Connect with us

Sports

അള്‍ജീരിയ വന്നു; ചരിത്രം വഴിമാറി

Published

|

Last Updated

കുരിടിബ: ആഫ്രിക്കയിലെ ഏറ്റവും വലിയ രാഷ്ട്രമായ അള്‍ജീരിയ ഇതാദ്യമായി ലോകകപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ടില്‍. കാമറൂണും ഐവറികോസ്റ്റും ഘാനയും ഗ്രൂപ്പ് റൗണ്ടില്‍ വീണപ്പോള്‍ നൈജീരിയക്കൊപ്പം അള്‍ജീരിയ ഇരുണ്ട ഭൂഖണ്ഡത്തിന്റെ കരുത്തറിയിച്ചു. ഗ്രൂപ്പ് എച്ചില്‍ റഷ്യയെ സമനിലയില്‍ തളച്ചാണ് അള്‍ജീരിയന്‍ മുന്നേറ്റം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണകൊറിയ ബെല്‍ജിയത്തിനോട് തോറ്റതോടെ നാല് പോയിന്റുമായി അള്‍ജീരിയ രണ്ടാം സ്ഥാനക്കാരായി.
ആറാം മിനുട്ടില്‍ അലക്‌സാണ്ടര്‍ കൊകോറിന്റെ ഗോളില്‍ റഷ്യ മത്സം പിടിച്ചെടുത്തു. ആ ലീഡ് നിലനിര്‍ത്തിയുന്നെങ്കില്‍ ഫാബിയോ കാപല്ലോയുടെ റഷ്യക്ക് നോക്കൗട്ടിലെത്താമായിരുന്നു.
എന്നാല്‍, പൊരുതിക്കളിച്ച അള്‍ജീരിയ അറുപതാം മിനുട്ടില്‍ ഇസ്‌ലം സ്ലിമാനിയുടെ ഗോളില്‍ റഷ്യയെ ഞെട്ടിച്ചു. ഗോള്‍ മുഖത്തെ കൂട്ടപ്പൊരിച്ചിലില്‍ റഷ്യന്‍ ഗോളി ഇഗോര്‍ അകിന്‍ഫീവ് അമ്പരപ്പിക്കും വിധം പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ സ്ലിമാനിയുടെ ഹെഡര്‍ ഗോള്‍. തന്റെ ഗോളിയുടെ മുഖത്തേക്ക് റേസര്‍ രശ്മികള്‍ തുളച്ചുകയറ്റി അള്‍ജീരിയന്‍ കാണികള്‍ അട്ടിമറി നടത്തിയെന്ന് റഷ്യയുടെ കോച്ച് ഫാബിയോ കാപല്ലോ ആരോപണം ഉന്നയിച്ചു. പന്ത് പിടിക്കാന്‍ ഉയര്‍ന്നുചാടി അകിന്‍ഫീവിന് കാഴ്ചക്ക് പ്രയാസം സൃഷ്ടിച്ചുവെന്നത് ടിവി റീപ്ലേകളില്‍ വ്യക്തമാണെന്ന് കാപല്ലോ പറഞ്ഞു.
ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും പരിശീലക സ്ഥാനം രാജിവെക്കാന്‍ കാപല്ലോ ഒരുക്കമല്ല. റഷ്യന്‍ ഫുട്‌ബോള്‍ അധികൃതര്‍ അനുവദിച്ചാല്‍ 2018 ലോകകപ്പ് വരെ തുടരും – കാപല്ലോ പറഞ്ഞു.
ഈ ടീം രാഷ്ട്രത്തിന്റെ അഭിമാനമാണെന്ന് അള്‍ജീരിയയുടെ കോച്ച് വാഹിദ് ഹാലിഹോദിച്. ആദ്യ പകുതിയില്‍ റഷ്യ അവരുടെ പരിചയ സമ്പത്തും പ്രൊഫഷണലിസവും പുറത്തെടുത്തു. രണ്ടാം പകുതിക്കിറങ്ങുമ്പോള്‍ സമനില ഗോള്‍ നേടാന്‍ പൊരുതിക്കളിക്കാന്‍ മാത്രമാണ് നിര്‍ദേശം നല്‍കിയത്. സെറ്റ് പീസില്‍ ഗോള്‍ നേടുകയെന്നതായിരുന്നു തന്ത്രം. അത് ഫലം കാണുകയും ചെയ്തു.
പ്രീക്വാര്‍ട്ടറില്‍ ജര്‍മനിയാണ് അള്‍ജീരിയയുടെ എതിരാളി. ദക്ഷിണകൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന ബെല്‍ജിയം ഗ്രൂപ്പ് എച്ച് ചാമ്പ്യന്‍മാരായി. മൂന്ന് കളിയും ജയിച്ച ബെല്‍ജിയത്തിന് ഒമ്പത് പോയിന്റ്. എഴുപത്തെട്ടാം മിനുട്ടില്‍ ജാന്‍ വെര്‍ടോഗനാണ് വിജയഗോള്‍ നേടിയത്.

അപ്രസക്തര്‍ വാഴുന്നു
റിയോ ഡി ജനീറോ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വെയിന്‍ റൂണി, ആന്ദ്രെ പിര്‍ലോ, ഷാവി, ഇനിയെസ്റ്റ എന്നിങ്ങനെ യൂറോപ്പിന്റെ സൂപ്പര്‍ സ്റ്റാറുകളെല്ലാം ലോകകപ്പിന്റെ ആദ്യ കടമ്പയില്‍ തട്ടി വീണു. പവര്‍ ഹൗസുകളായ ഇറ്റലി, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ എന്നിവര്‍ക്കൊപ്പം നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിനും നോക്കൗട്ട് കാണാതെ മടങ്ങിയിരിക്കുന്നു. ലാറ്റിനമേരിക്കന്‍ ടീമുകളായ ചിലിയും കൊളംബിയയും വടക്കന്‍ അമേരിക്കയില്‍ നിന്നുള്ള കോസ്റ്റാറിക്കയുമൊക്കെ അരങ്ങ് വാഴുന്നു. കരുത്തരുടെ പട്ടികയിലുള്ള ബ്രസീലും അര്‍ജന്റീനയും നിലനില്‍പ്പിനായുള്ള പോരാട്ടം തുടരുകയാണ്. ജര്‍മനിയും ഹോളണ്ടും ഫ്രാന്‍സും കിരീടഫേവറിറ്റുകളായി നില്‍ക്കുന്നു. അട്ടിമറിയുടെ തിരമാല സൃഷ്ടിക്കാന്‍ പോന്ന മെക്‌സിക്കോയും ലോകകപ്പിന്റെ ആവേശമായി.

Latest