Connect with us

Kozhikode

സ്‌നേഹസ്പര്‍ശം പദ്ധതി: ഫണ്ട് ശേഖരണത്തിന് വിപുലമായ ഒരുക്കങ്ങള്‍

Published

|

Last Updated

കോഴിക്കോട്: വൃക്കരോഗികളെ സഹായിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹസ്പര്‍ശം പദ്ധതിയിലേക്കുള്ള ഫണ്ട് ശേഖരണം ആഗസ്റ്റ് 30ന് നടക്കും.
ജൂലൈ 20നകം ബ്ലോക്ക്, പഞ്ചായത്ത്, കോര്‍പ്പറേഷന്‍ തലത്തില്‍ സംഘാടക സമിതി രൂപവത്കരിക്കും. ആഗസ്റ്റ് 30നകം ഓരോ ബ്ലോക്കില്‍ നിന്നും 50 ലക്ഷം രൂപ വീതവും കോര്‍പ്പറേഷനില്‍ നിന്ന് ഒരു കോടിയും കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ നിന്ന് 50 ലക്ഷം രൂപയും സമാഹരിക്കും.
നേരത്തേ ഫണ്ട് ശേഖരണം നടന്ന കുന്നുമ്മല്‍, പേരാമ്പ്ര, വടകര, തോടന്നൂര്‍, ബ്ലോക്കുകളിലും വടകര മുനിസിപ്പാലിറ്റിയിലും ഡിസംബറില്‍ 25 ലക്ഷം രൂപ വീതം ശേഖരിക്കും.
ജൂലൈ 20നകം പഞ്ചായത്ത് തലത്തിലും 30നകം വാര്‍ഡുതലത്തിലും സംഘാടക സമിതി രൂപവത്കരിക്കും. തുടര്‍ന്ന് അയല്‍ക്കൂട്ട യോഗങ്ങളില്‍ സംഘാടക സമിതി രൂപവത്കരിച്ച് ആഗസ്റ്റ് പത്ത് മുതല്‍ 17വരെ വിവിധ സ്‌ക്വാഡുകളായി വീടുകള്‍ കയറി ഫണ്ട് ശേഖരണത്തിന്റെ അഭ്യര്‍ഥന നല്‍കും.
ആഗസ്റ്റ് 18 മുതല്‍ 23വരെ രണ്ടാംഘട്ടമായി വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ഓരോരുത്തരും തരുന്ന സംഖ്യ എത്രയെന്ന് ഉറപ്പാക്കും. 30ന് രാവിലെ ഏഴ് മുതല്‍ പകല്‍ 12 വരെയാണ് ഫണ്ട് സമാഹരണം. ആഗസ്റ്റ് 28, 29 തീയതികളില്‍ വാര്‍ഡുതല വിളംബര ജാഥ നടക്കും. ഫണ്ട് സമാഹരണതിനായി പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കുന്നതിന് ഒരു വര്‍ഷം ശേഷിക്കേ പരമാവധി തുക പാവപ്പെട്ട രോഗികളെ സഹായിക്കാനായി സമാഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല പറഞ്ഞു.
ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെ മഴക്കാല രോഗപ്രതിരോധ പോസ്റ്റര്‍ കലക്ടര്‍ സി എ ലതക്ക് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ് ഭാവി പ്രവര്‍ത്തന രൂപരേഖയും സെക്രട്ടറി കെ സലിം റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി എ കെ മണി, പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ബിജു താന്നിക്കാക്കുഴി, ഡിസി സി പ്രസിഡന്റ് കെ സി അബു സംസാരിച്ചു.