Connect with us

Articles

കാലത്തിനനുസരിച്ച് മാറേണ്ടതാണോ സമരരീതി ?

Published

|

Last Updated

സന്തോഷം, ദുഃഖം, രോഷം തുടങ്ങിയ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മനുഷ്യര്‍ക്ക് സ്ഥായിയായ ചില രീതികളുണ്ട്. കാലാനുസൃതമായി മനുഷ്യന്റെ ശരീരഘടനയെ മാറ്റാനാകില്ല എന്നതുപോലെ നേരത്തെ പറഞ്ഞ വികാരപ്രകടന രീതികളെയും മാറ്റാനാകില്ല. എന്തുകൊണ്ടിങ്ങനെ പറയുന്നു എന്ന കാര്യം അല്‍പ്പം വിശദമായി പരിശോധിക്കാം.
മനുഷ്യന്‍ സന്തോഷഭരിതനാകുമ്പോള്‍ ആര്‍ത്തു ചിരിക്കുക, തുള്ളിച്ചാടുക, നൃത്തം ചവിട്ടുക, ആര്‍ത്തു വിളിക്കുക എന്നതൊക്കെയാണ് എല്ലാ കാലത്തും ചെയ്തുവരുന്നത്. ദുഃഖം വരുമ്പോള്‍ മനുഷ്യന്‍ കരയുകയാണ് ചെയ്തുവരുന്നത്. പ്രാചീന മനുഷ്യന്‍ കാലിടറി വീണ് എല്ലൊടിയുമ്പോഴും മറ്റും ആയിരുന്നിരിക്കണം വാവിട്ട് കരഞ്ഞിരുന്നത്. ആധുനിക മനുഷ്യന്‍ ബൈക്കില്‍ നിന്നു വീണ് എല്ലൊടിയുമ്പോഴായിരിക്കും വാവിട്ട് കരയുന്നത്. എല്ലൊടിയാനുള്ള കാരണങ്ങള്‍ക്കല്ലാതെ എല്ലൊടിഞ്ഞാലുണ്ടാകുന്ന വേദനക്കോ അതിന്റെ പ്രകടനരൂപമായ കരച്ചിലിനോ കാലഗതിക്കനുസരിച്ച് മാറ്റം ഉണ്ടാകുന്നില്ല. വസ്ത്രധാരണ രീതി മാറ്റുന്നതുപോലെ മനുഷ്യന് കരച്ചിലിന്റെ രീതി മാറ്റാനാകില്ല. സന്തോഷം, ദുഃഖം തുടങ്ങിയ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്താനാകാത്തതു പോലെ തന്നെ മനുഷ്യന് രോഷപ്രകടന രീതികളിലും മാറ്റം വരുത്താനാകില്ല. കാരണം, ദുഃഖവും സന്തോഷവും പോലെ തന്നെ രോഷവും ഒരു വികാരമാണ്.

