Connect with us

National

ഭര്‍ത്താവിന്റെ് പണം മോഷ്ടിക്കുന്ന ഭാര്യയെ വിവാഹ മോചനം നടത്താമെന്ന് കോടതി

Published

|

Last Updated

മുംബൈ: വീട്ടില്‍ നിന്ന് പണം മോഷ്ടിക്കുന്നത് ഭാര്യയെ വിവാഹമോചനം നടത്താനുള്ള കാരണമാകാമെന്ന് മുംബൈ ഹൈക്കോടതി. പരാതിക്കാരാനായ ഒരു വ്യക്തിയുടെ വിവാഹമോചന സംബന്ധമായ കേസില്‍ വിധി പറയവെയാണ് ജസ്റ്റീസുമാരായ വി എല്‍ ആചില്യയും വിജയ താഹില്‍രമണിയും ഇങ്ങനെ നിരീക്ഷിച്ചത്. കുടുംബത്തിന്റെ സാമൂഹിക വിലയും നിലയും അനുസരിച്ച് ഇത്തരം പ്രവൃത്തികള്‍ ഭര്‍ത്താവിനോട് കാണിക്കുന്ന മാനസിക ക്രൂരതയാണെന്നും ബഞ്ച് നിരീക്ഷിച്ചു. 2008ലെ കുടുംബ കോടതിയുടെ വിധിക്കെതിരെ പരാതിക്കാരന്റെ ഭാര്യ സമര്‍പ്പിച്ച ഹരജി കോടതി തള്ളിക്കളയുകയും ചെയ്തു. ഭാര്യയുടെ സ്വഭാവത്തിലെ ക്രൂരത വ്യക്തമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.
വീട്ടില്‍ സൂക്ഷിക്കുന്ന പണം തന്റെ ഭാര്യ സ്ഥിരമായി മോഷ്ടിക്കുകയാണെന്നും വ്യാജ ഒപ്പിട്ട് തന്റെ കാശ് ബേങ്കില്‍ നിന്ന് പിന്‍വലിക്കുകയാണെന്നും കാണിച്ചാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചിരുന്നത്. തന്റെ കൂട്ടുകാരന്റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബേങ്കില്‍ നിന്ന് 37,000 രൂപ പിന്‍വലിച്ച സംഭവത്തില്‍ ഇവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെന്നും പരാതിക്കാരന്‍ ബോധിപ്പിച്ചു.
ഡെബിറ്റ് കാര്‍ഡ് ദുരുപയോഗം ചെയ്യുന്ന ഒരൊറ്റ സംഭവം തന്നെ വളരെ ഗൗരവതരമാണ്. ഈ ഭാര്യയോടൊപ്പം മനോവേദനയോടു കൂടിയല്ലാതെ ഭര്‍ത്താവിന് ജീവിക്കാന്‍ കഴിയില്ല. ഇത് വിവാഹമോചനത്തിന് കാരണമാകാമെന്നും കോടതി ചൂണ്ടിക്കാട്ടി. വൈവാഹിക ജീവിതത്തില്‍ അസ്വാരസ്യം ഉണ്ടാക്കുന്ന ഈ പ്രവര്‍ത്തനത്തില്‍ നിരന്തരമായി പരാതിക്കാരന്റെ ഭാര്യ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഭാര്യ ഇതില്‍ നിന്ന് പിന്തിരിയാനുള്ള ശ്രമം നടത്താത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ പ്രയാസമാണെന്നും കോടതി വ്യക്തമാക്കി.

Latest