Connect with us

Gulf

പരേഡില്‍ രാജ്യ സ്‌നേഹം അലയടിച്ചു

Published

|

Last Updated

ദുബൈ: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദുബൈയില്‍ നടന്ന പരേഡില്‍ രാജ്യസ്‌നേഹം അലയടിച്ചു. സ്പിരിറ്റ് ഓഫ് ദി യൂണിയന് അഭിവാദ്യമര്‍പ്പിച്ച് നിരവധി പേര്‍ പങ്കെടുത്തു. പ്ലോട്ടുകളും കുതിരപ്പോലീസും കലാപ്രകടനങ്ങളും അണിനിരന്നു.

അല്‍ ഐന്‍ ആഘോഷത്തില്‍
അല്‍ ഐന്‍: രാജ്യത്തിന്റെ നാല്പത്തി രണ്ടാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നഗരം ആഘോഷ തിമര്‍പ്പില്‍. ആഘോഷങ്ങള്‍ക്ക് നിറംപകര്‍ന്ന് സ്വദേശി യുവാക്കള്‍ സംഘടിപ്പിച്ച റോഡ്‌ഷോകള്‍ ശ്രദ്ധേയമായി. നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് അറബ് സാസ്‌കാരിക തനിമ വിളിച്ചോതി പരമ്പരാഗത നാടന്‍പാട്ടും അര്‍ബന മുട്ടും താളത്തിനൊത്ത ചുവട് വെപ്പുകളുമായി മണിക്കൂറുകള്‍ ചിലവഴിക്കുന്നു. അല്‍ ഐന്‍ മാളിനും പോസ്റ്റ്ഓഫീസിനു സമീപവും ഗാവയും ഈത്തപ്പഴവും ഒരുക്കിയ താല്‍ക്കാലിക ടെന്റുകളുമുണ്ട്. സ്വദേശികളും വിദേശികളും അടങ്ങുന്ന വന്‍ജനാവലിയാണ് ഓരോയിടത്തും സംഘത്തെ എതിരേല്‍ക്കുന്നത്. നഗരം വര്‍ണ പ്രകാശവും കൊടി തോരണങ്ങളും കൊണ്ട് നിറഞ്ഞു. വാഹനങ്ങളും അലങ്കരിച്ചു. പ്രധാന സര്‍ക്കാര്‍സ്ഥാപനങ്ങളും പ്രധാന പാതകളും റൗണ്ട് എബൗട്ടുകളും ദിവസങ്ങള്‍ക്ക് മുമ്പെ വര്‍ണത്തില്‍ മുങ്ങി. പ്രവാസി സംഘടനകളെല്ലാം തന്നെ ദേശീയ ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നുണ്ട്. ഐ സി എഫ്, ആര്‍ എസ് സി അല്‍ ഐന്‍ കമ്മിറ്റിയുടെ വിപുലമായ ആഘോഷ പരിപാടി ഇന്ന് (തിങ്കള്‍) വൈകുന്നേരം യൂണിവേഴ്‌സിറ്റി ഹാളില്‍ നടക്കും.
പ്രത്യേക പരിപാടി
ദുബൈ: 42-ാം ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇയെക്കുറിച്ചുള്ള പ്രത്യേക പരിപാടി “സ്പിരിറ്റ് ഓഫ് ദി യൂണിയന്‍” മാതൃഭൂമി ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്യും. ദേശീയ ദിനമായ ഇന്ന് (തിങ്കള്‍) യു എ ഇ സമയം ഉച്ച കഴിഞ്ഞ് മൂന്നിനും രാത്രി പത്തിനുമാണ് പരിപാടി. യു എ ഇയുടെ രൂപവത്കരണം മുതലുള്ള കാര്യങ്ങളാണ് സ്പിരിറ്റ് ഓഫ് ദി യൂണിയനില്‍ ഉള്ളത്. പ്രവാസികളായ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.

