Connect with us

Gulf

നിതാഖാത്ത്: ഇളവ് അവസാനിക്കാന്‍ മണിക്കൂറുകള്‍ രേഖകള്‍ ശരിയാക്കാതെ ഒന്നര ലക്ഷത്തിലേറെ മലയാളികള്‍

Published

|

Last Updated

tharheel outside counter day before yesterdayജിദ്ദ: നിതാഖാത് നടപ്പാക്കുന്നതിന് അനുവദിച്ച ഇളവ് സമയത്തില്‍ അവശേഷിക്കുന്നത് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യക്കാരടക്കം എത്ര വിദേശികള്‍ ഇനിയും പദവി ശരിയാക്കാന്‍ ശേഷിക്കുന്നുണ്ടെന്ന യഥാര്‍ഥ കണക്ക് സഊദി അധികൃതര്‍ പുറത്തു വിടാനിരിക്കുന്നേ ഉള്ളൂ. എന്നാല്‍, ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റെ കണക്കു പ്രകാരം പന്ത്രണ്ട് ലക്ഷത്തോളം പേര്‍ പദവി ശരിയാക്കിക്കഴിഞ്ഞു. 78,000 ത്തോളം പേര്‍ രാജ്യം വിടുകയും ചെയ്തു. നാല് ലക്ഷത്തോളം പേര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിയിട്ടുണ്ട്. നാല് ലക്ഷത്തോളം പേര്‍ പ്രൊഫഷന്‍ മാറുകയും നാല് ലക്ഷം പേര്‍ വിസ പുതുക്കുകയും ചെയ്തതിട്ടുണ്ട്. ഇതുപ്രകാരം പന്ത്രണ്ട് ലക്ഷം ഇന്ത്യക്കാര്‍ പദവി ശരിയാക്കിയെന്നാണ് ഡി എസി എം പറയുന്നത്.
എന്നാല്‍, രേഖകള്‍ ശരിയാക്കാന്‍ രണ്ടര ലക്ഷത്തിന് മുകളില്‍ ഇന്ത്യക്കാര്‍ ഇനിയും ശേഷിക്കുന്നുണ്ടെന്നാണ് വസ്തുത. സ്‌പോണ്‍സര്‍ഷിപ്പ് മാറിയവര്‍ തന്നെ പ്രെഫഷന്‍ മാറിയവരിലുമുണ്ടാകും. അങ്ങനെ വരുമ്പോള്‍ നയതന്ത്ര കാര്യാലയത്തിന്റെ കണക്കുകള്‍ ശരിയാകാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. ഹുറൂബ് ഇരകളില്‍ ഭൂരിഭാഗവും ഹുറൂബുകാരായി തന്നെ തുടരുകയാണ്. നാല് ലക്ഷം ഹുറൂബുകാരാണ് വിസ ശരിപ്പെടുത്താന്‍ ശേഷിക്കുന്നത്. അതില്‍ ലക്ഷം പേരെങ്കിലും ഇന്ത്യക്കാരാണ്. ഹുറൂബുകാരടക്കം ഒന്നര ലക്ഷത്തിന് മുകളില്‍ മലയാളികള്‍ ഇപ്പോഴും സഊദിയില്‍ രേഖകള്‍ ശരിയാക്കാത്തവരായി തുടരുന്നുണ്ട്.
അതിനിടെ, സ്വദേശങ്ങളിലേക്ക് ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നതിന് വിരലടയാളം രേഖപ്പെടുത്തുന്നതിനുള്ള സമയപരിധി ഈ മാസം മൂന്ന് വരെ നീട്ടി നല്‍കി. ആയിരക്കണക്കില്‍ വിദേശികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിരലടയാളം നല്‍കുന്നതിനായി ജിദ്ദ തര്‍ഹീല്‍ കേന്ദ്രത്തിലെത്തിയത്. മൂന്നിനകം വിരലടയാളം നല്‍കുന്നവര്‍ക്ക് ഇളവു കാലാവധി കഴിഞ്ഞാലും ഫൈനല്‍ എക്‌സിറ്റ് നല്‍കുമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുതല്‍ കര്‍ശന പരിശോധനകള്‍ക്ക് ആഭ്യന്തര, തൊഴില്‍ മന്ത്രാലയം തയ്യാറെടുത്തു കഴിഞ്ഞു. രാജ്യത്തെ പതിമൂന്ന് മേഖലകളില്‍ ഒരേസമയം പരിശോധന നടക്കും. സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനക്ക് തൊഴില്‍ മന്ത്രാലയവും പൊതുനിരത്തുകളിലെ പരിശോധനക്ക് ആഭ്യന്തര മന്ത്രാലയവും നേതൃത്വം കൊടുക്കും. അതേസമയം, രേഖകള്‍ ശരിപ്പെടുത്തുന്ന പ്രക്രിയ തീര്‍ന്നിട്ടില്ലാത്തതിനാല്‍ ഇളവു കാലം നീട്ടി നല്‍കണമെന്ന് ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ സഊദി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest