Connect with us

Gulf

രാജ്യത്തെ വിന്‍ഡോ എ സികളില്‍ പകുതിയും അടുത്ത വര്‍ഷം അപ്രത്യക്ഷമാകും

Published

|

Last Updated

ദുബൈ: രാജ്യത്തെ കെട്ടിടങ്ങളില്‍ നടപ്പാക്കാന്‍ പോകുന്ന സ്റ്റാര്‍ കാറ്റഗറൈസേഷന്റെ ഭാഗമായി നിലവില്‍ കെട്ടിടങ്ങളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിന്‍ഡോ എ സികളില്‍ പകുതിയും മാറ്റേണ്ടിവരുമെന്ന് അധികൃതര്‍.
നിലവില്‍ ഏഴ് ലക്ഷം വിന്‍ഡോ എ സികള്‍ രാജ്യത്തെ കെട്ടിടങ്ങളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ മൂന്നര ലക്ഷവും പുതിയതായി നടപ്പാക്കാനുദ്ദേശിക്കുന്ന സ്റ്റാര്‍ കാറ്റഗറൈസേഷന്റെ ഭാഗമായി മാറ്റേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. കെട്ടിടങ്ങളിലെ ശീതീകരണവുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങളനുസരിച്ച് കൂടുതല്‍ വൈദ്യുതി ആവശ്യമായിവരുന്ന ഒന്ന്, രണ്ട് സ്റ്റാര്‍ പദവിയിലുള്ള ഉപകരണങ്ങള്‍ അടുത്തവര്‍ഷം മുതല്‍ രാജ്യവ്യാപകമായി മാറ്റാന്‍ നടപടികളുണ്ടാകും.
പകരം മൂന്ന്, നാല്, അഞ്ച് സ്റ്റാര്‍ പദവിയിലുള്ള ശീതീകരണ ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കും. എമിറേറ്റ്‌സ് സ്റ്റാന്റേര്‍ഡേഷന്‍ ആന്റ് മെഷര്‍മെന്റ് അതോറിറ്റി അധികൃതരാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ശീതീകരണ ഉപകരണങ്ങളുടെ കാര്യത്തില്‍ അതോറിറ്റി മുമ്പോട്ടുവെക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉത്പന്നങ്ങള്‍ മാത്രമേ രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതി നില്‍കുകയുള്ളു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ശീതീകരണ ഉപകരണങ്ങള്‍ക്ക് നക്ഷത്ര പദവി നിശ്ചയിച്ചുകൊണ്ടുള്ള അറിയിപ്പ് അതോറിറ്റി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയത്
നിലവില്‍ എസി നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഹാനികരമായ ഗ്യാസിനു പകരം പരിസ്ഥിതിക്ക് കൂടുതല്‍ ഇണങ്ങിയ ഗ്യാസ് ഉപയോഗിക്കണമെന്ന് പ്രാദേശിക നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തവര്‍ഷത്തോടെ രാജ്യത്ത് ഉപയോഗിക്കുന്ന ശീതീകരണ ഉപകരണങ്ങള്‍ മുഴുവനും പരിസ്ഥിതിക്കിണങ്ങിയ ഗ്യാസ് ഉപയോഗിച്ചുള്ളതായിരിക്കുമെന്നും അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

Latest