Connect with us

Ongoing News

വിവാദങ്ങള്‍ വിട്ടൊഴിയാതെ മോദി

Published

|

Last Updated

ഫൈസാബാദ്: രാമക്ഷേത്ര നിര്‍മാണം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയതിന്റെ പിന്നാലെ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ശ്രീരാമന്റെ ചിത്രം വെച്ചത് വിവാദമാകുന്നു. അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലമായ ഫൈസാബാദിലാണ് ശ്രീരാമന്റെ ചിത്രം വെച്ച വേദിയില്‍ മോദി രാമരാജ്യ ആഹ്വാനം നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെയാണ് ബി ജെ പി രാമക്ഷേത്ര വിഷയം ഉയര്‍ത്തി വോട്ട് പിടിക്കുന്നത്. ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്തവരെ പുറത്താക്കണമെന്ന് മോദി ആഹ്വാനം ചെയ്തു.
ഇത് ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. രാമക്ഷേത്ര പരാമര്‍ശങ്ങള്‍ മോദിയില്‍ നിന്നുണ്ടായപ്പോള്‍ പ്രവര്‍ത്തകര്‍ ആവേശഭരിതരാകുകയും ചെയ്തു. കോണ്‍ഗ്രസ് 10 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രസ്താവനയോട് പ്രതികരിക്കവെയാണ് മോദി രാമക്ഷേത്ര വിഷയം എടുത്തിട്ടത്. ജീവന്‍ ബലികഴിച്ചുപോലും വാക്ക് പാലിക്കുന്നവരാണ് ഇവിടത്തുകാരെന്ന് മോദി പറഞ്ഞു. വാഗ്ദാനം പാലിക്കാത്തവര്‍ക്ക് മാപ്പ് നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയുമോ എന്ന് മോദി ചോദിച്ചു.
സമാജ്‌വാദി പാര്‍ട്ടിയും ബി എസ് പിയും ലക്‌നോവില്‍ ശത്രുക്കളാണെങ്കിലും ഡല്‍ഹിയില്‍ മിത്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ മാതാവ്-മകന്‍ (സോണിയ-രാഹുല്‍) സര്‍ക്കാറിന്റെ സംരക്ഷകരാണ്. നേതാജി (മുലായം സിംഗ് യാദവ്)യെ സി ബി ഐയില്‍ നിന്ന് രക്ഷിക്കാനാണ് ഇത്. അഴിമതിക്കെതിരെ ശക്തമായി പോരാടുമെന്ന് താന്‍ ഇവിടെ നിന്ന് വാഗ്ദാനം നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങോട്ട് പുറം ചൊറിയുന്നവര്‍ക്ക് അങ്ങോട്ടും പുറം ചൊറിയുകയാണെന്ന് മായാവതിയെയും, മുലായം സിംഗ് യാദവിനെയും പരാമര്‍ശിക്കവെ മോദി പറഞ്ഞു.
മഹാത്മാ ഗാന്ധിയെയും രാമക്ഷേത്ര വിഷയത്തില്‍ എടുത്തിടാനും മോദി മറന്നില്ല. എങ്ങനെയുള്ള ഇന്ത്യയാണ് വിഭാവനം ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ശ്രീരാമന്റെ കാലത്തുള്ളത് പോലെയെന്നാണ് ഗാന്ധിജി മറുപടി നല്‍കിയതെന്ന് മോദി പറഞ്ഞു. ദാരിദ്രം എന്താണെന്ന് താന്‍ കണ്ടിട്ടുണ്ട്. എല്ലാവര്‍ക്കും തുല്യ നീതി നല്‍കുന്ന രാമരാജ്യമാണ് താനും സ്വപ്‌നം കാണുന്നതെന്ന് മോദി പറഞ്ഞു. ഇതിനായി ഇവിടെ താമര വിരിയിക്കണമെന്നും വോട്ടര്‍മാരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. മോദിയുടെ പ്രസ്താവനയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് വിശദീകരണം തേടിയതായി ഉത്തര്‍പ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഉമേഷ് സിന്‍ഹ പറഞ്ഞു. മോദിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

Latest