Connect with us

Ongoing News

മോദി വാഗ്മിയല്ലെന്ന് ഉമാ ഭാരതി

Published

|

Last Updated

ന്യൂഡല്‍ഹി: മോദി വാഗ്മിയല്ലെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബി ജെ പി നേതാവ് ഉമാ ഭാരതി . അങ്ങേയറ്റം ജനപ്രീതിയുള്ള നേതാവാണ് നരേന്ദ്ര മോദി. എന്നാല്‍, എ ബി വാജ്പയിയെപ്പോലെ അദ്ദേഹം വാഗ്മിയല്ലെന്ന് ഉമ ചൂണ്ടിക്കാട്ടി.
മോദിയുടെ ന്യൂനത ചൂണ്ടിക്കാട്ടി ഉമാ ഭാരതി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വിവാദമായതോടെയാണ് അവര്‍ വിശദീകരണവുമായെത്തിയത്. ജനങ്ങള്‍ റാലികള്‍ക്ക് പോകുന്നത് മോദിക്ക് പിന്തുണ അറിയിക്കാനാണ്, അല്ലാതെ പ്രസംഗം കേള്‍ക്കാനല്ലെന്നായിരുന്നു ഉമ പറഞ്ഞത്. അദ്ദേഹം പ്രസംഗങ്ങള്‍ നടത്തുന്നതായി കേട്ടിട്ടില്ല. ബി ജെ പിയിലെ ഏറ്റവും മികച്ച വാഗ്മി വാജ്പയ് തന്നെ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ അദ്ദേഹത്തോട് കിട പിടിക്കാന്‍ ആരുമില്ലെന്ന് തന്റെ മണ്ഡലമായ ഝാന്‍സിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഉമ പറഞ്ഞു. സോണിയാ ഗാന്ധി ഒരിക്കലും ശക്തയായ സ്ഥാനാര്‍ഥിയല്ല. മാധ്യമങ്ങളാണ് അങ്ങനെ പറഞ്ഞു നടക്കുന്നത്. സോണിയയെ ആര്‍ക്കും തോല്‍പ്പിക്കാവുന്നതേയുള്ളുവെന്ന് ഉമ പറഞ്ഞു. ഇരുപതോളം പാര്‍ട്ടികളെ ഒന്നിച്ച് നിര്‍ത്തി ആറ് വര്‍ഷത്തോളം ഭരിച്ചയാളാണ് വാജ്പയി. പാര്‍ലിമെന്റിലും പുറത്തും അദ്ദേഹം വ്യക്തി വൈഭവം പ്രകടിപ്പിച്ചു.
പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും റായ്ബറേലിയില്‍ സോണിയക്കെതിരെ മത്സരിക്കാന്‍ ഉമ വിസമ്മതിക്കുകയും സ്വന്തം മണ്ഡലമായ ഝാന്‍സി തന്നെ തിരഞ്ഞെടുക്കുകയുമായിരുന്നു.