Connect with us

Palakkad

നാട് കാണും മുമ്പെ നാടുകടന്ന് ചക്കകള്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: നാടു കാണും മുമ്പെ ചക്കകള്‍ വിലകൂടിയ വിപണി തേടി അന്യ സംസ്ഥാനത്തേക്ക് കടക്കുന്നു. നാട്ടിന്‍ പുറങ്ങളിലുളള തേനൂറും ചക്കകളാണ്, നാട്ടില്‍ സുലഭമായി ലഭ്യമാകുംമുമ്പെ നാടുകടക്കുന്നത്. ചെറിയ തുകക്ക് വാങ്ങുന്ന ചക്കകള്‍ക്ക് തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ വന്‍ ഡിമാന്റാണ്.
താമരയിനത്തില്‍പ്പെട്ട ചക്കക്ക് നാട്ടിലെ പോലെ തന്നെ അന്യനാട്ടിലും ആവശ്യക്കാരേറെയാണ്. നാട്ടിന്‍ പുറങ്ങളില്‍ പ്ലാവുകള്‍ വര്‍ഷം തോറും കുറഞ്ഞു വരുകയാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കൂടാതെ കച്ചവടക്കാരുടെ എണ്ണത്തിലും വര്‍ധനവ് വരുന്നത് കാരണം വാങ്ങുന്ന സമയത്തും അത്ര കുറവല്ലാത്ത സംഖ്യ കൊടുക്കേണ്ട സ്ഥിതിയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലും മണ്ണാര്‍ക്കാട്ട് പ്രദേശങ്ങളില്‍ നിന്നുമുളള ചക്കകള്‍ ഈറോഡ്, ചെന്നൈ, സേലം എന്നിവിടങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. ചക്കയുടെ കുരുവിന് ഔഷധ ഗുണങ്ങളുമുളളത് കാരണം അവ മണ്ണിലിട്ട് ഒരു വര്‍ഷത്തോളം സൂക്ഷിച്ച് ഉപയോഗിക്കുന്നവരും ഏറെയാണ്. ചക്കച്ചുളക്ക് തമിഴ്‌നാട്ടില്‍ അഞ്ച് രൂപവരെ ഈടാക്കുന്നുണ്ട്. ചക്ക ഒന്നിന് വലിപ്പമനുസരിച്ച് 150 രൂപ മുതലാണ് വില. ഇവിടെ അത്ര ഡിമാന്‍ഡില്ലാത്ത പഴംചക്കക്കും അന്യ സംസ്ഥാനങ്ങളില്‍ ആവശ്യക്കാരേറെയാണ്.

Latest