Kerala
ഗോപാല്‍ സുബ്രഹ്മണ്യം പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രം അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ക്ഷേത്രം സന്ദര്‍ശിച്ചു. ഓണം പ്രമാണിച്ച് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതാണ് അദ്ദേഹം.അമിക്കസ് ക്യൂറിയായി വീണ്ടും തുടരാന്‍ ആയതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഈ മാസം 27ന് വീണ്ടും വരുമെന്നും ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു.
ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെത്തിയ അമിക്കസ് ക്യൂറിയെ ക്ഷേത്രത്തിലെ വിവിധ സംഘടനാ ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.
പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി അദ്ദേഹം ഇന്ന് പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കും. ഉത്സവം കഴിഞ്ഞാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് തിരുവോണ ദിവസം.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുഴുവന്‍ ഇടങ്ങളും നടന്നുകണ്ട ശേഷം സീല്‍വച്ച കവറിലാണ് അമിക്കസ് ക്യൂറി നിലവറിയിലെ അമൂല്യ സമ്പത്തുകളെക്കുറിച്ച് സുപ്രീം കോടതിക്ക് രണ്ട് റിപോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നത്.
സീല്‍വെച്ചു നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. സീല്‍വെക്കാത്ത കവറില്‍ നല്‍കിയ വിവരങ്ങള്‍ പുറത്തു വന്നതാണ് പിന്നീട് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. കേസുമായി ബന്ധപ്പെട്ട് രേഖകളെല്ലാം സുപ്രീം കോടതിയില്‍ നിന്ന് തിരികെ വാങ്ങിയശേഷമാണ് ഗോപാല്‍ സുബ്രഹ്മണ്യം എത്തിയത്. അതേസമയം എ നിലവറയിലെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയശേഷം സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി നിധി ശേഖരം നിലവറയിലേക്ക് തിരികെ വെക്കുന്ന ജോലി അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്.