Connect with us

Kozhikode

പരമ്പരാഗത വ്യവസായത്തില്‍പെടുത്തി ഓട് വ്യവസായത്തെ സംരക്ഷിക്കും

Published

|

Last Updated

കോഴിക്കോട്: കളിമണ്‍ ഓട് വ്യവസായത്തെ പരമ്പരാഗത വ്യവസായത്തില്‍പെടുത്തി സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍. ഓടു കമ്പനികള്‍ക്ക് കളിമണ്ണ് ഖനനം ചെയ്യാന്‍ ആവശ്യമായ നിയമങ്ങള്‍ ഓര്‍ഡിനന്‍സ് മുഖേന നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓടു കമ്പനികള്‍ക്ക് കളിമണ്ണ് ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ ഇന്നലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് സര്‍ക്കാറിന്റെ ഉറപ്പ്. എം കെ രാഘവന്‍ എം പിയും മുന്‍ വ്യവസായ മന്ത്രി എളമരം കരീമും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രത്യേക യോഗം വിളിച്ചത്. നിലവിലെ ഖനന ഉത്തരവ് പരമ്പരാഗത വ്യവസായത്തെ ബാധിക്കാത്ത വിധത്തില്‍ നടപ്പാക്കും. ഓട് വ്യവസായത്തിനുള്ള കളിമണ്ണ് മൈനല്‍ മിനറല്‍സ് പട്ടികയില്‍പെട്ടതിനാല്‍ പരിസ്ഥിതി വകുപ്പിന്റെ ക്ലിയറന്‍സ് വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പുതിയ ഖനന ഉത്തരവ് വന്നതോടെ കളിമണ്‍ ഖനനം പൂര്‍ണമായി നിലച്ച അവസ്ഥയിലായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ഉള്ള കമ്പനികള്‍ക്ക് മാത്രമേ കളിമണ്‍ ഖനനത്തിന് അനുമതി കിട്ടുമായിരുന്നുള്ളു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തൊരിടത്തും ഖനനം നടക്കാത്തതിനാല്‍ രണ്ട് വര്‍ഷം മുമ്പ് ശേഖരിച്ച കളിമണ്ണ് ഉപയോഗിച്ചാണ് നിലവില്‍ പല കമ്പനികളും ഓട് നിര്‍മിച്ചത്. ഇഷ്ടിക, കളിമണ്‍ പാത്ര നിര്‍മാണവും പ്രതിസന്ധിയിലായിരുന്നു. കളിമണ്ണിന് ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ മിക്ക ഓടു കമ്പനികളും ലേ ഓഫിന്റെ വക്കിലെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലയില്‍ നിന്നുള്ള നേതാക്കളുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേര്‍ന്നത്.
തലസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, ഡോ. എം കെ മുനീര്‍, എം കെ രാഘവന്‍ എം പി, മുന്‍ മന്ത്രി എളമരം കരീം, സി ഐ ടി യു നേതാവ് പി സുബ്രഹ്മണ്യന്‍ നായര്‍, ഐ എന്‍ ടി യു സി നേതാവ് അഡ്വ. എം രാജന്‍, ബി എം എസ് നേതാവ് എം ശശിധരന്‍, തൊഴിലുടമ പ്രതിനിധികളായ എം എ അബ്ദുര്‍റഹ്മാന്‍, എം ജി ഗോപിനാഥ്, വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് 213 ഓട് ഫാക്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും കോഴിക്കോട് ജില്ലയിലെ ഫറോക്കിലും തൃശൂരിലുമാണ്. മുന്‍ കാലങ്ങളില്‍ പ്രതിദിനം മൂന്ന് ലക്ഷത്തോളം ഓടുകള്‍ ഉത്പാദിപ്പിച്ചിരുന്ന ഫറോക്കില്‍ ഇപ്പോള്‍ ഒരു ലക്ഷത്തില്‍ താഴെയാണ് ഉത്പാദനം. കളിമണ്ണിനായി പലരും അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ബംഗളൂരു, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും കളിമണ്ണ് കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. എന്നാല്‍ കര്‍ണാടകയില്‍ നിന്ന് ഒരു ലോഡ് കളിമണ്ണ് കൊണ്ടുവരാന്‍ അമ്പതിനായിരം രൂപയാണ് ചെലവ്. നിരോധത്തിന് മുമ്പ് ഇവിടെ നിന്നും ശേഖരിക്കുന്ന മണ്ണിന് ലോഡൊന്നിന് നാലായിരം രൂപ ചെലവായ സ്ഥാനത്താണിത്. അമ്പതിനായിരം പേര്‍ പ്രത്യക്ഷത്തില്‍ ജോലി ചെയ്യുന്ന വ്യവസായമാണ് ഓട് വ്യവസായം.

Latest