Connect with us

Wayanad

സര്‍ക്കാര്‍ ഏതാനും ആദിവാസികള്‍ക്ക് ഭൂമി നല്‍കി തടിയൂരാന്‍ ശ്രമിക്കുന്നു: എ കെ എസ്

Published

|

Last Updated

കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാരിന്റെ ആദിവാസി വഞ്ചനക്കെതിരെ ആദിവാസിക്ഷേമസമിതി വീണ്ടും ജയില്‍ നിറക്കല്‍ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി സെപ്തംബര്‍ ഒന്നിന് കലക്ടറേറ്റ് ഉപരോധിക്കുമെന്ന് ആദിവാസി ഭൂസമര സഹായസമിതി കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍, ചെയര്‍മാന്‍ അഡ്വ. പി ചാത്തുക്കുട്ടി, എകെഎസ് ജില്ലാ പ്രസിഡന്റ് സീതാബാലന്‍, സംസ്ഥാന ട്രഷറര്‍ വി കേശവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

1999ലെ ആദിവാസി ഭൂസംരക്ഷണ നിയമപ്രകാരവും തുടര്‍ന്ന് 2000-ല്‍ സര്‍ക്കാര്‍ 32 ആദിവാസി സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഉണ്ടാക്കിയ കരാറും പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിയൂടെ നേതൃത്വത്തില്‍ അട്ടിമറിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ ആദിവാസി വിരുദ്ധ നിലപാടിനാണ് മന്ത്രി ജയലക്ഷ്മി നേതൃത്വം കൊടുക്കുന്നത്. ആദിവാസികള്‍ക്ക് ആശിക്കുന്ന ഭൂമി പദ്ധതി വന്‍ സാമ്പത്തിക തട്ടിപ്പിന്റെ കേന്ദ്രമായി മാറി. കാട്ടാനകളിറങ്ങുന്നതും വാസയോഗ്യമല്ലാത്തതുമായ ഭൂമി ആദിവാസികളുടെ തലയില്‍ കെട്ടിവെക്കുകയാണ്. വന്‍സാമ്പത്തിക അഴിമതി ലക്ഷ്യമാക്കി ഒരു വിഭാഗം പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥരും ഭൂമി കച്ചവടക്കാരും ചേര്‍ന്ന ലോബിയാണ് ഇതിന് പിന്നില്‍. തരിയോട് കാട്ടാനകള്‍ വിഹരിക്കുന്ന ഭൂമി വിറ്റഴിക്കാനുള്ള മാര്‍ഗമായിട്ടാണ് ഈ പദ്ധതിയെ കണ്ടത്. പുല്‍പ്പള്ളിയില്‍ ഏക്കറിന് 28ലക്ഷം രൂപയില്‍ താഴെ വിലവരുന്ന സ്ഥലത്തിന് ഏക്കറിന് 38 ലക്ഷം രൂപ കണക്കാക്കി നാല് ഏക്കര്‍ ഭൂമി എടുത്തിരിക്കുകയാണ്. പുല്‍പ്പള്ളിയിലെ ഒരു ഉന്നത ഭരണകക്ഷി നേതാവിന്റെ ഒത്താശയോടെയാണ് ഈ കാര്യങ്ങള്‍ നടക്കുന്നതെന്ന് നാട്ടില്‍പാട്ടാണ്. 10 ലക്ഷം രൂപ നല്‍കി ഒരേക്കര്‍ ഭൂമി നല്‍കുന്ന ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാര്‍ തലയൂരുകയാണ്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ട ആദിവാസികളുടെ ലിസ്റ്റ് തയ്യാറാക്കി മുന്‍ഗണനാപ്രകാരം ഭൂമി നല്‍കുന്നതിന് പകരം റിയല്‍ എസ്‌റ്റേറ്റ് മാഫിയ സ്വാധീനിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കാണ് ഭൂമി ലഭിക്കുന്നത്. യഥാര്‍ഥത്തില്‍ അര്‍ഹതപ്പെട്ടവര്‍ തഴയപ്പെടുന്നു.
പട്ടികവര്‍ഗ വകുപ്പിന് ലഭിച്ച ആകെ 8778 അപേക്ഷകരില്‍ 302 പേര്‍ക്ക് മാത്രമാണ് മുഖ്യമന്ത്രി പങ്കെടുത്ത് ഭൂമി നല്‍കുന്നത്. സര്‍ക്കാര്‍ തീരുമാനപ്രകാരം കുറഞ്ഞത് 302 ഏക്കര്‍ നല്‍കുന്നതിന് പകരം ഏല്ലാവര്‍ക്കും കൂടി 99 ഏക്കര്‍ ഭൂമിയാണ് വിതരണം ചെയ്യുന്നത്. വയനാട്ടില്‍ തീര്‍ത്തും ഭൂമിയില്ലാത്ത 16,664 പേരും നാമമാത്ര ഭൂമിയുള്ള 8880 പേരുമടക്കം 25,544 പേര്‍ഉള്ളപ്പോഴാണ് ഏതാനും പേര്‍ക്ക് ഭൂമി നല്‍കി തടിയൂരാന്‍ ശ്രമിക്കുന്നത്.
ആദിവാസികള്‍ നടത്തിയിട്ടുള്ള ഐതിഹാസികമായ പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത ഒരു ഏക്കര്‍ ഭൂമിയുടെ അവകാശത്തെ ഇല്ലാതാക്കി കടുത്ത ആദിവാസി വഞ്ചനക്ക് മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കുന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണ്. ആദിവാസികള്‍ക്ക് കുറഞ്ഞത് ഒരു ഏക്കര്‍ ഭൂമി തന്നെ സര്‍ക്കാര്‍ നല്‍കണം. പണം നല്‍കുന്നത് തട്ടിപ്പിന് കാരണമായിട്ടുണ്ട്.
എച്ച്എംഎല്‍ കമ്പനിയും ഭരണകക്ഷി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി ഏറ്റെടുത്താല്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ കഴിയും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള 50 കോടി രൂപ ഉപയോഗിച്ച് ഭൂമി വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ആദിവാസികളുടെ ജീവിതം കടുത്ത ദുരിതത്തിലാണ്. അര്‍ധ പട്ടിണിയിലാണ് ഭൂരിപക്ഷവും. മുമ്പെങ്ങുമില്ലാത്തവിധം ആദിവാസി സ്ത്രീകള്‍ക്ക് നേരെ അതിക്രമം വര്‍ധിച്ചു.ചില റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ആദിവാസി ബാലികമാരെ ലൈംഗീക ചൂഷണം ചെയ്യുന്നതിനുള്ള സെക്‌സ് റാക്കറ്റുകളുണ്ടെന്നും അവര്‍ പറഞ്ഞു.

Latest