Connect with us

Gulf

കാല്‍നട യാത്രക്കാരുടെ മരണത്തില്‍ ഒമ്പത് ശതമാനം കുറവ്

Published

|

Last Updated

അബുദാബി: യു എ ഇയില്‍ റോഡപകടങ്ങളില്‍ കാല്‍നട യാത്രക്കാര്‍ മരിക്കുന്നതില്‍ ഒമ്പത് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. 2013ല്‍ 1,209 കാല്‍നട യാത്രക്കാരായിരുന്നു വാഹനം ഇടിച്ചു മരിച്ചത്. എന്നാല്‍ തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 1,328 ആയിരുന്നുവെന്നു ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റോഡുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന മരണങ്ങളില്‍ മൂന്നില്‍ ഒന്നും കാല്‍നട യാത്രക്കാരെ വാഹനം ഇടിച്ചാണ് സംഭവിക്കുന്നതെന്ന് റോഡ് സുരക്ഷാ വിദഗ്ധനായ അബ്ദുല്ലിലാഹ് സൈനുദ്ദീന്‍ വെളിപ്പെടുത്തി. ആധുനിക രാജ്യങ്ങളുടെ ശരാശരി വാഹനം ഇടിച്ചുള്ള മരണത്തെ അപേക്ഷിച്ച് യു എ ഇയുടേത് കുറവാണ്.
കഴിഞ്ഞ വര്‍ഷം വാഹനം ഇടിച്ച് 16 പേര്‍ മാത്രമാണ് അബുദാബിയില്‍ മരിച്ചത്. 2012ല്‍ ഇത് 34 ആയിരുന്നു. 2012 മായി താരതമ്യപ്പെടുത്തുമ്പോള്‍ അബുദാബിയില്‍ വാഹനം ഇടിച്ചു മരിക്കുന്ന കാല്‍നട യാത്രക്കാരുടെ എണ്ണത്തില്‍ 31 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. വാഹനാപകടങ്ങളില്‍ ഇതേ കാലഘട്ടത്തില്‍ മൂന്നു ശതമാനത്തിന്റെ കുറവുണ്ടായി. ഒരു ലക്ഷം വാഹനങ്ങള്‍ക്കായാണ് ഇത്. 2012ല്‍ ചുവപ്പ് സിഗ്നല്‍ മറികടന്ന കേസുകള്‍ 13 ആയിരുന്നെങ്കില്‍ 2013ല്‍ ഇത് ആറു മാത്രമായിരുന്നു.
അമിതവേഗത്താല്‍ സംഭവിക്കുന്ന അപകടങ്ങളില്‍ ആളുകള്‍ മരിക്കുന്നതിലും ഗണ്യമായ കുറവാണ് അബുദാബിയില്‍ ഉണ്ടായത്. 25 കേസുകള്‍ 2012ല്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 2013ല്‍ ഇത് 14 ആയി കുറഞ്ഞു. ഗുരുതരമായി പരുക്കേല്‍ക്കുന്നത് 65ല്‍ നിന്നും 55 ആയി കുറഞ്ഞിട്ടുണ്ട്. കാല്‍നട യാത്രക്കാരുടെ മരണ നിരക്കില്‍ കുറവുണ്ടായതായി അബുദാബി അര്‍ബണ്‍ പ്ലാനിംഗ് കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിംഗ് വിഭാഗം മാനേജര്‍ ഇബ്രാഹിം അല്‍ ഹമൂദിയും വ്യക്തമാക്കി.

 

Latest