രോഷം വന്നാല്‍ മനുഷ്യര്‍ ഉറക്കെ വര്‍ത്തമാനം പറയും, സാമാന്യ നിലയില്‍ ഉപയോഗിക്കാന്‍ സങ്കോചം തോന്നുന്ന വാക്കുകള്‍ പോലും നിസ്സങ്കോചം ഉപയോഗിക്കും, കൈയില്‍ കിട്ടുന്നത് എടുത്ത് എറിയും; ഇത്തരം കാര്യങ്ങളാണ് എപ്പോഴും ഉണ്ടാകാറുള്ളത്. ഇതിനൊന്നും കഴിയാത്തവര്‍ പട്ടിണി കിടക്കും. മാതാപിതാക്കളോട് രോഷം തോന്നുന്ന കുഞ്ഞുങ്ങള്‍ ആഹാരം തള്ളിമാറ്റിയാണ് പ്രതിഷേധിക്കുക; ഭാര്യയോട് പിണങ്ങിയ ഭര്‍ത്താവോ ഭര്‍ത്താവിനോട് പിണങ്ങിയ ഭാര്യയോ രോഷം പ്രകടിപ്പിക്കുന്നത് നിരാഹാരം കിടന്നാണ്. വീട്ടകത്തെ ഈ പ്രതിഷേധ രീതിയെ നാട്ടിലെങ്ങും നടപ്പാക്കാന്‍ ശ്രമിച്ചതാണ് ഗാന്ധിയന്‍ നിരാഹാര സമരമുറ. ഒച്ച വെച്ചിട്ടും സാധനങ്ങള്‍ വലിച്ചെറിഞ്ഞ് ഉടച്ചിട്ടും പട്ടിണി കിടന്നിട്ടും രോഷത്തിനു കാരണമായ സാഹചര്യത്തില്‍ അയവ് വരാതിരിക്കുമ്പോഴാണ് രോഷകാരണത്തെ തന്നെ ഇല്ലാതാക്കാന്‍ മനുഷ്യന്‍ മുതിരുക. മകനായ പ്രഹ്ലാദനെ ഇല്ലാതാക്കാന്‍ ഹിരണ്യകശിപു ശ്രമിച്ചത് ഇവിടെ ഓര്‍മിക്കാം. ഗാന്ധിജിയെ നാഥുറാം ഗോഡ്‌സേ വകവരുത്തിയതും ഇവിടെ ഓര്‍മിക്കാം. രോഷപ്രകടനത്തിന് മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ ഭൂമിയില്‍ മനുഷ്യന്‍ സ്വീകരിച്ചുവരുന്ന രീതികളാണ് ഇപ്പറഞ്ഞതെല്ലാം. പണ്ട് ഒരാള്‍ക്ക് ദേഷ്യം വന്നാല്‍ അയാള്‍ മണ്‍കലം എറിഞ്ഞ് ഉടക്കും. ഇന്നൊരാള്‍ക്ക് ദേഷ്യം വന്നാല്‍ അയാള്‍ മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ എറിഞ്ഞുടക്കുന്നു. എറിഞ്ഞുടക്കപ്പെടുന്ന സാധനങ്ങള്‍ക്കല്ലാതെ രോഷപ്രകടനരീതിയായ “എറിഞ്ഞുടക്കല്‍” എന്ന ക്രിയക്ക് യാതൊരു വ്യത്യാസവും കാലം കൊണ്ട് ഉണ്ടായിട്ടില്ലെന്ന് ചുരുക്കം.

ആറ്റിക്കുറുക്കി ചിന്തിച്ചാല്‍ സമരം ഒരു രോഷപ്രകടനമാണ്. ഭരണകൂടം ജനജീവിതത്തെ പീഡിപ്പിക്കുന്ന മര്‍ദനോപകരണം ആകുന്നിടത്തൊക്കെ വികാരങ്ങളുള്ള മനുഷ്യര്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഭരണകൂടത്തിനു നേരെ രോഷാകുലരായി തെരുവിലേക്കിറങ്ങും. അവര്‍ രോഷം വന്നാല്‍ വീട്ടില്‍ ചെയ്യുന്നത് തെരുവിലും ചെയ്യും. രോഷം രൂക്ഷമല്ലെങ്കില്‍ സമരം ഒരു പ്രതിഷേധപ്രകടനത്തിലോ കുത്തിയിരിപ്പിലോ നിരാഹാരത്തിലോ കരിങ്കൊടി കാട്ടലിലോ കോലം കത്തിക്കലിലോ അവസാനിക്കുകയും ചെയ്യും. പക്ഷേ, ഭരണകൂടത്തിനെതിരായ രോഷപ്രകടനത്തിന് ഇതിലപ്പുറം രീതിവ്യത്യാസങ്ങളൊന്നും വരുത്താനാകില്ല. പ്രത്യേകിച്ച് വികാരങ്ങളുള്ള മനുഷ്യരാണ് സമര പങ്കാളികളെങ്കില്‍. അതിനാല്‍ രോഷപ്രകടന രീതികള്‍ കാലാനുസൃതമായി വീട്ടിലോ ഓഫീസിലോ തെരുവിലോ എവിടെയെങ്കിലും മനുഷ്യന് മാറ്റാനായിട്ടുണ്ടോ എന്നു സൂക്ഷ്മമായി പഠിക്കാതെയും പരിശോധിക്കാതെയും “സമരരീതികള്‍ മാറ്റണമെന്നു” പ്രസ്താവന പുറപ്പെടുവിക്കുന്നവര്‍ ആരായാലും അവര്‍ മനുഷ്യസ്വഭാവത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരാണെന്നു തന്നെ പറയേണ്ടിവരുന്നു. കാലത്തിനനുസരിച്ച് കരച്ചില്‍രീതി മാറുമെന്നുണ്ടെങ്കിലല്ലാതെ കാലത്തിനനുസരിച്ച് രോഷപ്രകടനരീതികളും മാറണമെന്നു പറയുന്നതില്‍ യാതൊരു അര്‍ഥവും ഇല്ലെന്നു ചുരുക്കം.

