Connect with us

Articles

പൊറുതിമുട്ടലിന്റെ തെക്കന്‍ വീരഗാഥകള്‍

Published

|

Last Updated

ഇടതുപക്ഷ മുന്നണിയിലെ അവഗണനകളില്‍ പൊറുതി മുട്ടി ആര്‍ എസ് പി നേതാക്കളായ എ എ അസീസും പ്രേമചന്ദ്രനും ഐക്യജനാധിപത്യ മുന്നണിയിലേക്ക് പൊറുതി മാറ്റിയിരിക്കുന്നു. ഐക്യജനാധിപത്യ മുന്നണിയിലെ അവഗണനകളില്‍ പൊറുതി മുട്ടി കെ ആര്‍ ഗൗരിയമ്മയുടെ ജെ എസ് എസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് പൊറുതി മാറ്റിയിരിക്കുന്നു.
ഇത് കൂടാതെ അല്ലറ ചില്ലറ പൊറുതി മുട്ടലുകള്‍ വേറെയുമുണ്ട്. എം വി രാഘവന്റെ സി എം പിക്കകത്തും ഉഴവൂര്‍ വിജയന്‍ എന്ന രാഷ്ട്രീയ മിമിക്രിക്കാരന്റെ എന്‍ സി പിക്കകത്തും ഒക്കെ പൊറുതിമുട്ടലുകള്‍ ഉണ്ട്. പക്ഷേ, അതൊന്നും പൊറുതി മാറ്റാവുന്ന തലത്തിലേക്ക് എത്തിയിട്ടില്ല. മാണി കോണ്‍ഗ്രസിനകത്ത് നീറിപ്പുകയുന്ന പൊറുതിമുട്ടലിന്റെ അസ്‌ക്യത അനുഭവിക്കുന്നവര്‍ പി ജെ ജോസഫും ഫ്രാന്‍സിസ് ജോര്‍ജുമാണ്. രാജ്യസഭാ അംഗത്വം എന്ന ഒറ്റമൂലി കൊണ്ട് ഒരുപക്ഷേ, അതിനു ശമനം വന്നേക്കാം. എന്തായാലും ഈ പൊറുതി മുട്ടല്‍ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും മുദ്രാവക്യവും കുഞ്ചന്‍ നമ്പ്യാരുടെ ശൈലി കടമെടുത്ത് പറഞ്ഞാല്‍, ഇത്രമാത്രമാണ്.
“ഇനിയും കിട്ടണം സീറ്റ്”. സീറ്റ് കിട്ടിയപ്പോള്‍ എന്‍ കെ പ്രേമചന്ദ്രന്റെ പൊറുതിമുട്ടല്‍ അവസാനച്ചു. പാലക്കാട് സീറ്റ് കിട്ടിയപ്പോള്‍ വീരേന്ദ്രകുമാറിന്റെ പൊറുതിമുട്ടലും അവസാനിച്ചു. ഇതില്‍ നിന്ന് മനസ്സിലാക്കാനാകുന്നത് ചോദിക്കുന്നവര്‍ക്കെല്ലാം കൊടുക്കാവുന്ന വിധത്തില്‍ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാക്കുക എന്നതൊഴിച്ച് മറ്റൊരു പോംവഴിയും എന്‍ കെ പ്രേമചന്ദ്രനേയും എം പി വീരേന്ദ്രകുമാറിനെയും പോലുള്ള ആദര്‍ശ രാഷ്ട്രീയക്കാരുടെ പൊറുതിമുട്ടല്‍ സൂക്കേട് അവസാനിപ്പിക്കാന്‍ ഇല്ലെന്നതാണ്.
ഇത്തരമൊരു പരിഹാര നടപടി ഉണ്ടാക്കാന്‍ പി പി തങ്കച്ചനോ വൈക്കം വിശ്വനോ വിചാരിച്ചാല്‍ സാധ്യവും അല്ല.
എന്നാല്‍, സീറ്റിനപ്പുറം പൊങ്ങിപ്പറക്കാവുന്ന ഒരു ആദര്‍ശവും തങ്ങള്‍ക്കില്ല എന്ന് തെളിയിച്ചവരെ ലോക്‌സഭാ അഗംങ്ങളാക്കി പൊറുപ്പിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഷിബു ബേബി ജോണ്‍ നേതൃത്വം നല്‍കുന്ന ഒരു ചവറപ്പാര്‍ട്ടിയായിരുന്നല്ലോ ആര്‍ എസ് പി (ബി). ആ പാര്‍ട്ടിയും പ്രേമചന്ദ്രന്റെ പാര്‍ട്ടിയും ഒത്തൊരുമിച്ചുനിന്ന കാലത്താണ് കൊല്ലം ലോക്‌സഭാ മണ്ഡലം ആര്‍ എസ് പിക്ക് നല്‍കിയതെന്ന് സി പി എമ്മുകാര്‍ പറയുന്നു. ആര്‍ എസ് പി വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന തത്വവീര്യമുള്ളതാണെന്ന് മറ്റാരു പറഞ്ഞാലും എം വി താരമാക്ഷന്‍ എന്ന മുന്‍ ആര്‍ എസ് പി നേതാവ് പറയില്ല. പിളര്‍പ്പ് ആര്‍ എസ് പിയെ ക്ഷയിപ്പിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. പിളര്‍പ്പ് ആര്‍ സ് പിയെ ക്ഷയിപ്പിക്കുകയാണുണ്ടായതെന്ന് ഉത്തമ ബോധ്യം വന്ന പശ്ചാത്തലത്തിലാണ് ഇടതു മുന്നണി കൊല്ലം സീറ്റ് സി പി എമ്മിന് വിട്ടുകൊടുത്തത്.