എന്‍ എസ് എസ്
ഷാര്‍ജ: ഷാര്‍ജയില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 42 മത് ദേശിയദിനാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ നടത്തി. പരിപാടിയോടനുബന്ധിച്ച് വിവിധ തരം കായിക കലാമത്സരങ്ങളും ഉണ്ടായിരുന്നു. മത്സര വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. ആഘോഷ പരിപാടിക്ക് പ്രസിഡന്റ് പ്രതാപാന്‍ നായര്‍, ജനറല്‍ സെക്രട്ടറി രഘുകുമാര്‍, ട്രഷറര്‍ സുജിത് മേനോന്‍, ആര്‍ട്‌സ് സെക്രട്ടറി ബിജു നായര്‍, മുന്‍ പ്രസിഡന്റ് വിഷ്ണു വിജയന്‍ വനിതാ സമാജം ഭാരവാഹികള്‍ നേതൃത്വം നല്‍കി.

കെ ഡി പി എ
ദുബൈ: യു എ ഇയുടെ 42 ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന്‍ (കെ ഡി പി എ) സെമിനാറും ഐക്യ ദാര്‍ഡ്യ പ്രതിജ്ഞയും നടത്തി. ഇന്തോ-യു എ ഇ സുദീര്‍ഘ സൗഹൃദം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള കാലാന്തരങ്ങളായുള്ള സുദൃഡ സൗഹൃദ ബന്ധത്തിന്റെ ഓര്‍മപുതുക്കലായി.
ഇന്ത്യന്‍ പ്രവാസ സമൂഹത്തിനു മറ്റേതു രാഷ്ട്രങ്ങളെക്കാളും സൗകര്യങ്ങളും സേവനങ്ങളും നല്‍കുന്ന യു എ ഇ സമൂഹത്തോടും ഭരണകര്‍ത്താക്കളോടും ഇന്ത്യന്‍ സമൂഹം എന്നും നന്ദിയുള്ളവരായിരിക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ലേബര്‍ കോണ്‍സുല്‍ മോഹനന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ നാസര്‍ ബേപ്പൂര്‍ വിഷയം അവതരിപ്പിച്ചു. ഇന്ത്യയും യു എ ഇ യും തമ്മിലുള്ള സുദൃഢ ബന്ധത്തിന്റെയും സ്‌നേഹ ബന്ധത്തിന്റെയും മകുടോദാഹരണമായിരുന്നു യു എ ഇ രാഷ്ട്ര പിതാവായിരുന്ന ശൈഖ് സായിദ് നിര്യാതനായ അവസരത്തില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ പോലും വിലപിച്ചത് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് തങ്ങളുടെ മാതൃ രാഷ്ട്രത്തിന് തുല്യമായ സ്വതന്ത്ര്യമാണ് യു എ ഇ ഭരണകര്‍ത്താക്കള്‍ നല്‍കുന്നതെന്നും ആ സ്വാതന്ത്ര്യത്തിന് നമ്മള്‍ നന്ദിയുള്ളവരായിരിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ പുന്നക്കന്‍ മുഹമ്മദാലി അഭിപ്രായപ്പെട്ടു.
കെ ഡി പി എ പ്രസിഡന്റ് രാജന്‍ കൊളാവിപാലം അധ്യക്ഷത വഹിച്ചു. ഒമാന്‍ എയര്‍ കോഴിക്കോട് റീജനല്‍ മാനേജര്‍ കെ കെ നായര്‍ വിശിഷ്ടാതിഥിയായിരുന്നു.
മോഹന്‍ എസ് വെങ്കിട്ട്, ഷീല പോള്‍, നാരായണന്‍ വെളിയങ്കോട്, അബ്ദുല്ലക്കുട്ടി, ഹനീഫ എവറസ്റ്റ്, സുരേന്ദ്ര കുറുപ്പ്, ഹാഷിം പുന്നക്കല്‍, ശിവപ്രസാദ്, കെ എം ബശീര്‍, നാസര്‍ പരദേശി, ജന. സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ്, ജമീല്‍ ലത്തീഫ് സംസാരിച്ചു. സി എച്ച് അബൂബക്കര്‍ ദുബൈ എക്‌സ്‌പോ 2020 ആശംസ കൈമാറി. ആതിര ആനന്ദ് യു എ ഇ ദേശീയ ഗാനം ആലപിച്ചു. കോണ്‍സുല്‍ മോഹനന്റെ നേതൃത്വതത്തില്‍ ഇന്തോ-യു എ ഇ സൗഹൃദ ഐക്യദാര്‍ഢ്യ പ്രതിജ്ഞയുമെടുത്തു.

Latest