ഏതു ഭരണകൂടവും ആഗ്രഹിക്കുന്നത് പ്രതിഷേധിക്കാത്ത ജീവച്ഛവങ്ങളെപ്പോലുള്ള ജനതയെയാണ്. ജനങ്ങള്‍ എന്ത് അതിക്രമവും അനീതിയും അഴിമതിയും സഹിച്ചു കഴിയുന്ന ജീവച്ഛവങ്ങള്‍ ആകരുതെന്നാണ് ലോകത്തെ സാരമായി സ്വാധീനിച്ച ആശയാദര്‍ശങ്ങളും അവ ആവിഷ്‌കരിച്ച മഹാത്മാക്കളും പഠിപ്പിച്ചതും. കംസ, ജരാസന്ധ, ദുര്യോധനന്മാരുടെ ഭരണകൂടങ്ങള്‍ക്കെതിരെ ശ്രീകൃഷ്ണനും രാവണന്റെ തേര്‍വാഴ്ചക്കെതിരെ ശ്രീരാമനും വര്‍ണവിവേചനത്തിനെതിരെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് മുതല്‍ നെല്‍സണ്‍ മണ്ഡേല വരെയും രോഷാകുലരാകുകയും പ്രതിഷേധിക്കുകയും ജനങ്ങളില്‍ ആത്മവീര്യം പകരുകയും ചെയ്തിട്ടുണ്ട്. “ഒരു കരണത്ത് അടിച്ചവന് നീ നിന്റെ മറു കരണവും കാട്ടിക്കൊടുക്കുക” എന്ന് ഉപദേശിച്ച അഹിംസാപ്രകൃതനായ യേശുക്രിസ്തു പോലും ജറൂസലം ദേവാലയത്തില്‍ നിന്നും പൊന്‍വാണിഭക്കാരെയും കൊള്ളപ്പലിശക്കാരേയും അടിച്ചിറക്കാന്‍ ചാട്ടയേന്തിയിട്ടുണ്ട്. സ്വന്തം മകളെ ഒരു കൂട്ടം കശ്മലന്മാര്‍ ബലാത്സംഗം ചെയ്യുമ്പോള്‍ സ്വന്തം തടി കേടാകാതിരിക്കാന്‍ കൈകെട്ടി മാറി നില്‍ക്കുന്ന ഭീരുത്വമല്ല അഹിംസ എന്നു ഗാന്ധിജിക്കു പോലും പറയേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് അനീതിയും അക്രമവും അഴിമതിയും കണ്ടാല്‍ അതിനെതിരെ രോഷം കൊള്ളാനും പ്രതികരിക്കാനും സ്വയം തയ്യാറാകുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നവരിലൂടെ മാത്രമാണ് ലോകം ഇത്രയെങ്കിലും നീതിയുക്തമായി നിലകൊള്ളാന്‍ ഇട വന്നത് എന്നാണ്. നാട് ഒന്നടങ്കം നീതിരഹിതമാകാതിരിക്കാന്‍ ഇടതുപക്ഷ സമരങ്ങള്‍ അനിവാര്യം തന്നെയാണ്. കാള്‍ മാര്‍ക്‌സ് എന്ന മനുഷ്യനും അദ്ദേഹം മാനവ ചരിത്രത്തിന്റെ ഗതിവിഗതികളെ ആഴത്തില്‍ പഠിച്ച് രൂപപ്പെടുത്തിയ കമ്യൂണിസം എന്ന പ്രത്യയശാസ്ത്രവും പണക്കാര്‍ എന്ന പക്ഷത്തിന്റെ ചൂഷണത്തില്‍ നിന്നും അടിമത്തത്തില്‍ നിന്നും പണിയെടുക്കുന്നവര്‍ എന്ന ഭൂരിപക്ഷത്തിന് മോചനം നേടാന്‍ അത്യാവശ്യമായ ചൂഷണത്തിനെതിരായ ധാര്‍മിക രോഷം നിറഞ്ഞതായിരുന്നു. പണിയെടുക്കുന്നതിന് കൂലി കിട്ടുമെന്നുള്ള ഉറപ്പ്, മുതലാളിയുടെ ലാഭം മാത്രമല്ല തൊഴിലാളികളുടെ ക്ഷേമവും ഉറപ്പ് വരുത്തണം എന്ന നിലയിലുള്ള ചെറുതും വലുതുമായ നിയമപരിഷ്‌കരണങ്ങള്‍ എന്നിവയൊക്കെ ലോകമെമ്പാടും വഴിതുറക്കപ്പെട്ടത് കമ്യൂണിസത്തിന്റെ ചൂഷണവിരുദ്ധമായ രോഷപ്രകടനങ്ങളാല്‍ ആയിരുന്നു. ഇതൊക്കെ വിസ്മരിച്ചും വിഗണിച്ചും “ഭരിക്കുന്നവര്‍ എന്തു കൊള്ളരുതായ്മയും ചെയ്യട്ടെ എനിക്ക് സ്‌കൂട്ടറോടിക്കാന്‍ വഴിതടസ്സം ഉണ്ടാക്കുന്ന സമരങ്ങള്‍ ജനവിദ്ധ”മാണെന്ന് ഒരു വീട്ടമ്മ പറയുന്നതായി ചാനലുകള്‍ കാണിച്ചു എന്നു വെച്ച്, സമരരീതികള്‍ മാറണമെന്നു പറയുന്നത് ചരിത്രത്തെ തള്ളിപ്പറയലാണ്. വഴി നടക്കാനും വോട്ട് ചെയ്യാനും മാറ് മറയ്ക്കാനും വിദ്യാലയപ്രവേശത്തിനും കുളിച്ചുതൊഴുവാന്‍ ക്ഷേത്രത്തില്‍ കയറാനും നാടു കടത്തല്‍ ഭീഷണിയില്ലാതെ പത്രപ്രവര്‍ത്തനം നടത്താനുമൊക്കെ കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങള്‍ക്ക് അവസരം കൈവന്നതു പോലും ഒരുപാട് ചോര ചിന്തിയും ചിന്താതെയും നടന്ന പോരാട്ടങ്ങളിലൂടെയാണ്. അതിനാല്‍, വഴിതടസ്സങ്ങളുണ്ടാക്കുന്ന സമരങ്ങളെ ഇന്ന് അപഹസിക്കുന്നവര്‍ വഴിനടക്കാന്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചത് എങ്ങനെയെന്നു കൂടി ചിന്തിക്കുന്നത് നന്നായിരിക്കും. അതിനു ശേഷം സമരരീതികള്‍ എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച് സൗകര്യം പോലെ ചര്‍ച്ച ചെയ്യാവുന്നതേയുള്ളൂ.

shakthibodhiviswa@gmail.com

Latest