Malappuram
ജില്ലാ സ്കൂള്‍ കലോത്സവം ജനുവരി അഞ്ച് മുതല്‍ ഒമ്പത് വരെ വേങ്ങരയില്‍
വേങ്ങര: ജില്ലാ സ്കൂള്‍ കലോത്സവം ജനുവരി അഞ്ച് മുതല്‍ ഒന്‍പത് വരെ വേങ്ങര ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. പതിനേഴ് ഉപജില്ലകളില്‍ നിന്നുള്ള ഒന്നാം സ്ഥാനക്കാരും അപ്പീലിലൂടെ അര്‍ഹത നേടിയവരുമാണ് ജില്ലാ കലോത്സവത്തില്‍ മാറ്റുരക്കുന്നത്.
അറബിക് കലോത്സവം, സംസ്കൃതോത്സവം തുടങ്ങിയവയും മേളയില്‍ നടക്കും. വേങ്ങര ബോയ്സ് ഹൈസ്കൂളിന് പുറമെ സമീപത്തെ സ്കൂളുകളിലും ആവശ്യമായ വേദികളൊരുക്കും.
പന്ത്രണ്ട് വേദികളാണ് ഉണ്ടാവുക. ഡിസംബറില്‍ കലോത്സവം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും ചില പരീക്ഷകള്‍ കണക്കിലെടുത്താണ് ജനുവരിയിലേക്ക് മാറ്റിയത്. വേങ്ങരയിലേക്ക് കടന്നുവരുന്ന മേളയെ സ്വീകരിക്കാന്‍ ജനകീയ തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. ഇന്നലെ സ്കൂളില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ പരിപാടിയുട വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു ഉദ്ഘാടനം ചെയ്തു. ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്ലു അധ്യക്ഷത വഹിച്ചു.