Connect with us

Kerala

മോട്ടോര്‍ വാഹന വകുപ്പില്‍ ജീവനക്കാരുടെ സംഘടനകള്‍ ഏറ്റുമുട്ടുന്നു

Published

|

Last Updated

തിരുവനന്തപുരം: പ്യൂണിന്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് മോട്ടോര്‍ വാഹന വകുപ്പില്‍ ജീവനക്കാരുടെ സംഘടനകള്‍ തമ്മിലുള്ള പോരിന് തീവ്രത കൂട്ടുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ഋഷിരാജ് സിംഗ് ചുമതലയേറ്റ ശേഷം മങ്ങിനിന്നിരുന്ന മിനിസ്റ്റീരിയില്‍, എക്‌സിക്യൂട്ടീവ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും ആരംഭിച്ചിട്ടുണ്ട്.
എട്ടാം ക്ലാസ് യോഗ്യത മാത്രം ആവശ്യമുള്ള പ്യൂണ്‍ തസ്തികയില്‍ ജോലിയില്‍ കയറിയ വ്യക്തിക്ക് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം നല്‍കിയത് നിയമം ലംഘിച്ചാണെന്ന് ആരോപിച്ചാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെകേ്ടഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുള്ളത്. വകുപ്പിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടനയും പുതിയ ഉത്തരവിനെ എതിര്‍ക്കുകയാണ്. വകുപ്പുതല സ്ഥാനക്കയറ്റത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുള്ളതെന്ന് ഇരു സംഘടനകളും അവകാശപ്പെടുന്നു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് നിലവില്‍ 25 ശതമാനം സംവരണം മിനിസ്റ്റീരിയല്‍ വിഭാഗത്തിനുണ്ട്. മെക്കാനിക്കല്‍ എന്‍ജിനിയറിംഗോ ഓട്ടോ മൊബൈല്‍ ഡിപ്ലോമയോ ആണ് അടിസ്ഥാന യോഗ്യത. വകുപ്പുതല പരീക്ഷകള്‍ എല്ലാം പാസായ മൂന്ന് വര്‍ഷം സര്‍വീസുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് വകുപ്പുതല സ്ഥാനക്കയറ്റത്തിന് അപേക്ഷിക്കാം. ഇത്തരക്കാരില്ലെങ്കില്‍ പി എസ് സി തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കണമെന്നാണ് ചട്ടം.
പ്യൂണിന് സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ ഈ ചട്ടങ്ങളെല്ലാം ലംഘിച്ചെന്നാണ് ആരോപണം ഉയരുന്നത്. വകുപ്പുതല പരീക്ഷകളും നിശ്ചിത വര്‍ഷത്തെ സര്‍വീസും വേണമെന്ന സ്‌പെഷ്യല്‍ റൂള്‍ പാലിച്ചിട്ടില്ല. വകുപ്പിലെ ഏറ്റവും താഴ്ന്ന തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച വ്യക്തിക്ക് കുറുക്കുവഴിയിലൂടെ ഗസറ്റഡ് തസ്തികയിലേക്ക് എത്താന്‍ കഴിയുമെന്നതാണ് ഇതിലെ പ്രധാന ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
മതിയായ യോഗ്യതകളില്ലാത്തവര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമുള്ള ജോയിന്റ് ആര്‍ ടി ഒ തസ്തികയില്‍ വരെ എത്തിപ്പറ്റുന്നുണ്ട്. പുത്തന്‍തലമുറ വാഹനങ്ങളെക്കുറിച്ചോ അവയുടെ സാങ്കേതികത്വത്തെക്കുറിച്ചോ പരിജ്ഞാനമില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് വകുപ്പുതല സ്ഥാനക്കയറ്റം ലഭിക്കുന്നുണ്ട്. പുത്തന്‍തലമുറ ആഡംബരക്കാറുകളിലെ ജാഗ്വാര്‍ എന്ന പ്രമുഖ ബ്രാന്‍ഡ് പോലും എന്താണെന്ന് അറിയാന്‍ കഴിയാത്തവര്‍ വരെ ഓഫീസ് മേധാവി ആയിട്ടുണ്ട്. നിലവാരമില്ലാത്ത സായാഹ്ന കോഴ്‌സുകളിലൂടെയാണ് മിക്കവരും മെക്കാനിക്കല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നേടുന്നത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അടിസ്ഥാന യോഗ്യത കാലാനുസൃതമായി ഉയര്‍ത്തിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ ബി ടെക്കാണ് അടിസ്ഥാന യോഗ്യത. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലും ബി ടെക്കായി അടിസ്ഥാന യോഗ്യത നിശ്ചയിക്കണമെന്ന് ടി പി സെന്‍കുമാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്നപ്പോള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. എന്നാല്‍ വകുപ്പിലെ ചില ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് മരവിപ്പിക്കുകയായിരുന്നു.