Connect with us

Gulf

കാസര്‍കോട് സ്വദേശി കൊല്ലപ്പെട്ട നിലയില്‍: കവര്‍ച്ചാ സംഘത്തെ തിരയുന്നു

Published

|

Last Updated

ദുബൈ: കാസര്‍കോട് ഉദുമ സ്വദേശിയെ ജോലി ചെയ്യുന്ന റസ്റ്റോറന്റിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉദുമ കാപ്പില്‍ മസ്ജിദിനു സമീപം പരേതനായ ഇബ്രാഹിം-ആമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ (27)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
റാശിദിയയില്‍ ദുബൈ എയര്‍പോര്‍ട്ടിന് സമീപം കണ്ണൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള അബൂഹൈല്‍’ റസ്റ്റോറന്റിനകത്താണ് ഹനീഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മൃതദേഹം കണ്ടത്. റസ്റ്റോറന്റിനു തൊട്ടടുത്ത് സൂപ്പര്‍മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാ ദിവസവും വൈകി റസ്റ്റോറന്റ് അടച്ചു പോകുന്നത് ഹനീഫയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞിട്ടും ഹനീഫയെ കാണാത്തതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ റസ്റ്റോറന്റില്‍ ചെന്ന് നോക്കിയപ്പോഴാണ് ഹനീഫയുടെ മൃതദേഹം ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നു പേരാണത്രെ കൊലപ്പെടുത്തിയത്. ഇവര്‍ റസ്റ്റോറന്റിനകത്ത് കയറുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്.
റസ്റ്റോറന്റ് അടച്ച് പോകാനൊരുങ്ങവെ ഹനീഫയുടെ പക്കലുണ്ടായിരുന്ന പണം അപഹരിക്കാനെത്തിയ സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഹനീഫയെ പിടികൂടി പണം ആവശ്യപ്പെടുന്നതും ഇവരോട് ഹനീഫ ചെറുത്ത് നില്‍ക്കുന്നതും തലപിടിച്ച് ഭിത്തിയിലടിക്കുന്നതും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കൊലയാളി സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. റസ്റ്റോറന്റില്‍ നിന്ന് 60,000 ദിര്‍ഹം നഷ്ടപ്പെട്ടിട്ടുണ്ട്.
കൊലയാളികള്‍ക്ക് വേണ്ടി ദുബൈ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രാത്രി വൈകി ഹനീഫ തനിച്ച് റസ്റ്റോറന്റ് പൂട്ടി പോകുന്ന വിവരം അറിയാവുന്നവരാണ് കൊലക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പാണ് ഹനീഫ ദുബൈയില്‍ ജോലിക്കെത്തിയത്. ഇതിനിടയില്‍ തന്നെ ഹനീഫ റസ്റ്റോറന്റ് ഉടമകളുടെ വിശ്വസ്തനായി മാറിയിരുന്നു. കണ്ണൂര്‍ സ്വദേശികളായ റസ്റ്റോറന്റ് ഉടമകളാണ് ഹനീഫ മരിച്ച വിവരം നാട്ടിലറിയിച്ചത്. മൃതദേഹം റാശിദിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വെള്ളിയാഴ്ച ആയതിനാല്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രണ്ട് ദിവസത്തിനുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഹോട്ടലുടമകള്‍ അറിയിച്ചു. മുഖംമൂടി ധരിച്ചാണ് സംഘം എത്തിയതെന്ന് പോലീസ് പറഞ്ഞു.
കുടുംബത്തിലെ ഏക ആണ്‍ തരിയാണ് മരിച്ച മുഹമ്മദ് ഹനീഫ. മാതാവും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. സഹോദരിമാര്‍: സാജിദ, ഫരീദ. കളനാട്ടെ ഫസലുദ്ദീന്‍, കുമ്പളയിലെ അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരാണ്. അഞ്ച് വര്‍ഷം മുമ്പ് പിതാവ് ഇബ്രാഹിം തീവണ്ടി തട്ടി മരിച്ചിരുന്നു. പിന്നീട് കുടുംബത്തിന്റെ ചുമതല ഏറ്റെടുത്താണ് ഹനീഫ ദുബൈയില്‍ എത്തിയത്. ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതനായത്.

Latest