Connect with us

Kerala

ഐ എ എം ഇ ഫെസ്റ്റിന് നാളെ തുടക്കം

Published

|

Last Updated

കോഴിക്കോട്: കലയുടെ പുതിയ ശീലുകളുമായി ഐ എ എം ഇ സ്‌കൂളുകളിലെ പ്രതിഭകള്‍ നാളെ മുതല്‍ രണ്ട് ദിവസങ്ങളിലായി കോഴിക്കോടിന്റെ മലയോര ഗ്രാമത്തെ പാടിയുണര്‍ത്തും. സംസ്ഥാനത്തെ അഞ്ച് സോണുകളില്‍ നിന്ന് നൂറോളം സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കുന്ന ഐ എ എം ഇ ആര്‍ട്‌സ് ഫെസ്റ്റ് മലയോര നിവാസികള്‍ക്ക് പുതിയ അനുഭവമാകും. നെച്ച്യാട് അല്‍ ഇര്‍ഷാദ് സെന്‍ട്രല്‍ സ്‌കൂളില്‍ സജ്ജീകരിച്ച പതിനഞ്ച് വേദികളില്‍ അഞ്ച് കാറ്റഗറികളിലായി നൂറ്റിമുപ്പത്തിയൊന്ന് ഇനങ്ങളിലായാണ് മല്‍സരം നടക്കുന്നത്.
നാളെ രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മതമൈത്രിയുടെ സ്‌നേഹ സന്ദേശം കൂടിയാകും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചാനിയില്‍, സ്വാമി വിശ്വ ഭദ്രാനന്ദ എന്നിവര്‍ സംയുക്തമായി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഐ എ എം ഇ പ്രസിഡന്റ് പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിക്കും. ഡോ എ പി അബ്ദുല്‍ ഹക്കീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും.