Connect with us

Kerala

ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിച്ചത് വിവാദമാകുന്നു

Published

|

Last Updated

ഹരിപ്പാട്: സാധനങ്ങളുടെ തീപിടിച്ച വിലയില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കേണ്ട ലക്ഷങ്ങളുടെ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗ ശൂന്യമായത് വിവാദമാകുന്നു.
കണ്‍സ്യൂമര്‍ ഫെഡിന്റെ നിയന്ത്രണത്തിലുളള ഡാണാപ്പടി നീതി ഗോഡൗണിലാണ് ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിച്ചത്. ഫുഡ് സേഫ്റ്റി കമ്മീഷന്‍ ഗോഡൗണ്‍ പരിശോധിക്കുകയും കേടായ ബിരിയാണി അരി, ഗോതമ്പ് നുറുക്ക്, മുളക്, തുവര പരിപ്പ്, റവ എന്നിവ വിതരണം ചെയ്യരുതെന്നും അവ നശിപ്പിക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ബോര്‍ഡ് യോഗം കൂടി ഇവ കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ കുറഞ്ഞ വിലക്ക് ഭക്ഷ്യോപയോഗത്തിനല്ലാത്ത ആവശ്യത്തിന് വില്‍ക്കുകയോ ചെയ്യാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ഗോഡൗണ്‍ മാനേജര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പൊളളാച്ചി സ്വദേശിക്ക് സാധനങ്ങള്‍ വില്‍പ്പന നടത്തുകയായിരുന്നു. ഇന്നലെ രാവിലെ സാധനങ്ങള്‍ വണ്ടിയില്‍ കയറ്റുമ്പോള്‍ ഒരുകൂട്ടം ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
എട്ടരലക്ഷം രൂപയുടെ സാധനങ്ങളാണ് കേടായതെന്നും ഗോഡൗണിന്റെ സംഭരണശേഷിയിലും അധികം സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചിട്ടും കാര്യക്ഷമായി വിതരണം നടത്താത്തതാണ് സാധനങ്ങള്‍ ഉപയോഗശൂന്യമാകാന്‍ കാരണമെന്നും ജീവനക്കാര്‍ ആരോപിച്ചു.
കുറഞ്ഞ വിലക്കാണ് കരാറുകാരന് സാധനങ്ങള്‍ വില്‍പ്പന നടത്തിയതെന്നും ഭക്ഷ്യോപയോഗ്യമല്ലാത്ത ഇവ വളം നിര്‍മാണത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയു എന്നും സീനിയര്‍ മാനേജര്‍ സുനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ ഇത് ശരിയല്ലെന്നും കരാറുകാരന്‍ ബന്ധപ്പെട്ടവര്‍ക്ക് കൈക്കൂലി നല്‍കിയാണ് കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വാങ്ങിയതെന്നും ഇതിന്റെ ഏറിയ പങ്കും നല്ല സാധനങ്ങളുടെ കൂടെ കലര്‍ത്തി പൊതുവിപണിയില്‍ വില്‍ക്കാനാണ് ഉദ്ദേശ്യമെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.
32 ചാക്ക് തുവര, 200 ചാക്ക് മുളക്, 322 ചാക്ക് റവ എന്നിങ്ങനെയാണ് കിലോക്ക് ഒരുരൂപ നിരക്കില്‍ കരാറുകാരന് വിറ്റത്. ഇതേ ഗോഡൗണില്‍ മൂന്ന് വര്‍ഷം മുമ്പ് കെട്ടിക്കിടന്ന് നശിച്ച രണ്ട് ലോഡ് അരി രാത്രിയില്‍ ഗോഡൗണ്‍ പരിസരത്ത് കുഴച്ചുമൂടിയത് വിവാദമായിരുന്നു.

 

Latest