Articles
സഞ്ജയ്ദത്തും സൈബുന്നീസ ഖാസിയും

സഞ്ജയ്ദത്ത് ബോളിവുഡ് നടനോ ഹിന്ദി സിനിമാ ലോകത്തെ അതികായരായ സുനില്‍ ദത്ത്- നര്‍ഗീസ് ദമ്പതികളുടെ മകനോ മാത്രമല്ല ഇന്ന്. ടെററിസ്റ്റ് ആന്‍ഡ് ഡിസ്‌റപ്റ്റീവ് ആക്ടിവിറ്റീസ് ആക്ട് (ടാഡ) നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ പൗരന്‍ കൂടിയാണ്. 257 പേര്‍ കൊല്ലപ്പെടുകയും 27 കോടി രൂപയുടെ നാശനഷ്ടമുണ്ടാകുകയും ചെയ്ത 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് എ കെ 56 തോക്കും ഒമ്പത് എം എം പിസ്റ്റളും നിയമവിരുദ്ധമായി കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ്. രാജ്യത്തെ പരമോന്നത കോടതി ശിക്ഷ ശരി വെച്ച കേസില്‍ ജയിലില്‍ കഴിയുന്നയാളാണ്. രണ്ട് മാസത്തിനിടെ രണ്ടാമതും ദത്തിന് പരോള്‍ അനുവദിക്കുമ്പോള്‍ ഈ ഓര്‍മകള്‍ ആര്‍ക്കും തികട്ടിവരും. ഭാര്യയുടെ അസുഖം കാരണമാണ് പരോള്‍ അനുവദിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, ഒക്‌ടോബര്‍ ഒന്നിന് 14 ദിവസത്തെ പരോള്‍ അനുവദിക്കുകയും പിന്നീട് 15 ദിവസം കൂടി പരോള്‍ നീട്ടി നല്‍കുകയും ചെയ്തിരുന്നു ദത്തിന്.
“രോഗിണിയായ” ഭാര്യ മന്യത, ദത്തിന് പരോള്‍ അനുവദിച്ചതിന്റെ തലേന്ന് രാത്രി താര പാര്‍ട്ടികളില്‍ പങ്കെടുത്തതിന്റെ സചിത്ര വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ദത്തിന്റെ പരോളിന് നേരെ ചോദ്യചിഹ്നമുയര്‍ന്നത്. ജൂഹുവിലെ സ്റ്റുഡിയോയില്‍ ഷാഹിദ് കപൂറിന്റെ പുതിയ ചിത്രത്തിന്റെ സ്‌ക്രീനിംഗ് പരിപാടിയിലും കൃഷിക ലുല്ലയുടെ ജന്മദിനാഘോഷത്തിലുമാണ് മന്യത പങ്കെടുത്തത്. “കരളില്‍ ട്യൂമറുള്ള” മന്യത പരിപാടികളില്‍ സജീവമായത് സഞ്ജയ് ദത്തിന്റെ പരോള്‍ വിവരം “അറിയാതെ”യാണെന്നാണ് ചില മാധ്യമങ്ങള്‍ പരിഹാസ സ്വരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കരളില്‍ ട്യൂമറുള്ള മന്യതക്ക് നെഞ്ചുവേദനയുണ്ടെന്നും കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ പത്ത് കിലോഗ്രാം തൂക്കം കുറഞ്ഞെന്നും “മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്” ലഭിച്ചിട്ടുമുണ്ട്. താരങ്ങളുടെ ജന്മദിനവും വിവാഹ വാര്‍ഷികവും പരീക്ഷ പാസ്സായതും ആശുപത്രിയില്‍ പോകുന്നതും ഗര്‍ഭം ചുമക്കുന്നതും പ്രസവിക്കുന്നതും കാതും കണ്ണും കൂര്‍പ്പിച്ച് കണ്ടെത്തി ആഘോഷിക്കുന്ന മുംബൈയിലെ തന്നെ ചിലര്‍ സധീരം ഈ അധികാര ദുര്‍വിനിയോഗത്തിനെതിരെ പ്രതികരിക്കാനും സന്നദ്ധരായിട്ടുണ്ട്. ദത്തിന് പ്രത്യേക ഇളവ് അനുവദിച്ചതില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ യേര്‍വാഡ സെന്‍ട്രല്‍ ജയിലിന് മുമ്പില്‍ പ്രതിഷേധിച്ചു. കറുത്ത