Connect with us

Kozhikode

ഹര്‍ത്താലില്‍ ജില്ല നിശ്ചലം

Published

|

Last Updated

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. റോഡില്‍ തടസ്സം സൃഷ്ടിച്ച ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചുനിര്‍ത്തിയാല്‍ ജില്ലയില്‍ എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ഏതാണ്ടെല്ലാ പ്രദേശങ്ങളിലും സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെടെ ഹാര്‍ത്താലിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച അവസ്ഥയായിരുന്നു. അപൂര്‍വം ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.

ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളില്‍ ഹര്‍ത്താല്‍ ബന്ദിന്റെ പ്രതീതി ജനിപ്പിച്ചു. വിവാഹ സംഘങ്ങള്‍, ശബരിമല തീര്‍ഥാടകര്‍, ആശുപത്രി, പാല്‍, പത്രം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ ദീര്‍ഘദുര ബസുകളും അന്യസംസ്ഥാന ബസുകളും ജില്ലയില്‍ സര്‍വീസ് നടത്തിയില്ല. കെ എസ് ആര്‍ ടി സി പോലീസിന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ജില്ലയില്‍ നടന്ന മലയോര ഹര്‍ത്താലില്‍ വ്യാപകമായി പോലീസ് വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതിനാല്‍ കെ എസ് ആര്‍ ടി സിക്ക് സര്‍വീസ് നടത്താനായി പോലീസ് വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഹര്‍ത്താല്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നതിനാല്‍ ഇന്നലെ വഴിയില്‍ കുടുങ്ങിയ യാത്രക്കാരും കുറവായിരുന്നു.
നഗരത്തിലെ തിരക്കേറിയ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ്, പാളയം ബസ് സ്റ്റാന്‍ഡ്, വലിയങ്ങാടി, പാളയം മാക്കറ്റ്, മിഠായിത്തെരുവ്, മാവൂര്‍ റോഡ്, മേലേ പാളയം തുടങ്ങിയ പ്രദേശങ്ങള്‍ ഹര്‍ത്താലിനെ തുടര്‍ന്ന് വിജനമായി.
ഹര്‍ത്താലിന് അനുഭാവം പ്രകടിപ്പിച്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. നഗരത്തില്‍ മുതലക്കുളത്ത് നിന്നും ആരംഭിച്ച പ്രകടനം കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, സി പി ഐ ജില്ലാ സെക്രട്ടറി ഐ വി ശശാങ്കന്‍ സംസാരിച്ചു. പ്രകടനത്തിന് എല്‍ ഡി എഫ് നേതാക്കളായ ഇ സി സതീശന്‍, പി കെ നാസര്‍, എം മുഹമ്മദ് ബഷീര്‍, വേലുക്കണ്ടി ദാസന്‍, അബ്ദുല്‍ മനാഫ്, പി ടി ആസാദ്, സുനില്‍ സിംഗ്, ടി പി ദാസന്‍, സി പി ഹമീദ്, കാനങ്ങോട്ട് ഹരിദാസന്‍ നേതൃത്വം നല്‍കി.
പേരാമ്പ്ര: ഹര്‍ത്താല്‍ പേരാമ്പ്രയിലും മലയോര മേഖലകളിലും പൂര്‍ണം. സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങളും പൂര്‍ണമായി അടഞ്ഞുകിടന്നു. കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, കുളത്തുവയല്‍, ചെമ്പ്ര, പന്തിരിക്കര, കടിയങ്ങാട്, കൂത്താളി, അഞ്ചാംപീടിക, മേപ്പയ്യൂര്‍ എന്നിവിടങ്ങളിലും സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല.
കുറ്റിയാടിയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. എങ്ങും അനിഷ്ട സംഭവങ്ങളുണ്ടായില്ല.
താമരശ്ശേരി: തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്തുകളില്‍ വില്ലേജ്, പഞ്ചായത്ത് ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകള്‍ മിക്കതും അടഞ്ഞുകിടന്നു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഹാജര്‍നില കുറവായിരുന്നു. കെ എസ് ആര്‍ ടി സിയുടെ താമരശ്ശേരി, തിരുവമ്പാടി ഡിപ്പോകളില്‍ നിന്ന് സര്‍വീസുകളൊന്നും നടത്തിയില്ല.
പന്നൂര്‍ അങ്ങാടിയില്‍ കയ്യലിക്കല്‍ അബ്ദുസ്സലാമിന്റെ മില്‍മ ഏജന്‍സി കടക്ക് നേരെ അക്രമം. വിവാഹ വീട്ടിലേക്ക് തൈര് നല്‍കാന്‍ തുറന്ന കട അടക്കുന്നതിനിടെ അഞ്ചോളം പേര്‍ എത്തി സോഡാകുപ്പികളും കോയിന്‍ ടെലിഫോണും തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പന്നൂരില്‍ പ്രകടനം നടത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
മുക്കം: മുക്കം, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. മുക്കത്ത് തുറന്ന് പ്രവര്‍ത്തിച്ചിരുന്ന സര്‍വീസ് സഹകരണ ബേങ്ക്, ഫെഡറല്‍ ബേങ്ക് എന്നിവ സമരക്കാര്‍ അടപ്പിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ ഒന്നും പ്രവര്‍ത്തിച്ചില്ല. മാവൂര്‍-കെട്ടാങ്ങല്‍ റോഡില്‍ പച്ചക്കറി കച്ചവടം നടത്തിയത് സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞു. പച്ചക്കറികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞത് സംഘര്‍ഷത്തിന് കാരണമായി.
നരിക്കുനി: നരിക്കുനി മേഖലയില്‍ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. ഇരുചക്ര വാഹനങ്ങളും അടിയന്തര ആവശ്യങ്ങളുമായി സ്വകാര്യ വാഹനങ്ങളും മാത്രമേ നിരത്തിലിറങ്ങിയുള്ളൂ. മേഖലയില്‍ അനിഷ്ട സംഭവങ്ങളൊന്നുമില്ല. നരിക്കുനി, പുല്ലാളൂര്‍, കുരുവട്ടൂര്‍, മടവൂര്‍, കാക്കൂര്‍, നന്മണ്ട, ചേളന്നൂര്‍, എരവന്നൂര്‍, പാലത്ത്, പറമ്പില്‍ ബസാര്‍ എന്നിവിടങ്ങളിലെല്ലാം ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.

Latest