Connect with us

Ongoing News

എല്ലാ കോളജുകളിലും സ്റ്റാര്‍ട്ടപ്പ് ക്യാമ്പുകള്‍ തുടങ്ങും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഒരു മാസത്തിനകം സംസ്ഥാനത്തെ എല്ലാ കോളജുകളിലും സ്റ്റാര്‍ട്ട് അപ് ബൂട്ട് ക്യാമ്പുകള്‍ രൂപവത്കരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടെക്‌നോ പാര്‍ക്കിന്റെ മൂന്നാം ഘട്ട ക്യാമ്പസില്‍ സ്റ്റാര്‍ട്ട് അപ് വില്ലേജിന്റെ ബൂട്ട് ക്യാമ്പ് ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വിശ്രമിക്കുന്ന മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഇരുന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനവ്യാപകമായി കോളജുകളില്‍ സ്റ്റാര്‍ട്ടപ്പ് ക്ലബ്ബുകള്‍ തുടങ്ങുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ടെക്‌നോ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എന്‍ട്രന്‍സ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് യഥാര്‍ഥത്തില്‍ അവരുടെ അഭിരുചിക്ക് ഒത്ത പഠന മേഖല തിരഞ്ഞെടുക്കാന്‍ അവസരം കിട്ടുന്നില്ല. ഇത്തരം സാഹചര്യം മാറണം. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഇഷ്ടമുള്ള പാത തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ യുവാക്കള്‍ തൊഴില്‍ തേടി ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് പോകുന്നതിനു പകരം ഇവിടെത്തന്നെ തൊഴില്‍ സംരംഭകര്‍ ആകുന്നത് ആഹ്ലാദകരമാണ്. കോളജുകളില്‍ സ്റ്റാര്‍ട്ട് അപ് ക്യാമ്പുകള്‍ തുടങ്ങി ഓരോന്നായി നേരിട്ട് വിലയിരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ സിലിക്കണ്‍ വാലിയിലേക്ക് അയച്ച യുവാക്കള്‍ ആത്മവിശ്വാസത്തോടെയാണ് തിരിച്ചുവന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവ സംരംഭകര്‍ക്ക് എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യാനന്തര കേരളം എല്ലാ മേഖലയിലും മുന്നേറ്റം നടത്തിയെങ്കിലും ഒരു മികച്ച സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനായില്ല. ഇരുമ്പയിര്, സിമന്റ്, സ്റ്റീല്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന വന്‍കിട വ്യവസായങ്ങളായിരുന്നു ഇതിനാവശ്യം. എന്നാല്‍ ഇന്ന് സാങ്കേതിക വിദ്യയും അത് ലഭ്യമാക്കുന്ന മനുഷ്യവിഭവവുമാണ് വ്യവസായ വളര്‍ച്ചക്കാവശ്യം.
ചരിത്രത്തിലാദ്യമായി നാട്ടില്‍ തന്നെ ലോകനിലവാരമുള്ള വ്യവസായങ്ങള്‍ തുടങ്ങാനും തൊഴിലും അറിവും സമ്പത്തും സമൂഹത്തില്‍ സൃഷ്ടിക്കാനുമുള്ള അസംസ്‌കൃത വസ്തു കേരളത്തിന് ഇന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങില്‍ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഐ ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ പങ്കെടുത്തു.

Latest