Connect with us

Kozhikode

ബൈത്തുല്‍ ഇസ്സ അക്രമം:സുന്നി സംഘടനകള്‍ പ്രതിഷേധിച്ചു

Published

|

Last Updated

കോഴിക്കോട്: നരിക്കുനി ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനെതിരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ വിവിധ സുന്നി സംഘടനകളുടെ പ്രതിഷേധം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ നാടിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് വേഗം കൂട്ടുകയേയുള്ളുവെന്നും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് ചൂണ്ടിക്കാട്ടി. സ്വസ്ഥവും സമാധാന പൂര്‍ണവുമായ അന്തരീക്ഷത്തില്‍ പഠനം നടത്താറുള്ള വിദ്യാര്‍ഥികളുടെ അവകാശത്തെ ഹനിക്കുന്ന നടപടികള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അപലപനീയമാണ്. ഏതെങ്കിലും ഒരുവ്യക്തി ചെയ്യുന്ന അപരാധങ്ങളെ മുന്‍ നിര്‍ത്തി സ്ഥാപനത്തിനെതിരെ സമരാഭാസങ്ങള്‍ നടത്തുന്നതിനെതിരെ പൊതു സമൂഹം ഉണരണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിച്ചു. ആലിക്കുട്ടി ഫൈസി, ശുക്കൂര്‍ സഖാഫി, ബശീര്‍ മുസ്‌ലിയാര്‍, നാസര്‍ ചെറുവാടി, സലീം അണ്ടോണ പ്രസംഗിച്ചു. റഹ്മത്തുല്ല സഖാഫി സ്വാഗതം പറഞ്ഞു.
ബൈത്തുല്‍ ഇസ്സക്ക് എതിരായ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് എസ് എസ് എഫ് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളുടെ നന്മയും സുരക്ഷിതമായ ഭാവിയും കാംക്ഷിക്കുന്നവര്‍ക്ക് ഇത്തരം ഹീന പ്രവര്‍ത്തനങ്ങള്‍ നടത്താനാകില്ല. നരിക്കുനിയിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായാണ് ബൈത്തുല്‍ ഇസ്സ സ്ഥാപിച്ചത്. അടുത്തിടെ കാലിക്കറ്റ് ബി കോം പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായുണ്ടായ വിവാദങ്ങളോട് കോളജ് അധികൃതരും സ്ഥാപന മേധാവികളും ഉത്തരവാദിത്വത്തോടെയാണ് പ്രതികരിച്ചത്. സംഭവത്തില്‍ കുറ്റാരോപിതനായ ഓഫീസ് ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയും പോലീസും നടത്തുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ഉത്തരവാദപ്പെട്ടവര്‍ അറിയിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ചിലര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണം. ഇത്തരം സംഭവങ്ങളെ രാഷ്ട്രീയ വത്ക്കരിക്കുന്നത് യഥാര്‍ഥ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കലായിരിക്കും. ഇക്കാര്യത്തില്‍ ധാര്‍മികതയുടെ പക്ഷത്ത് നില്‍ക്കാന്‍ വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളും സമൂഹവും തയ്യാറാകണമെന്ന് എസ് എസ് എഫ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അലവി സഖാഫി കായലം അധ്യക്ഷത വഹിച്ചു. പി വി അഹമ്മദ് കബീര്‍, മുഹമ്മദലി കിനാലൂര്‍, സി പി ഉബൈദുല്ല സഖാഫി, സി പി ശഫീഖ്ബുഖാരി, സമദ് സഖാഫി മായനാട്, എം ടി ശിഹാബുദ്ദീന്‍ സഖാഫി, ഡോ. അബൂബക്കര്‍ നിസാമി, ടി കെ റിയാസ്, കെ പി ഹംജദ് സംബന്ധിച്ചു.

Latest