Connect with us

Gulf

ദേശീയദിനാശംസാ കാര്‍ഡ് നിര്‍മിച്ച് ഗിന്നസ് ബുക്കില്‍

Published

|

Last Updated

അജ്മാന്‍: ആശംസാ കാര്‍ഡുകളുടെ കൂറ്റന്‍ പ്രതലം പണിത് അജ്മാന്‍ എമിറേറ്റ് ഗിന്നസ് ലോക റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ചു.
അജ്മാന്‍ കോര്‍ണിഷിലെ ഹോളിഡേ ബീച്ച് ഹോട്ടലിനടുത്താണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അധികൃതരുടെയും അജ്മാന്‍ ഗവ. ഉദ്യോഗസ്ഥരുടെയും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആള്‍ക്കാരുടെയും സാന്നിധ്യത്തില്‍ ആശംസാ കാര്‍ഡുകള്‍ കൊണ്ടുള്ള ലോകത്തെ ഏറ്റവും വലിയ പ്രതലം യാഥാര്‍ഥ്യമായത്. 117 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ളതാണ് പ്രതലം. അജ്മാന്‍ ടൂറിസം ഡവലപ്‌മെന്റ് വിഭാഗം ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് മിഡിലീസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക പ്രോജക്ട് മാനേജര്‍ സാമര്‍ ഖല്ലൂഫ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, സംഭവ സ്ഥലത്ത് സര്‍ട്ടിഫിക്കറ്റ് കൈമാറി.
യു എ ഇയുടെ 42-ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അജ്മാന്‍ ടൂറിസം ഡവലപ്‌മെന്റ് വിഭാഗമാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കാനുള്ള പരിപാടിക്കു നേതൃത്വം നല്‍കിയത്. പൊതു-സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥരും സ്വദേശികളും വിദേശികളുമടക്കം 4,000 പേര്‍ റെക്കോര്‍ഡ് ഉദ്യമത്തില്‍ പങ്കുകൊണ്ടു. ഏഴ് എമിറേറ്റുകളുടെ ഭരണാധികാരികളെ പ്രതിനിധീകരിച്ചുള്ള സ്പിരിറ്റ് ഓഫ് ദി യൂണിയന്‍ ചിത്രവും ദേശീയ പതാകയുമാണ് ഭീമന്‍ ആശംസാ പ്രതലത്തില്‍ ആലേഖനം ചെയ്തത്. 4000 കാര്‍ഡുകള്‍ ഇതിന് ഉപയോഗിച്ചു. ഈ വര്‍ഷം നവംബര്‍ നാലിന് ജപ്പാനിലെ ടൊമുകയിലുണ്ടായ റെക്കോര്‍ഡാണ് അജ്മാന്‍ തിരുത്തിയത്. അന്ന് 110 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലായിരുന്നു റെക്കോര്‍ഡ്.