Connect with us

Malappuram

ഗര്‍ഭിണിയെ അപമാനിച്ച ഗൈനക്കോളജിസ്റ്റിനെതിരെ പരാതി

Published

|

Last Updated

കാളികാവ്: ഗര്‍ഭിണിയെ അപമാനിച്ചുവിട്ട ഗൈനക്കോളജിസ്റ്റിനെതിരെ തങ്ങള്‍ക്കു പരാതിയുണ്ടെന്ന് പെണ്‍കുട്ടിയും രക്ഷിതാക്കളും രംഗത്ത്. കാളികാവ് മാളിയേക്കല്‍ അന്‍വര്‍ സാദിഖലിയുടെ ഭാര്യ റശീദ (19)യുടെ കന്നി പ്രസവത്തിനിടയിലാണ് തിക്താനുഭവങ്ങള്‍.

മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ഒ നെഗറ്റീവ് രക്തം ലഭ്യമല്ലെന്ന് പറഞ്ഞ് ഗൈനക്കോളജിസ്റ്റ് പ്രസവിച്ചുകൊണ്ടിരിക്കുന്ന റശീദയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി 10.30നാണ് സംഭവം. പ്രസവ വേദനയുമായി വന്ന് അഡ്മിറ്റ് ചെയ്ത റശീദ ഉടന്‍ പ്രസവിക്കുമന്നും ലേബര്‍ റൂമിലെ ഡ്യൂട്ടി നഴ്‌സ് ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് റശീദയെ എല്ലാ മാസവും പരിശോധിച്ച രാജാമണിയുടെ നിര്‍ദേശം വന്നത്. രക്തസ്രാവത്തെ തുടര്‍ന്ന് അവശയായ റശീദയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറില്ലെന്നായിരുന്നു മറുപടി. എന്നാല്‍ കൂടെ ഒരു നഴ്‌സിനെ അയച്ചു തരണമെന്ന ആവശ്യവും അവര്‍ പുച്ഛിച്ചു തള്ളി.

പുറത്ത് നിന്ന് ആംബുലന്‍സ് വരുത്തി ഉടന്‍ മഞ്ചേരി കോരമ്പയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അര മണിക്കൂറിനകം സുഖപ്രസവം നടക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.രാജാമണിയെ വിളിച്ചു കാര്യങ്ങള്‍ തിരക്കിയപ്പോഴും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്നായിരുന്നു മറുപടി. രാജാമണിയുടെ വാക്ക് വിശ്വസിച്ച് തങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോയിരുന്നെങ്കില്‍ രണ്ട് വിലപ്പെട്ട ജീവനുകള്‍ നഷ്ടമാവുകയും സമൂഹ മധ്യേ തങ്ങള്‍ വഷളാവുകയും ചെയ്‌തേനെയെന്ന് റശീദയുടെ ഭര്‍ത്താവും ബന്ധുക്കളും പറയുന്നു.

ജനറല്‍ ആശുപത്രിയിലെ എല്ലാ ഗൈനക്കോളജിസ്റ്റുമാരെയും പിന്‍വലിച്ച് താലൂക്ക് ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജിസ്റ്റുകളെ ഉടന്‍ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ നിയമിക്കണമെന്നും രാജാമണിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മഞ്ചേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അക്ബര്‍ മതനായി, ശബീര്‍ കുരിക്കള്‍, അനസ് അഞ്ചിമണ്ണില്‍, ഫൈസല്‍ ചുങ്കത്ത, ശംസുദ്ദീന്‍ അത്തിക്കുളം എന്നിവര്‍ ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടു.

 

Latest