കൊടി വീശിയും ജയില്‍ അധികൃതരുടെ നടപടിയെ അപലപിച്ചുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മഹാരാഷ്ട്രയില്‍ ജയില്‍ നിറക്കല്‍ സമരം നടത്തുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സമാന കേസില്‍ ഒരേ ദിവസം ശിക്ഷിക്കപ്പെട്ട വൃദ്ധയും അര്‍ബുദബാധിതയുമായ സൈബുന്നീസ ഖാസിയെന്ന 74കാരിയുടെ പരോള്‍ അപേക്ഷ വായിച്ചുനോക്കാന്‍ പോലും യേര്‍വാഡ ജയില്‍ അധികൃതര്‍ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന മാതാവ് കഴിഞ്ഞ ജൂലൈയില്‍ പരോളിന് അപേക്ഷിച്ചെങ്കിലും നിരസിച്ചുവെന്നാണ് മകള്‍ പറയുന്നത്. വിവേചനാധികാരം തെറ്റായ വഴിയില്‍ വിനിയോഗിക്കുകയാണെന്ന് ആരോപിച്ച് സമാന കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട പര്‍വേസ് ശൈഖിന്റെ അഭിഭാഷകന്‍ യേര്‍വാഡ ജയില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസിന്റെ തുടര്‍നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പോലും പര്‍വേസിനെ കാണാന്‍ തന്നെ അനുവദിക്കാത്ത സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് ഭാര്യയുടെ അസുഖ കാരണം പറഞ്ഞുള്ള ദത്തിന്റെ പരോള്‍ വിലയിരുത്തേണ്ടത്.
ദത്തിന് പരോള്‍ ലഭിക്കേണ്ടത് ആരുടെ “സൂക്കേട്” തീരാനാണെതാണ് ഉയരന്ന ചോദ്യം. കഴിഞ്ഞ മാര്‍ച്ച് 21ന് ശിക്ഷ സുപ്രീം കോടതി ശരി വെച്ച സമയത്ത് 200 കോടിയിലേറെ രൂപ മുടക്കിയ സിനിമകളാണ് ദത്ത് അഭിനയിച്ചു തീര്‍ക്കാനുള്ളത്. തുടര്‍ന്ന്, റിവ്യൂ ഹരജിയും മാപ്പ് അപേക്ഷിച്ചുള്ള ഹരജിയും നല്‍കിയെങ്കിലും തള്ളുകയായിരുന്നു. എന്നാല്‍, കീഴടങ്ങുന്നതിന് നാല്‍പ്പത് ദിവസത്തെ സമയം നല്‍കി. കോടതി അനുവദിച്ച അന്തിമ ദിനത്തിന്റെ തലേന്ന് മുംബൈയില്‍ ഏറെ വികാരധീനനായും കരഞ്ഞും മൂക്ക് പിഴിഞ്ഞും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഏറെ പാവത്താനെ പോലെയാണ് ദത്ത് കാണപ്പെട്ടത്. ഈ അനുകമ്പ പിടിച്ചുപറ്റല്‍ നാടകത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതനായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പോലും വീണു പോയി. ദത്തിന്റെ ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് അദ്ദേഹം എഴുതി. അതേസമയം, സൈബുന്നീസ ഖാസി സെലിബ്രിറ്റി അല്ലാത്തതു കൊണ്ടും അവരുടെ പരിദേവനങ്ങള്‍ക്ക് മാധ്യമ കവറേജ് ഇല്ലാത്തതുകൊണ്ടും ശതകോടികള്‍ മുടക്കുന്ന സിനിമകളുടെ ഭാഗമല്ലാത്തതുകൊണ്ടും ആരും ശ്രദ്ധ കൊടുത്തില്ല. ഇക്കാര്യം ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മാത്രമാണ് കാസിക്ക് വേണ്ടി ശിക്ഷാ ഇളവ് ശിപാര്‍ശ ചെയ്യാന്‍ കട്ജു പോലും തയ്യാറായത്.
