Connect with us

Kerala

റോഡ് നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ സംവിധാനം

Published

|

Last Updated

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് ചേര്‍ത്തല മുതല്‍ കാസര്‍കോട് വരെ റോഡ് നിയമലംഘനം തടയുന്നതിനായി ആരംഭിക്കുന്ന ഓട്ടോമേറ്റഡ് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനത്തിന്റെ സംസ്ഥാനതല കണ്‍ട്രോള്‍ റൂം എറണാകുളം സിവില്‍ സ്റ്റേഷനില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനോദ്ഘാടനം വൈകിട്ട് നാലിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍വഹിക്കും.
വര്‍ധിച്ചുവരുന്ന റോഡപകടങ്ങളുടെ പ്രധാന കാരണം മനഃപൂര്‍വമായ നിയമലംഘനമാണ് എന്ന തിരിച്ചറിവോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിക്ക് കീഴില്‍ ഇതിനകം 57 ക്യാമറകള്‍ സ്ഥാപിച്ചു. 90 ക്യാമറകള്‍ സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. ആകെ 147 ക്യാമറകള്‍ ആണ് സ്ഥാപിക്കുന്നത്. ഈ ക്യാമറാ സംവിധാനത്തിലൂടെ അമിത വേഗം, സിഗ്നല്‍ അവഗണിക്കല്‍ എന്നിവ കൂടാതെ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഹെല്‍മെറ്റ് ധരിക്കാതിരിക്കല്‍, മൂന്നോ അതിലധികമോ പേര്‍ കയറി മോട്ടോര്‍ സൈക്കിള്‍ ഉപയോഗം, ലെയിന്‍ ട്രാഫിക് ലംഘനം, അംഗീകൃതമല്ലാത്ത രീതിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകള്‍, അപകടകരമായും തള്ളിനില്‍ക്കുന്നതുമായ രീതിയില്‍ ലോഡ് കയറ്റല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെയും നടപടി എടുക്കാന്‍ സാധിക്കും.
കേരള റോഡ് സേഫ്റ്റി അതോറിറ്റി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ എട്ട് മണിക്കൂര്‍ പ്രവര്‍ത്തനത്തിലൂടെ ദിനം പ്രതി ഏകദേശം 1,600 ഓളം നിയമലംഘനങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നതിനും തുടര്‍ന്ന് മൂന്ന് ഷിഫ്റ്റായി പ്രവര്‍ത്തനമാരംഭിക്കുന്നതോടു കൂടി ഏകദേശം 5,000 നിയമലംഘകര്‍ക്കെതിരെ ദിവസവും നടപടിയെടുക്കാനും കഴിയും. നിയമലംഘകര്‍ക്ക് കേരളത്തിലെ ഏത് ആര്‍ ടി ഓഫീസിലും പിഴ ഒടുക്കുവാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിഴ അടച്ചാല്‍ ഉടന്‍ നടപടി റദ്ദ് ചെയ്യപ്പെടുവാനുളള സംവിധാനവുമുണ്ട്. നിശ്ചിത കാലയളവിനുളളില്‍ പിഴ അടക്കാത്തവര്‍ക്കെതിരെ കര്‍ശന തുടര്‍നടപടി ഉണ്ടാകും.
നിരത്തില്‍ സ്ഥാപിച്ചിട്ടുളള ക്യാമറകള്‍ വഴി തത്സമയ നിയമലംഘന ചിത്രങ്ങളും വീഡിയോകളും കണ്‍ട്രോള്‍ റൂമില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് സംവിധാനത്തിലൂടെ എത്തിച്ചേരുകയും ആയത് സൂക്ഷിക്കപ്പെടുകയും ചെയ്യും. തുടര്‍ന്ന് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ അവ പരിശോധിച്ച് നടപടിയെടുക്കും. സമഗ്രവും സാങ്കേതികത്തികവുള്ളതുമായ സംവിധാനം കേരളത്തിലെ റോഡപകടങ്ങള്‍ കുറക്കുന്നതിന് കാരണമാകുമെന്ന് ചേര്‍ത്തല- അരൂര്‍ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയപ്പോള്‍ തന്നെ തെളിയിക്കപ്പെട്ടതാണെന്ന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി എ സൈനുദ്ദീന്‍ ചൂണ്ടിക്കാട്ടി.