Connect with us

Kozhikode

കാലിക്കറ്റിലെ സ്‌പെഷല്‍ സപ്ലിമെന്ററി: ഫലം സംബന്ധിച്ച് അനിശ്ചിതാവസ്ഥ

Published

|

Last Updated

വണ്ടൂര്‍; ഏറെ കൊട്ടിഘോഷിച്ച് കാലിക്കറ്റ് സര്‍വകലാശാല നടത്തിയ സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് വിതരണം ത്രിശങ്കുവില്‍. പരീക്ഷ എഴുതി ഫലം വന്നിട്ടും മാര്‍ക്ക് ലിസറ്റ് നല്‍കിയിട്ടില്ല. ഇത് നല്‍കണമോയെന്ന കാര്യത്തില്‍ സര്‍വകലാശാലയിലെ വിവിധ വകുപ്പുകള്‍ തമ്മില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇതോടെ പരീക്ഷ എഴുതിയ നൂറുകണക്കിനാളുകളുടെ ഉപരിപഠന സാധ്യതകളും ആശങ്കയിലായി. കഴിഞ്ഞ വര്‍ഷമാണ് കാലിക്കറ്റ് സര്‍വകലാശാല സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷയെന്ന സമ്പ്രദായം ആരംഭിച്ചത്. 2008ല്‍ സെമസ്റ്റര്‍ സമ്പ്രദായം ആരംഭിക്കും മുമ്പ് ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തങ്ങളുടെ അന്നത്തെ കോഴ്‌സുകളില്‍ ഇംപ്രൂവ്‌മെന്റ് നടത്താനുള്ള സൗകര്യമായിട്ടാണ് സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷ കൊണ്ടുവന്നത്. ഇതിനായി ഒരു പേപ്പറിന് 2500 രൂപ എന്ന തോതിലാണ് പരീക്ഷാ ഫീസ് ഈടാക്കിയത്.
ഇവരുടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍വകലാശാലയില്‍ പ്രത്യേക യൂനിറ്റും പ്രവര്‍ത്തനമാരംഭിച്ചു. ഇപ്രകാരം വന്‍ തുക ഫീസ് നല്‍കി നിരവധി പേരാണ് പരീക്ഷ എഴുതിയത്. ഉന്നത പഠനത്തിനായി ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പ്രവേശം ലഭിക്കാനും മറ്റു കോഴ്‌സുകളില്‍ പ്രവേശം നേടാനും ജോലികളില്‍ പ്രൊമോഷന്‍ കിട്ടാനുമെന്ന വിവിധ ലക്ഷ്യങ്ങളോടെയാണ് പലരും പരീക്ഷ എഴുതിയത്. ഇപ്രകാരം 20 കോടിയോളം രൂപയാണ് സര്‍വകലാശാലക്ക് ഈ പരീക്ഷയിലൂടെ ലഭിച്ചത്. ഇപ്രകാരം 2005- 08 ബാച്ചിന്റെ പരീക്ഷയാണ് ആദ്യം നടത്തിയത്. തുടര്‍ന്ന് സര്‍വകലാശാല എം എ ഇംഗ്ലീഷ് (2000-2008 പ്രവേശം), എം എ ഇക്കണോമിക്‌സ് (1997- 2008 പ്രവേശം), എം എ ഹിന്ദി (2000- 2008 ), എം എ ഹിസ്റ്ററി (1996- 2006 ), എം എ പൊളിറ്റിക്കല്‍ സയന്‍സ് (1994- 2008), എം എ മലയാളം (2006- 2008), എം എസ് സി മാത്തമാറ്റിക്‌സ് (2000- 2008), എം കോം (2004- 2008) സ്‌പെഷ്യല്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (എസ് ഡി ഇ/െ്രെപവറ്റ്) പരീക്ഷകളും ഇതിനകം നടത്തി. ഇതില്‍ ആദ്യം നടത്തിയ 2005- 08 ബാച്ചിന്റെ ഫലം കഴിഞ്ഞ മെയ് അവസാനത്തിലാണ് പ്രസിദ്ധീകരിച്ചത്. കൂടാതെ പുതിയ നിരവധി പരീക്ഷകള്‍ക്കും ഇപ്പോള്‍ ഫീസ് വാങ്ങി തുടങ്ങിയിട്ടുണ്ട്. മാര്‍ക്ക് ലിസ്റ്റിനായി പരീക്ഷാ ഭവനില്‍ ചെന്നപ്പോഴാണ് തങ്ങളുടെ കോഴ്‌സുകളുടെ അംഗീകാരം സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയുന്നത്. ഈ പരീക്ഷക്ക് നിയമ പരിരക്ഷയുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നാണ് അസിസ്റ്റന്റ് രജിസ്ട്രാറില്‍ നിന്ന് മറുപടി ലഭിച്ചതെന്ന് പരീക്ഷ എഴുതിയവര്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് രണ്ട് തവണ പരീക്ഷാ കണ്‍ട്രോളറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നെങ്കിലും തീരുമാനമെടുക്കാന്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കുകയാണുണ്ടായത്. ഇതോടെ പരീക്ഷ എഴുതിയ നൂറുകണക്കിനാളുകളുടെ ഫലം സംബന്ധിച്ച് അനിശ്ചിതാവസ്ഥ തുടരുകയാണ്. മാര്‍ക്ക് ലിസ്റ്റ് വൈകുന്നതിനാല്‍ പുതുതായി അപേക്ഷ ക്ഷണിച്ച ത്രിവത്സര എല്‍ എല്‍ ബി പോലുള്ള കോഴ്‌സുകളിലേക്ക് ഇവര്‍ക്ക് അപേക്ഷിക്കാനാകില്ല.

Latest