ജയിലില്‍ ദത്തിന് മദ്യവും മറ്റ് “അവശ്യ അതിജീവന” വസ്തുക്കളും യഥേഷ്ടം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജയിലിനുള്ളില്‍ ദത്തിന് ബിയറും റമ്മും ലഭിക്കുന്നുണ്ടെന്ന് ബി ജെ പി നേതാവ് വിനോദ് താവ്‌ദെയാണ് ചൂണ്ടിക്കാണിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ മഹത്തായ സേവനം അനുഷ്ഠിക്കുന്നത്. നാളിതു വരെ മുന്തിയ വിദേശ മദ്യം സേവിച്ച ഒരാള്‍ക്ക് ബിയറും റമ്മും പോലും ഇല്ലെങ്കില്‍ എങ്ങനെ ഭക്ഷണം താഴോട്ട് ഇറങ്ങാനാണ്? ദത്തിന് വീട്ടിലെ ഭക്ഷണവും ഫാനും ലഭ്യമാക്കാന്‍ കോടതി തന്നെ നേരത്തെ നിര്‍ദേശിച്ചിരുന്നു. വ്യവസ്ഥിതിയുടെ ഇരയാണെന്നോ കള്ളക്കേസാണെന്നോ ദത്തിന്റെ കാര്യത്തില്‍ പക്ഷം ചേരാന്‍ സാധിക്കില്ല. ക്യാമറക്ക് പിറകില്‍ മാത്രമല്ല അദ്ദേഹം പ്രതിനായകനായിട്ടുള്ളത്. ജീവിതത്തിലുടനീളം പ്രതിനായക വേഷം അദ്ദേഹം നന്നായി ഉപയോഗിച്ചിട്ടുണ്ട്. 1982ല്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഈ കേസില്‍ ജയില്‍മോചിതനായ ശേഷം അമേരിക്കയിലെ ടെക്‌സാസിലെ റിഹാബിലിറ്റേഷന്‍ ക്ലിനിക്കില്‍ രണ്ട് വര്‍ഷം “നല്ല കുട്ടിയായി” കഴിഞ്ഞു. തുടര്‍ന്ന് ഇന്ത്യയിലെത്തി സിനിമാ രംഗത്ത് സജീവമായെങ്കിലും അധോലോക ബന്ധം പലപ്പോഴായി പുറംലോകമറിഞ്ഞു. മുംബൈ സ്‌ഫോടന കേസില്‍ 2007ല്‍ ആദ്യമായി ജയിലില്‍ എത്തിയപ്പോള്‍ താരപരിവേഷമാണ് ദത്തിന് ലഭിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ജയില്‍ ജീവനക്കാര്‍ താരത്തിന്റെ കരം ഗ്രഹിക്കാന്‍ ഉന്തും തള്ളുമായിരുന്നു. ജയിലിലെ എന്തെങ്കിലും പരിപാടിയില്‍ സംബന്ധിക്കാനോ ഷൂട്ടിംഗിനോ എത്തിയത് പോലെയുള്ള പ്രതീതിയായിരുന്നു അത്. കുറ്റവാളികള്‍ക്ക് വീരോചിത സ്വീകരണം നല്‍കി ശിക്ഷ “സൗഹാര്‍ദപരമായി” അനുഭവിക്കാന്‍ സജ്ജമാക്കുന്ന ജനകീയ പോലീസിന്റെ പരസ്യത്തിന് ഉപയോഗിക്കാന്‍ ആ പടം എമ്പാടും മതിയായിരുന്നു.
