Connect with us

National

ആദര്‍ശ്: രാഹുലിനെ പിന്തുണച്ച് സോണിയ

Published

|

Last Updated

ന്യൂഡല്‍ഹി: ആദര്‍ശ് കുംഭകോണ വിഷയത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് സോണിയാ ഗാന്ധി. ആദര്‍ശ് കുംഭകോണം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മഹാരാഷ്ട്ര ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ തള്ളിയതിനെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം എതിര്‍ത്തിരുന്നു. തീരുമാനം സര്‍ക്കാര്‍ പുനരാലോചിക്കണമെന്നാണ് രാഹുല്‍ പറഞ്ഞത്.
പാര്‍ട്ടി ആസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. റിപ്പോര്‍ട്ട് തള്ളിയ തീരുമാനം അംഗീകരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞപ്പോഴാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ പുനരാലോചന നടത്തുമെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസിനെ അഴിമതി വിഷയത്തില്‍ തളച്ചിടുന്ന സമയം മാധ്യമങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലെ വിഷയങ്ങള്‍ കൂടി ശ്രദ്ധിക്കണം. മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെടുകയാണ്. അവിടങ്ങളില്‍ പാര്‍ട്ടികളുടെ സ്വന്തം ആള്‍ക്കാരും മന്ത്രിമാര്‍ പോലും അഴിമതിക്കാരായുണ്ട്. അധാര്‍മിക കാര്യങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ദേശിക്കുമ്പോള്‍ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തരുത്. എല്ലാ തരത്തിലും നിരീക്ഷിക്കുകയും വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയും വേണം. അതോടൊപ്പം മറ്റുള്ളവരെ കൂടി നിരീക്ഷിക്കണം. അഴിമതിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. ഈയടുത്ത് യു പി എ സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ സുഗമമായി പാസ്സാക്കിയത് സോണിയ ഓര്‍മിപ്പിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വീരാജ് ചവാനെ വേദിയിലിരുത്തി നടത്തിയ പത്ര സമ്മേളനത്തിലാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതാക്കളായ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. പത്ര സമ്മേളനത്തിന് ശേഷം ഇക്കാര്യത്തില്‍ പ്രതികരണം ആവശ്യപ്പെട്ട് ചവാനെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. വിഷയം മറ്റ് മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം മറുപടി നല്‍കി. കഴിഞ്ഞയാഴ്ചയാണ് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളിയത്. മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെട്ട നിരവധി രാഷ്ട്രീയക്കാര്‍ പ്രകടമായി നിയമം ലംഘിച്ചുവെന്നാണ് വിരമിച്ച ഹൈക്കോടതി ജഡ്ജി ജെ എ പാട്ടീല്‍ നേതൃത്വം നല്‍കിയ രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ളത്.