Connect with us

Kozhikode

മണല്‍ ഖനനം നിരോധിച്ചിട്ടും അനധികൃത വാരലിന് കുറവില്ല

Published

|

Last Updated

നരിക്കുനി: സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രൈബൂണലിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം ലഭിച്ചതോടെ മണല്‍മാഫിയകള്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്. ഇതോടെ സാധാരണക്കാരായ ആളുകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മണല്‍ കിട്ടാതെ പ്രയാസപ്പെടുകയാണ്. കടവുകളില്‍ ഔദ്യോഗിക മണല്‍ ഖനനം നിരോധിച്ചെങ്കിലും മാഫിയകള്‍ക്ക് സൗകര്യപ്രദമായി സമാന്തര കടവുകളില്‍ നിന്ന് മണല്‍ ലഭ്യമാണ്.
രാത്രിയില്‍ അശാസ്ത്രീയമായി ഖനനം ചെയ്ത് പുലര്‍ച്ചെയാണ് ഇത്തരം മണല്‍ ലോറികളില്‍ കടത്തുന്നത്. നരിക്കുനിയില്‍ ബാലുശ്ശേരി ഭാഗത്തേക്ക് പുലര്‍ച്ചെയുള്ള ലോറികളുടെയും രാവിലെ എട്ടിനു ശേഷം തിരിച്ച് ലോഡില്ലാതെ പോകുന്ന ലോറികളുടെയും ബാഹുല്യം സൂചിപ്പിക്കന്നത് ഇതാണ്. പണ്ടാരപറമ്പ്- പൊയില്‍ താഴം റോഡിലൂടെയും ടിപ്പര്‍ ലോറികളുടെ ഒഴുക്കേറെയാണ്.
എണ്ണിയാലൊടുങ്ങാത്തത്ര ലോറികളാണ് ഇങ്ങനെ പ്രവഹിക്കുന്നതെന്ന് സമീപവാസികള്‍ പറയുന്നു.
പോലീസോ മറ്റ് ഉദ്യോഗസ്ഥരോ പരിശോധനക്കിറങ്ങാത്ത സമയം ഉറപ്പു വരുത്തുകയാണ് മാഫിയ സംഘം. സാധാരണക്കാര്‍ക്ക് ഓണ്‍ലൈനിലൂടെ കിട്ടേണ്ട മണലാണ് ഇതുമൂലം നഷ്ടമാകുന്നത്. സര്‍ക്കാര്‍ പദ്ധതിയനുസരിച്ചും അല്ലാതെയും നിര്‍മാണത്തിലിരിക്കുന്ന ധാരാളം വീടുകളുടെ പണി പാതി വഴിയിലാകുന്നതിനു കാരണമാകുന്ന അവസ്ഥയിലാണ് ഇപ്പോള്‍. ഗവണ്‍മെന്റിലേക്ക് പലവിധത്തില്‍ എത്തേണ്ട പണം നഷ്ടമാകുന്നതിനു പുറമെ മണല്‍ വിലയുടെ മൂന്നും നാലും ഇരട്ടി തുക നല്‍കേണ്ട ഗതികേടിലാണ് ഉപഭോക്താക്കള്‍.
അനധികൃത വാരലിനും കടത്തിനും നിയന്ത്രണമേര്‍പ്പെടുത്താതെ മണല്‍ ഖനനം നിര്‍ത്തുന്നത് ഉചിതമല്ലെന്ന് നിര്‍മാണപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ പരാതിപ്പെടുന്നു. ഔദ്യോഗിക മണല്‍ ഖനനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശമില്ലെങ്കിലും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഉണ്ടായ ആശയക്കുഴപ്പമാണ് ഈ പ്രതിസന്ധി ഉടലെടുക്കാന്‍ കാരമായതെന്ന് അറിയുന്നു.

Latest