National
വൈദ്യുതി കമ്പനികളില്‍ സി എ ജി ഓഡിറ്റിന് കേജരിവാളിന്റെ ഉത്തരവ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ വൈദ്യുതി വിതരണ കമ്പനികളെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ – സി എ ജി ഓഡിറ്റിന് വിധേയമാക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉത്തരവിട്ടു. ഓഡിറ്റിംഗ് നടപടികള്‍ നാളെ തുടങ്ങും. ബി എസ് ഇ എസ് യമുന പവര്‍ ലിമിറ്റഡ്, ബി എസ് ഇ എസ് രാജധാനി പവര്‍ ലിമിറ്റഡ്, ടാറ്റ പവര്‍ ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് എന്നീ കമ്പനികളാണ് സി എ ജി ഓഡിറ്റിംഗിന് വിധേയമാകുന്നത്.
സി എ ജി ഓഡിറ്റ് നടത്താത്തിന് കാരണം വിശദമാക്കാന്‍ കേജരിവാള്‍ ഈ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് കമ്പനികള്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് സി എ ജി ഓഡിറ്റിന് കേജരിവാള്‍ ഉത്തരവിട്ടത്. കമ്പനികള്‍ പല കാരണങ്ങളും മറുപടിയില്‍ വിശദീകരിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ട് സി എ ജി ഓഡിറ്റിംഗ് നടത്തിയില്ല എന്നതിന് വിശദീകരണം നല്‍കിയിട്ടില്ലെന്ന് കേജരിവാള്‍ പറഞ്ഞു.
സ്വകാര്യ വൈദ്യുതി വിതരണ കമ്പനികളെ സി എജി ഓഡിറ്റിന് വിധേയമാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.