Connect with us

Kerala

വയനാട്ടിലെ മുഴുവന്‍ അരിവാള്‍ രോഗികള്‍ക്കും സഹായം: മുഖ്യമന്ത്രി

Published

|

Last Updated

കല്‍പറ്റ: കല്‍പ്പറ്റ: വയനാട്ടിലെ മുഴുവന്‍ അരിവാള്‍ രോഗികള്‍ക്കും ധനസഹായം നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ അരിവാള്‍ രോഗബാധിതര്‍ക്കുള്ള ധനസഹായം ആദിവാസി വിഭാഗങ്ങള്‍ക്കു മാത്രമാണ് നല്‍കുന്നത്. ഇത് മറ്റു സമുദായത്തില്‍പ്പെട്ടവര്‍ക്കും നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇനി നടപ്പിലാക്കുന്ന ആദ്യത്തെ റയില്‍പാത നിലമ്പൂര്‍- നഞ്ചന്‍കോട് പാതയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാവിലെ ഒമ്പതു മണിക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിളാണ് ജനസമ്പര്‍ക്ക പരിപാടി നടക്കുന്നത്. വിജയകരമായി പരിപാടി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി പരിശോധിച്ച് തെരഞ്ഞെടുക്കപ്പെട്ട 246 പരാതികളാണ് മുന്‍കൂട്ടി നല്‍കിയിട്ടുള്ള സമയത്ത് മുഖ്യമന്ത്രി നേരിട്ട് പരിഗണിക്കുന്നത്. ഇതിനു പുറമെ, ഉച്ചഭക്ഷണത്തിനുള്ള ഇടവേളയായ ഒരു മണിമുതല്‍ രണ്ടു മണിവരെ പൊതുജനങ്ങളില്‍ നിന്ന് മുഖ്യമന്ത്രി നേരിട്ട് പരാതി സ്വീകരിച്ചിട്ടുണ്ട്. ഈ സമയം പരാതിക്കാര്‍ക്ക് മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ അവസരമുണ്ടാകില്ല. എന്നാല്‍ ആറ് മണിക്ക് ശേഷം മുഖ്യമന്ത്രി പൊതുജനങ്ങളില്‍ നിന്ന് പരാതി കേള്‍ക്കുകയും എഴുതി തയ്യാറാക്കിയ അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്യും.

പട്ടികവര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി, എം.ഐ.ഷാനവാസ് എം.പി, എം.എല്‍.എ.മാരായ എം.വി.ശ്രേയാംസ്‌കുമാര്‍, ഐ.സി.ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. പരാതിയില്‍ സ്വീകരിക്കുന്ന തീരുമാനം ഉടനെ ഉത്തരവായി പ്രിന്റ് ചെയ്ത് ഉദേ്യാഗസ്ഥര്‍ക്ക് നല്‍കും. ഇതനുസരിച്ചുള്ള നടപടികളും ഉണ്ടാകും.

വിപുലമായ സുരക്ഷാസന്നാഹങ്ങളും പരിപാടിയ്ക്കായി ഒരുക്കിയിട്ടുണ്ട്. കല്‍പ്പറ്റ മുതല്‍ കൈനാട്ടി വരെയുള്ള പ്രദേശത്ത് രാവിലെ മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകും. പൊതുജനങ്ങള്‍ക്കായി താല്‍ക്കാലിക ടോയ്‌ലറ്റ് സംവിധാനം, പ്രാഥമിക ശുശ്രൂഷ സൗകര്യം, എന്നിവയും ഒരുക്കിയിട്ടുണ്ട്.