അഖിലേന്ത്യാ തലത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് ബദല്‍ ആയിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം. ഉത്തരേന്ത്യയില്‍ കമ്മ്യൂണിസ്റ്റ് ബദല്‍ സ്വപ്‌നങ്ങളുമായി പ്രവര്‍ത്തനം നടത്തിയിരുന്ന മൊഹിത് സെന്‍ ഇക്കാര്യത്തില്‍ എം വി രാഘവനോട് സഹകരിച്ചിരുന്നു. പല തവണ സമാനമനസ്‌കരായ ഇന്ത്യയിലെ ചെറുതും വലുതുമായ കക്ഷികളുമായി ഇക്കാര്യത്തില്‍ പത്ത് വര്‍ഷം മുമ്പ് കൂടിയാലോചന നടത്തുകയുണ്ടായി. കമ്മ്യൂണിസ്റ്റ് കോണ്‍ഫെഡറേഷന്‍ എന്ന ആശയം വച്ചുകൊണ്ടാണ് ഇത്തരമൊരു കൂട്ടായ്മക്ക് അടിത്തറയിട്ടത്. പിന്നീട് മൊഹിത്‌സെന്നിന്റെ മരണത്തോടെ എം വി ആര്‍ ഇതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.
ഏറ്റവുമൊടുവില്‍ യു ഡി എഫില്‍ നിന്നുള്ള അവഗണനക്കെതിരെയും രാഘവന്‍ തുറന്നടിച്ചു. തങ്ങളെ രണ്ടാം കിടക്കാരാക്കുന്ന നയം തിരുത്തണമെന്ന ആവശ്യമായിരുന്നു അവശതക്കിടയിലും രാഘവന്‍ ഉന്നയിച്ചത്. കാല്‍നൂറ്റാണ്ടിനുമപ്പുറം കമ്യൂണിസ്റ്റ് ഏകീകരണമെന്ന സ്വപ്‌നവും രാഘവനുണ്ടായിരുന്നു. ഇതിന്റെ ഭാഗമായെന്നോണം സി പി എം- സി പി ഐ നേതാക്കള്‍ രാഘവനെ തേടിയെത്തി. ഏറ്റവുമവസാനം സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ രാഘവനെ കാണാനെത്തിയതും കേരള രാഷ്ട്രീയത്തില്‍ എം വി രാഘവനെന്ന വലിയ നേതാവിന്റെ പ്രസക്തിയാണ് ചൂണ്ടിക്കാട്ടുന്നത്.