രണ്ടായി പിളര്‍ന്ന ആര്‍ എസ് പിയുടെ ഒരു കഷണം യു ഡി എഫില്‍ ചേക്കേറിയല്ലോ. അവര്‍ക്ക് അവിടെ കിട്ടിയ പരിഗണന ഒരു മന്ത്രിസ്ഥാനവും അല്ലറ ചില്ലറ ബോര്‍ഡ് അംഗത്വവുമാണ്. അതിനോട് കിട പിടിക്കാവുന്ന പരിഗണനയൊക്കെ ഇടതുപക്ഷത്ത് നിന്ന ആര്‍ എസ് പി വിഭാഗത്തിനും പ്രത്യേകിച്ച് എന്‍ കെ പ്രേമചന്ദ്രനും ഇടതുപക്ഷ ഭരണകാലത്ത് ലഭിച്ചിരുന്നു.
ഷിബു ബേബി ജോണ്‍ കിട്ടിയതുകൊണ്ട് തൃപ്തിപ്പെട്ടു. അദ്ദേഹം ഒരിക്കലും “ഞങ്ങളും ആര്‍ എസ് പിക്കാരാണ്, അതിനാല്‍ കൊല്ലം ലോക്‌സഭാ സീറ്റ് ഞങ്ങള്‍ക്ക് വിട്ടുതരണം” എന്ന് യു ഡി എഫില്‍ ഒരിക്കല്‍ പോലും പറഞ്ഞതായി അറിവില്ല. പറഞ്ഞാല്‍ അത് നടക്കില്ലെന്ന് മനസ്സിലാക്കാനുള്ള വിവേകം ഷിബു ബേബി ജോണിനുണ്ടായിരുന്നു.
എന്നാല്‍, എന്‍ കെ പ്രേമചന്ദ്രന് പൊറുതിമുട്ട് കലശലായി. മന്ത്രിസ്ഥാനം പോയി. എം എല്‍ എ ആയതുമില്ല. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടാതെ പോയ ചന്ദ്രചൂഡന്‍ ദേശീയ സെക്രട്ടറിയായ പാര്‍ട്ടിയാണല്ലോ ആ പാര്‍ട്ടി. അതിനാല്‍ എം എല്‍ എ ആയി ജനം തിരഞ്ഞെടുക്കാന്‍ കൂട്ടാക്കാത്ത തനിക്ക് എന്തുകൊണ്ട് എം പി ആയിക്കൂടാ എന്ന് പ്രേമചന്ദ്രന്‍ വിചാരിച്ചാല്‍ തെറ്റ് പറയാനാകില്ല. അതിനാല്‍, എന്‍ കെ പ്രേമചന്ദ്രനും അസീസ് ഭായിയും കൂടി കൊല്ലം ലോക്‌സഭാ സീറ്റിനു വേണ്ടി കത്തെഴുത്തും തൊഴുത്തില്‍ കുത്തും തുടങ്ങി. ഒടുവില്‍ എല്‍ ഡി എഫ് വിട്ടു. എല്‍ ഡി എഫ് വിടുന്നവര്‍ക്കെല്ലാം ചേക്കാറാനുള്ള വഴിയമ്പലമാണല്ലോ യു ഡി എഫ്. അങ്ങനെ സിന്ധു ജോയി, മനോജ്, അബ്ദുല്ലക്കുട്ടി എന്നിവരുടെ നിരയിലേക്ക് പ്രേമചന്ദ്രനും എത്തിച്ചേരുകയും ഒരു ലോക്‌സഭാ സീറ്റ് യു ഡി എഫില്‍ നിന്ന് തരമാക്കുക്കുകയും ചെയ്തു. ശ്വേതാ മേനോന്‍ എന്ന പതിവ്രതയുടെ ശാപത്തിന്റെ ശക്തി കൊല്ലം ലോക്‌സഭാ സീറ്റ് എന്‍ കെ പ്രേമചന്ദ്രന് കിട്ടിയതോടെ പീതാംബരക്കുറുപ്പിന് ബോധ്യമാകുകയും ചെയ്തു. ഇത്രയുമാണ് പൊറുതിമുട്ടല്‍ രാഷ്ട്രീയത്തിന്റെ തെക്കന്‍ വീരഗാഥ എന്ന എന്‍ കെ പ്രേമചന്ദ്രന്റെ യു ഡി എഫ് പ്രവേശത്തിന്റെ സാരാംശം.
ഇനിയൊരു സംശയം. അദ്ദേഹം വോട്ട് ചോദിച്ച് സഞ്ചരിക്കുമ്പോള്‍; ജോപ്പന്‍, ജിക്കുമോന്‍, സലിം രാജ്, ഉമ്മന്‍ ചാണ്ടി, കെ ബി ഗണേഷ്‌കുമാര്‍, തോമസ് കുരുവിള, സരിത എസ് നായര്‍ എന്നിവരെക്കുറിച്ച് “ഒരു വര്‍ഷത്തോളമായി താങ്കള്‍ ചാനലുകളില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന അഭിപ്രായം തന്നെയാണോ ഇപ്പോഴും” എന്ന് ചോദിച്ചാല്‍ എന്ത് റവല്യൂഷനറി സോഷ്യലിസ്റ്റ് മറുപടിയാണ് അദ്ദേഹം പറയുക?

Latest