സെലിബ്രിറ്റികള്‍ എവിടെയായാലും ആഘോഷിക്കപ്പെടുന്ന രീതി ഒരിക്കലും മാറില്ലെന്ന സന്ദേശമാണ് ഇവ നല്‍കുന്നത്. അത് ജയില്‍ ശിക്ഷ അനുഭവിക്കുന്നതായാലും തെരുവില്‍ പച്ചക്കറി വാങ്ങുന്നതായാലും ആശുപത്രിയില്‍ പോകുന്നതായാലും ഗര്‍ഭം ധരിക്കുന്നതായാലും ഗോലി കളിക്കുന്നതായാലും നീന്തുന്നതായാലും. രാജ്യത്ത് നിരവധി സെലിബ്രിറ്റികള്‍ നിയമലംഘനത്തിന് പിടിക്കപ്പെടുന്നുണ്ട്. (പിടിക്കപ്പെട്ടവര്‍ ഗുരുതര കുറ്റം ചെയ്തവര്‍; പിടിക്കപ്പെടാത്തവരോ അതിഗുരുതര കുറ്റം ചെയ്തവരും). നികുതി വെട്ടിക്കുന്നവര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, പീഡനക്കേസില്‍ ഉള്‍പ്പെടുന്നവര്‍, മൃഗവേട്ട നടത്തുന്നവര്‍, തെരുവ് കൂരയാക്കി ഉറങ്ങുന്നവര്‍ക്ക് മേലെ കള്ള് കുടിച്ച് വണ്ടിയോടിച്ച് കയറ്റുന്നവര്‍, വണ്ടിച്ചെക്ക് നല്‍കി പറ്റിക്കുന്നവര്‍, വഞ്ചിക്കുന്നവര്‍, കൊലപാതകികള്‍, ആത്മഹത്യാ പ്രേരണ നടത്തുന്നവര്‍, ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തുന്നവര്‍, സ്വര്‍ണം കടത്തുന്നവര്‍ ഇങ്ങനെ നിരവധി “കലകള്‍” കൈമുതലാക്കിയ താര നിര തന്നെ ഇന്ത്യന്‍ സിനിമാ രംഗത്തുണ്ട്. എന്നാല്‍ ഇതേ കുറ്റം ചെയ്ത സാധാരണക്കാരനോട് പുലര്‍ത്തുന്ന മനോഭാവമാണോ സെലിബ്രിറ്റികളോട് എന്നത് പഠനവിധേയമാക്കേണ്ടതുണ്ട്. മാധ്യമങ്ങള്‍ മുതല്‍ നിയമപാലകര്‍ വരെ ഇക്കാര്യത്തില്‍ ഒരേ ചരടില്‍ കോര്‍ക്കപ്പെട്ടവരാണ്. താരദമ്പതികള്‍ വിവാഹമോചനം നടത്തിയാല്‍ ബിഗ് ന്യൂസാകുന്നു. വിവാഹം കഴിച്ച താരം കോടതിയുടെയോ പോലീസ് സ്റ്റേഷന്റെയോ സമീപത്ത് കൂടി പോയാല്‍ പോലും “താരം വിവാഹമോചനത്തിലേക്ക്” എന്ന് ഫഌഷ് ന്യൂസ് നല്‍കുന്ന കാലമാണ്. ഫാന്‍സി തീയതിയില്‍ കല്യാണം കഴിച്ച് അടുത്ത കൊല്ലത്തെ ഫാന്‍സി ഡേറ്റില്‍ വിവാഹ മോചനം നടത്താന്‍ മത്സരിക്കുന്ന താരങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമപ്രവര്‍ത്തകരായിട്ട് കുറക്കേണ്ടതില്ലല്ലോ. അതേസമയം, ഇവര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളെയോ കേസുകളെയോ നടപടികളെയോ സംബന്ധിച്ച് കുറ്റകരമായ മൗനം അവലംബിക്കാനും മാധ്യമങ്ങള്‍ക്കറിയാം. ഇക്കാര്യങ്ങളില്‍ സര്‍ക്കാറുകള്‍ക്കും വലിയ താത്പര്യമൊന്നുമില്ല. സെലിബ്രിറ്റികളുടെ ജന്മദിനത്തില്‍ കേക്ക് മുറിക്കാനും വിവാഹ/ ഗൃഹപ്രവേശ ചടങ്ങുകളില്‍ ഇളനീരും പിടിച്ച് നില്‍ക്കാനും വിവാഹത്തിന് ബ്രോക്കറാകാനും വിവാഹമോചനത്തിന് ഇടനിലക്കാരനാകാനും ഇവര്‍ക്ക് മക്കളുണ്ടായാല്‍ ചോറൂണ് നടത്താനും “നാടുനീങ്ങിയാല്‍” നാല് വരി അനുശോചന കുറിപ്പ് നല്‍കാനും മാത്രമുള്ളവരായി നമ്മുടെ ഭരണകര്‍ത്താക്കളും ജനപ്രതിനിധികളും മാറുന്നു. അതിനപ്പുറത്തേക്ക് സെലിബ്രിറ്റികള്‍ ഒന്നിനും പോകില്ലെന്ന രൂഢമൂലമായ നിഷ്‌കളങ്ക വിശ്വാസം നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ട്. രാജഭരണം കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് പതിറ്റാണ്ടുകളായെങ്കിലും ഇപ്പോഴും രാജകുടുംബത്തില്‍ ജനിച്ചു പോയവര്‍ ചരമമടഞ്ഞാല്‍ പൊതു അവധി പ്രഖ്യാപിക്കുന്ന, കൂലിവേലയില്ലാത്ത സാധാരണക്കാരന്‍ പശിയടക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ പെന്‍ഷന്റെ രൂപത്തില്‍ സര്‍ക്കാര്‍ പണം രാജകുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന, അവരുടെ സപ്തതിയും നവതിയും ശതാഭിഷേകവും മറ്റും മറ്റും ആഘോഷപൂര്‍വം നടത്തുന്ന ഒരു ഭരണ/ മാധ്യമ സംവിധാനം നിലനില്‍ക്കുന്നിടത്തോളം കാലം ഇങ്ങനെയും ഇതിലും വഷളുമായേ സംഭവിക്കൂ. മനുഷ്യസ്വത്വത്തിന് നിരക്കാത്ത സ്വവര്‍ഗലൈംഗികത നിരോധിച്ച കോടതി നടപടി പ്രാകൃതമായി കണക്കാക്കുന്നവര്‍, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവസാനിച്ച ഫ്യൂഡലിസത്തെ പുല്‍കുന്നതില്‍ യാതൊരു പ്രാകൃതത്വവും കാണുന്നില്ല.
ചുരുക്കത്തില്‍, മനോഭാവങ്ങളിലെ മാറ്റം ഇതുവരെ സംഭവിച്ചിട്ടില്ല. ദത്തിന്റെ പരോള്‍ നിസ്സാരമായി കാണുന്നവരുണ്ടാകും. ദത്തിന് പരോള്‍ ലഭിച്ചതിലുള്ള ഈര്‍ഷ്യയല്ല മറിച്ച്, വ്യവസ്ഥിതിയുടെ മാറ്റങ്ങളിലാണ് രോഷം. ദത്തിനെ പോലെ അല്ലെങ്കിലും അതില്‍ അവശരായ നിരവധി പേര്‍ കാരാഗൃഹങ്ങളിലുണ്ട്. വിചാരണത്തടവുകാരായി മൃത്യു സമാനം കഴിയുന്നവര്‍. ശരീരത്തില്‍ ജീവന്റെ തുടിപ്പ് മാത്രം അവശേഷിച്ച് കേസിലെ തീര്‍പ്പിന് കാത്തുനില്‍ക്കുന്നവര്‍. ഇത്തരം വിചാരണാ തടവുകാര്‍ പുറത്തിറങ്ങിയാല്‍ രാജ്യത്തിന് ഭീഷണിയാണെന്ന പൊതുബോധം പ്രസരിപ്പിക്കുന്ന സാഡിസ്റ്റുകള്‍ വിഹരിക്കുന്നയിടം. പത്തോ പതിനഞ്ചോ വര്‍ഷം വിചാരണാ തടവുകാരനായി ജീവിതത്തിന്റെ നല്ല ഭാഗം ജയിലില്‍ ഹോമിച്ച് ഒടുവില്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധിക്കുമ്പോള്‍ പൊട്ടിച്ചിരിക്കണോ പൊട്ടിക്കരയണോയെന്ന് കരുതാനാകാതെ ഒരുതരം വിഭ്രാന്തിയിലേക്ക് പോകുന്നവര്‍. സര്‍ക്കാറിന് അത്തരക്കാര്‍ക്ക് ഓട്ടോറിക്ഷ നല്‍കി കൈകഴുകാം. പക്ഷേ, നഷ്ടപ്പെട്ട സമയം, ജീവിതം, സന്തോഷം എങ്ങനെ തിരികെ നല്‍കും. ഈ പശ്ചാത്തലത്തിലാണ് ദത്തിന്റെ പരോളിനെ വായിക്കേണ്ടത്/ വിലയിരുത്തേണ്ടത്.