Connect with us

International

ടുണീഷ്യയില്‍ അന്നഹ്ദക്ക് തിരിച്ചടി; സെക്കുലറിസ്റ്റുകള്‍ക്ക് വിജയം

Published

|

Last Updated

ടുണിസ്: അറബ് വസന്തത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കപ്പെട്ട വിപ്ലവത്തിനും ഭരണ മാറ്റത്തിനും ശേഷം ടുണീഷ്യയില്‍ നടന്ന ആദ്യ സമ്പൂര്‍ണ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് വന്‍ തിരിച്ചടിയെന്ന് സൂചന. ഞായറാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫല സൂചനകള്‍ അനുസരിച്ച് സെക്യുലര്‍ പാര്‍ട്ടിയായ നിദാ ടൗണ്‍സ് വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ഇസ്‌ലാമിസ്റ്റ് കക്ഷിയായ അന്നഹ്ദ പിന്നിലാണെന്നാണ് റിപ്പോര്‍ട്ട്. ബെജി ഇസ്സബ്‌സി നേതൃത്വം നല്‍കുന്ന നിദാ 83 സീറ്റ് നേടിയപ്പോള്‍ വിപ്ലവത്തിന് ശേഷം അധികാരം പിടിച്ചടക്കിയ അന്നഹ്ദ 68 സീറ്റുകളില്‍ മാത്രമാണ് നേടിയത്. പ്രാഥമിക ഫലപ്രഖ്യാപനം മാത്രമാണ് ഇന്നലെ നടന്നിട്ടുള്ളത്.
പുതിയ ഭരണഘടന എഴുതുന്നതില്‍ പ്രധാന പങ്കുവഹിച്ച അന്നഹ്ദ 31 ശതമാനം വോട്ടിലേക്ക് ചുരുങ്ങി. നിദാ പാര്‍ട്ടി 38 ശതമാനം വോട്ട് നേടിയിട്ടുണ്ടെന്നാണ് കണക്ക്. 217 അംഗ പാര്‍ലിമെന്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫ്രീ പാട്രിയോട്ടിക് യൂനിയന്‍ 17 സീറ്റുകളും (ഏഴ് ശതമാനം) പോപുലര്‍ ഫ്രണ്ട് 12 സീറ്റും(അഞ്ച് ശതമാനം) നേടി.
വന്‍ വിജയം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടി അന്നഹ്ദ പ്രവര്‍ത്തകരെയും നേതാക്കളെയും നിരാശയിലാഴ്ത്തിയിരിക്കുകയാണ്. സൈനില്‍ ആബിദീന്‍ ബിന്‍ അലി പുറത്തായ ശേഷം വിപ്ലവത്തിന്റെ നേതൃസ്ഥാനം അവകാശപ്പെട്ട് ഭരണത്തിലേറിയ അന്നഹ്ദയുടെ കീഴില്‍ ടുണീഷ്യയുടെ സാമ്പത്തിക രംഗം കുത്തഴിഞ്ഞ നിലയിലായിരുന്നു. പരിചയക്കുറവും പ്രത്യയശാസ്ത്ര കടുംപിടിത്തങ്ങളും അന്നഹ്ദക്ക് മുന്‍തൂക്കമുള്ള സര്‍ക്കാറിനെ തികഞ്ഞ പരാജയത്തിലേക്ക് നയിക്കുകയായിരുന്നു. വിപ്ലവത്തിന് ശേഷം അധികാരമേല്‍ക്കുന്ന സര്‍ക്കാറുകള്‍ക്ക് ബാലറ്റ് യുദ്ധത്തില്‍ പരാജയമേല്‍ക്കുന്നത് ചരിത്രത്തില്‍ നിത്യ സംഭവമാണെന്ന് പാര്‍ട്ടിയുടെ ശൂറാ കൗണ്‍സില്‍ അംഗം അഹ്മദ് ഗാലൂല്‍ പറഞ്ഞു.
“ഇത്തരം സര്‍ക്കാറുകള്‍ക്കെല്ലാം ദുഷ്‌കരമായ കാലം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതിന് കാരണം ജനങ്ങളുടെ അമിത പ്രതീക്ഷയാണ്. ഭരണം മുന്നോട്ട് കൊണ്ടുപോകുക ബുദ്ധിമുട്ടുള്ള കാര്യമാണ്”- ഗലൂല്‍ അല്‍ ജസീറയോട് പറഞ്ഞു.
സെക്യുലര്‍ പാര്‍ട്ടിയുടെ വിജയം രാജ്യത്ത് വന്‍ പരിഷ്‌കരണങ്ങള്‍ക്ക് വഴിവെക്കും. കൂടുതല്‍ പാശ്ചാത്യ അനുകൂല ഭരണമായിരിക്കും കാഴ്ചവെക്കുക. നിദാ മേധാവി ഇസ്സബ്‌സി (87) രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റായ ഹബീബ് ബോര്‍ഗിബയുടെ മന്ത്രിസഭയില്‍ ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. പുറത്താക്കപ്പെട്ട പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ കീഴില്‍ സ്പീക്കറായിരുന്നു. ബിന്‍ അലിയുടെ ഭരണരീതിയുടെ ആവര്‍ത്തനമായിരിക്കും ഇസ്സബ്‌സി കൊണ്ടുവരികയെന്ന് വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ അന്തിമ ഫലം വരുമ്പോള്‍ സെക്യുലറിസ്റ്റുകള്‍ക്ക് ഒറ്റക്ക് ഭരിക്കാനുള്ള അംഗ സംഖ്യ ഉണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്നഹ്ദ സഖ്യ സര്‍ക്കാറില്‍ ചേരാനിടയുണ്ട്.
പോളിംഗ് കുറയുമെന്ന പ്രവചനങ്ങളെയാകെ അപ്രസക്തമാക്കി 60 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. വോട്ടെടുപ്പ് സമാധാനപരവും നീതിയുക്തവുമായിരുന്നുവെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest